മോദിയുടെ മൻ കീ ബാത്ത് @100... എത്ര പേർ കേൾക്കുന്നുണ്ട്? പഠന റിപ്പോർട്ടിൽ പറയുന്നത് ഇങ്ങനെ

മോദിയുടെ മൻ കീ ബാത്ത് @100... എത്ര പേർ കേൾക്കുന്നുണ്ട്? പഠന റിപ്പോർട്ടിൽ പറയുന്നത് ഇങ്ങനെ

ഇന്ത്യൻ ജനസംഖ്യയുടെ അഞ്ചിൽ മൂന്നു പേരും മൻ കി ബാത്ത് കേൾക്കുന്നില്ലെന്ന് പഠനം.
Updated on
2 min read

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മൻ കി ബാത്ത് നൂറാം എപ്പിസോഡിലെത്തുമ്പോള്‍, സംപ്രേഷണം കേൾക്കാൻ ആളില്ലെന്ന് പഠനം. രാജ്യത്ത് എത്ര പേരാണ് മൻ കി ബാത്ത് കേൾക്കുന്നതെന്ന് സെന്റർ ഫോർ ദി സ്റ്റഡി ഓഫ് ഡെവലപ്പിങ് സൊസൈറ്റീസ് (സിഎസ്ഡിഎസ്) നടത്തിയ പഠനത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. സാമൂഹ്യ ശാസ്ത്രജ്ഞരായ സഞ്ജയ് കുമാർ, സുഹാസ് പാൽഷികർ, സന്ദീപ് ശാസ്ത്രി എന്നിവരെ ഉപദേശകരായി ഉൾപ്പെടുത്തിയാണ് പഠനം നടത്തിയത്. ഇവർ പ്രസിദ്ധീകരിച്ച 'മീഡിയ ഇൻ ഇന്ത്യ: ആക്‌സസ്, പ്രാക്ടീസ്, കൺസൺസ് ആൻഡ് ഇഫക്‌ട്‌സ്' എന്ന പഠനത്തിൽ, ഇന്ത്യൻ ജനസംഖ്യയുടെ അഞ്ചിൽ മൂന്നു പേരും പ്രധാനമന്ത്രിയുടെ റേഡിയോ പ്രസംഗം കേട്ടിട്ടില്ലെന്നാണ് കണ്ടെത്തൽ. കഴിഞ്ഞ നവംബറിലാണ് പഠനം പുറത്തുവിട്ടത്.

2021-22 കാലത്ത് മോദിയുടെ മൻ കി ബാത്ത് ശ്രവിച്ചവരുടെ കണക്ക്
2021-22 കാലത്ത് മോദിയുടെ മൻ കി ബാത്ത് ശ്രവിച്ചവരുടെ കണക്ക് Courtesy - CSDS

നൂറാം എപ്പിസോഡിനോടനുബന്ധിച്ച്, മൻ കി ബാത്തിന്റെ പ്രചാരണം കേന്ദ്ര സർക്കാർ ഊർജ്ജിതമാക്കിയിരുന്നു. പ്രൊമോഷന്റെ ഭാഗമായി സർക്കാർ 100 രൂപയുടെ നാണയവും പുറത്തിറക്കിയിരുന്നു. ന്യൂഡൽഹിയിൽ നടന്ന കോൺക്ലേവിന്റെ ഉദ്ഘാടന സമ്മേളനത്തിൽ കേന്ദ്ര ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രി അനുരാഗ് താക്കൂർ പങ്കെടുത്ത ചടങ്ങിൽ, 'മൻ കി ബാത്തിന്റെ' ഒരു എപ്പിസോഡ് പോലും കേൾക്കാതെയിരുന്നിട്ടില്ലെന്നാണ് കോൺക്ലേവിനെ അഭിസംബോധന ചെയ്ത് ഉപരാഷ്ട്രപതി ജഗ്ദീപ് ധൻഖർ പറഞ്ഞത്.

'PM's Mann ki Baat: A Reality Check' എന്ന ഉപവിഭാഗത്തിലാണ് മൻ കീ ബാത്തിൻ്റെ ശ്രോതാക്കളുടെ കണക്കുകളെ കുറിച്ച് പറയുന്നത്. ദക്ഷിണേന്ത്യക്കാരാണ് പരിപാടി ശ്രവിക്കാനുള്ള സാധ്യത ഏറ്റവും കുറവായി പഠനം ചൂണ്ടിക്കാട്ടുന്നത്. എന്നാൽ, മോദിയുടെ പ്രസം​ഗം ഹിന്ദിയിലായതുകൊണ്ടാകാം ദക്ഷിണേന്ത്യക്കാരിൽ ശ്രോതാക്കൾ കുറവാണ്. എന്നാൽ ഹിന്ദി സംസാരിക്കുന്ന സംസ്ഥാനങ്ങളിലും സ്ഥിതി ഇത് തന്നെയാണെന്നാണ് പഠനം സൂചിപ്പിക്കുന്നത്.

