പ്രവാചകനെതിരായ പരാമര്‍ശം; ടൈംസ് നൗ അവതാരക നവിക കുമാറിനെതിരായ അറസ്റ്റ് തടഞ്ഞ് സുപ്രിംകോടതി
നൂപുർ ശർമ്മ വിവാദവുമായി ബന്ധപ്പെട്ട് ടൈംസ് നൗ അവതാരക നവിക കുമാറിന് അറസ്റ്റില്‍ നിന്ന് ഇടക്കാല സംരക്ഷണം നല്‍കി സുപ്രിംകോടതി ഉത്തരവ്. വിവിധ സംസ്ഥാനങ്ങളില്‍ രജിസ്റ്റര്‍ ചെയ്ത ഒന്നിലധികം കേസുകള്‍ക്കെതിരെ നവിക കുമാര്‍ നല്‍കിയ ഹര്‍ജി പരിഗണിച്ചാണ് കോടതി ഇടപെടല്‍. ജസ്റ്റിസുമാരായ കൃഷ്ണ മുരാരിയും ഹിമ കോഹ്ലിയും അടങ്ങുന്ന ബഞ്ചാണ് ഉത്തരവിട്ടത്.
മെയ് 26 ന് നവിക കുമാര്‍ അവതാരകയായ ചര്‍ച്ചയിലാണ് ബിജെപി മുന്‍ വക്താവ് നുപൂര്‍ ശര്‍മ്മ പ്രവാചക നിന്ദാ പരാമര്‍ശം നടത്തിയത്. ഇത് നിരവധി മുസ്ലിം ഭൂരിപക്ഷ രാജ്യങ്ങളില്‍ നിന്നുള്ള നയതന്ത്ര തിരിച്ചടികളുള്‍പ്പെടെ രാജ്യത്തിനകത്തും പുറത്തും കടുത്ത വിമര്‍ശനങ്ങള്‍ക്കിടയാക്കിയിരുന്നു. ഇതേ തുടര്‍ന്ന് ബിജെപി നുപൂര്‍ ശര്‍മ്മയെ പുറത്താക്കുകയും ചെയ്തു. നുപൂര്‍ ശര്‍മ്മയ്ക്കു പുറമേ ചര്‍ച്ച നയിച്ച നവിക കുമാറിനെതിരെയും പല കോണുകളില്‍ നിന്നും വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ദുര്‍ബല സമൂഹങ്ങളെ ലക്ഷ്യം വെച്ച് ചാനലുകള്‍ മനപ്പൂര്‍വ്വം സാഹചര്യമൊരുക്കുകയാണെന്ന് ഒരു ചാനലിന്റെയും പേരു പറയാതെ എഡിറ്റേഴ്‌സ് ഗില്‍ഡ് ഓഫ് ഇന്‍ഡ്യ പ്രസ്താവനയിറക്കിയിരുന്നു.
തുടര്‍ന്ന് ഡല്‍ഹി, ജമ്മു കാശ്മീര്‍, പശ്ചിമ ബംഗാള്‍ തുടങ്ങി വിവിധ സംസ്ഥാനങ്ങളില്‍ നവിക കുമാറിനെതിരെ നിരവധി കേസുകളെടുത്തു. കേസ് റദ്ദാക്കാനും വിവിധയിടങ്ങളിലെ കേസുകള്‍ ഒരു സംസ്ഥാനത്തേക്ക് മാറ്റാനും ആവശ്യപ്പെട്ട് നവിക കുമാര്‍ സുപ്രീം കോടതിയെ സമീപിച്ചിരുന്നു.
നവികയ്ക്ക് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ മുകുള്‍ റോഹ്തഗി ചര്‍ച്ചയില്‍ അവതാരകയായ നവിക കുമാര്‍ പ്രവാചകനെതിരെ ഒന്നും പറഞ്ഞില്ലെന്നു വാദിച്ചു. ഗ്യാന്‍വ്യാപി പള്ളിയെക്കുറിച്ചുള്ള ചർച്ചയിലെ രംഗം തണുപ്പിക്കാനുള്ള ഇടപെടല്‍ മാത്രമാണ് നവിക നടത്തിയതെന്ന് റോഹ്‍തഗി ചൂണ്ടിക്കാട്ടിയെന്നും 'ബാർ ആന്‍ഡ് ബഞ്ച്' റിപ്പോർട്ട് ചെയ്യുന്നു.
അറസ്റ്റില്‍ നിന്ന് ഇടക്കാല സംരക്ഷണം നല്‍കിയതിന് പുറമേ കേസ് രണ്ടാഴ്ചക്കുള്ളില്‍ കൂടുതല്‍ വാദം കേള്‍ക്കുന്നതിനു മുമ്പ് പശ്ചിമബംഗാളിനും കേസിലെ മറ്റു പ്രതികള്‍ക്കും കോടതി നോട്ടീസ് അയച്ചു. പശ്ചിമ ബംഗാള്‍ സർക്കാരിന് കേസിലുള്ള പ്രത്യേക താല്‍പര്യത്തെയും റോഹ്തഗി ചോദ്യം ചെയ്തു.എന്നാല്‍ നവിക കുമാറിനെതിരായ നടപടികള്‍ നിര്‍ത്തിവെക്കണമെന്ന റോഹ്തഗിയുടെ ആവശ്യം കോടതി അംഗീകരിച്ചില്ല.മറ്റു പ്രതികള്‍ കോടതിയില്‍ ഹാജരായാല്‍ തുടർ നടപടികളിലേക്ക് കടക്കുമെന്ന് കോടതി വ്യക്തമാക്കി.
നേരത്തെ തനിക്കെതിരായ എഫ്‌ഐആറുകള്‍ ഒരുമിപ്പിക്കണമെന്നാവശ്യപ്പെട്ട് നുപൂര്‍ ശര്‍മ്മ ജൂലൈ ഒന്നിന് കോടതിയെ സമീപിച്ചിരുന്നു. അന്ന് ജസ്റ്റിസ് സൂര്യകാന്ത്, ജെ.പി പര്‍ദീവാല എന്നിവരടങ്ങിയ ബഞ്ച് രൂക്ഷമായ ഭാഷയിലാണ് നൂപൂർ ശർമയെ വിമർശിച്ചത്. രാജ്യത്ത് സംഭവിച്ച് കൊണ്ടിരിക്കുന്ന കാര്യങ്ങള്‍ക്ക് നുപൂര്‍ ശര്‍മ മാത്രമാണ് ഉത്തരവാദിയെന്നായിരുന്നു കോടതി പരാമർശം.