ശശി തരൂർ
ശശി തരൂർ

'കോൺഗ്രസിന് ഔദ്യോഗിക സ്ഥാനാർത്ഥിയില്ല'; ഗാന്ധി കുടുംബത്തിന്റെ ഉറപ്പ് ലഭിച്ചിട്ടുണ്ടെന്ന് തരൂർ

ഒരു സ്ഥാനാർത്ഥിയേയും പിന്തുണക്കില്ലെന്ന് ഉറപ്പ് നല്‍കിയിട്ടുണ്ടെന്ന് തരൂർ
Updated on
1 min read

കോൺഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പില്‍ ഹൈക്കമാന്‍ഡിന്റെ ഔദ്യോഗിക സ്ഥാനാർത്ഥിയുണ്ടാകില്ലെന്ന ഉറപ്പ് ലഭിച്ചിട്ടുണ്ടെന്ന് ശശി തരൂർ. മാതൃഭൂമി ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് തരൂരിന്റെ വെളിപ്പെടുത്തല്‍. ഹൈക്കമാന്‍ഡ് നിഷ്പക്ഷമായിരിക്കുമെന്ന് ഗാന്ധികുടുംബം ഉറപ്പ് നല്‍കിയിട്ടുണ്ടെന്നാണ് തരൂർ വ്യക്തമാക്കുന്നത്. ഒരു സ്ഥാനാർത്ഥിയേയും പിന്തുണക്കില്ലെന്ന് ഉറപ്പ് നല്‍കിയിട്ടുണ്ടെന്ന് തരൂർ അഭിമുഖത്തില്‍ പറഞ്ഞു.

മത്സരരംഗത്തിറങ്ങിയത് പിന്നാലെ സോണിയാ ഗാന്ധിയേയും രാഹുല്‍ ഗാന്ധിയേയും കണ്ട ശേഷം ചർച്ചയായ വിഷയങ്ങള്‍ പുറത്തുപറയില്ലെന്നായിരുന്നു തരൂർ പ്രതികരിച്ചത്. എന്നാല്‍, ഹൈക്കമാന്‍ഡ് നിഷ്പക്ഷമായിരിക്കുമോയെന്ന ചോദ്യത്തിന് സോണിയയും രാഹുലും പ്രിയങ്കയും കഴിഞ്ഞ രണ്ടാഴ്ചകളില്‍ പലവട്ടം തന്നോട് നടത്തിയ സംഭാഷങ്ങളില്‍, അക്കാര്യത്തില്‍ വ്യക്തത വരുത്തിയിട്ടുണ്ടെന്നാണ് തരൂർ അഭിമുഖത്തില്‍ പറയുന്നത്. 'മത്സരം സ്വാഗതം ചെയ്യുകയും പല സ്ഥാനാർത്ഥികളും കളത്തിലിറങ്ങട്ടെയെന്നുമുള്ള അഭിപ്രായമാണ് ഗാന്ധി, നെഹ്റു കുടുബത്തിനുള്ളത്. എന്നാല്‍, ഒരാളെയും പ്രത്യക്ഷമായോ പരോക്ഷമായോ പിന്തുണക്കുന്നില്ലെന്ന് ഉറപ്പ് തന്നിട്ടുണ്ട്'. ഈ ഉറപ്പുകളെ സന്തോഷത്തോടെ സ്വീകരിക്കുന്നെന്നാണ് തരൂരിന്റെ പ്രതികരണം.

രാഹുല്‍ ഗാന്ധി മത്സരത്തിനില്ലെന്ന് ഉറപ്പിച്ച് ജി-23 നേതാക്കള്‍ കളത്തിലിറങ്ങിയപ്പോള്‍ മനീഷ് തിവാരിക്കും ശശി തരൂരിനും ഒരേപോലെയാണ് സാധ്യത കല്‍പ്പിക്കപ്പെട്ടിരുന്നത്. പിന്നീട്, തരൂർ മാത്രമായി ചിത്രത്തില്‍. തിവാരിയെ പോലെ ഗാന്ധികുടുംബ വിരുദ്ധത തനിക്കില്ലെന്ന സന്ദേശം ആദ്യഘട്ടം മുതല്‍ തരൂർ നല്‍കിയിരുന്നു. പിന്നാലെ, ഡല്‍ഹിയിലെത്തി സോണിയ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തുകയും ജോഡോ യാത്രക്കിടെ രാഹുലിനെ കാണുകയും ചെയ്തു. ജി-23 നേതാക്കളില്‍ ഭിന്നത വെളിവായതോടെ അവർ ഔദ്യോഗിക സ്ഥാനാർത്ഥിയെ നിർത്തുമെന്നാണ് ഒടുവില്‍ പുറത്തുവരുന്ന വിവരം. മനീഷ് തിവാരി മത്സരിക്കുമെന്നാണ് സൂചനകള്‍.

അതേസമയം, ജി-23 യുടെ സ്ഥാനാർത്ഥിയായല്ല മത്സരിക്കുന്നതെന്ന് തരൂർ വ്യക്തമാക്കുന്നുണ്ട്. അവരുടെ പിന്തുണ തേടിയിട്ടില്ലെന്നും തരൂർ അഭിമുഖത്തില്‍ പറഞ്ഞു. പാർട്ടിയെ ശക്തിപ്പെടുത്തുകയാണ്, തകർക്കുകയല്ല തന്റെ സ്ഥാനാർത്ഥിത്വത്തിന്റെ ലക്ഷ്യമെന്നും തരൂർ പ്രതികരിച്ചു.

logo
The Fourth
www.thefourthnews.in