രാജ്യത്തെ ഭൂരിഭാഗം പ്രദേശങ്ങളിലും മൻ കി ബാത്ത് കേൾക്കുന്നില്ല
രാജ്യത്തെ ഭൂരിഭാഗം പ്രദേശങ്ങളിലും മൻ കി ബാത്ത് കേൾക്കുന്നില്ലCourtesy - CSDS
സിഎസ്ഡിഎസ് റിപ്പോർട്ട് അനുസരിച്ച് ഇന്ത്യയുടെ വടക്ക് പടിഞ്ഞാറൻ, കിഴക്കൻ സംസ്ഥാനങ്ങളിൽ 63% പേരും മൻ കി ബാത്ത് കേൾക്കുന്നില്ല. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ കാര്യമെടുത്താൽ ഈ കണക്ക് 75% ആണ്

മൻ കി ബാത്ത് കേൾക്കുന്നതിനുളള സംവിധാനങ്ങൾ ഉളള കുടും​ബങ്ങളിൽ പത്തിൽ രണ്ടോ മുന്നോ പേരാണ് കേൾക്കുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു. ഇതുവരെ സംപ്രേക്ഷണം ചെയ്ത എപ്പിസോഡുകളുടെ ഒന്നോ രണ്ടോ എപ്പിസോഡുകളാണ് രാജ്യത്തെ 30% ജനങ്ങൾ കേട്ടിരിക്കുന്നത്. സിഎസ്ഡിഎസ് റിപ്പോർട്ട് അനുസരിച്ച് ഇന്ത്യയുടെ വടക്ക് പടിഞ്ഞാറൻ, കിഴക്കൻ സംസ്ഥാനങ്ങളിൽ 63% പേരും മൻ കി ബാത്ത് കേൾക്കുന്നില്ല. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ കാര്യമെടുത്താൽ ഈ കണക്ക് 75% ആണ്. രാജ്യത്ത് ഹിന്ദി സംസാരിക്കാത്ത സംസ്ഥാനങ്ങളിൽ ഇത് 62 ശതമാനവുമാണ്. അതുമാത്രമല്ല, ബിജെപിയുടെ ശക്തികേന്ദ്രങ്ങളായ ഹിന്ദി സംസാരിക്കുന്ന സംസ്ഥാനങ്ങളിൽ 50% പേരും ഉത്തരേന്ത്യയിലെ 54% പേരും 'മൻ കി ബാത്ത്' കേൾക്കുന്നില്ലെന്നാണ് പഠനം പറയുന്നത്.

രാജ്യത്ത് മൻ കി ബാത്ത് കേൾക്കുന്നതിനുളള സംവിധാനങ്ങൾ ഉളള  വീടുകളിലെ കണക്ക്
രാജ്യത്ത് മൻ കി ബാത്ത് കേൾക്കുന്നതിനുളള സംവിധാനങ്ങൾ ഉളള വീടുകളിലെ കണക്ക്Courtesy - CSDS

പുതുതായി ബിജെപിയിലേക്ക് എത്തുന്നവരിൽ 51% പേരും മോദിയുടെ 'മൻ കി ബാത്ത്' കേൾക്കുന്നില്ല എന്നാണ് സർവേ സൂചിപ്പിക്കുന്നത്. ബാക്കിയുളളവരിൽ 26% പേർ ഒരു തവണയെങ്കിലും പരിപാടി കേട്ടിട്ടുണ്ട്. കോൺഗ്രസ് പാർട്ടിയോട് അനുഭാവമുളള 68% പേർ എപ്പിസോഡുകൾ കേട്ടിട്ടില്ല. 18% പേരാണ് ഒന്നോ രണ്ടോ തവണ കേട്ടിരിക്കുന്നത്. ഒരു പാ‍ർട്ടിയോടും വ്യക്തമായ അനുഭാവം പുലർത്താത്ത 67% പേർ 'മൻ കി ബാത്ത്' കേട്ടിട്ടില്ലെന്നും പഠനം വിശദമാക്കുന്നു

51ശതമാനം ബിജെപി പ്രവർത്തകരും മൻ കി ബാത്ത് കേൾക്കുന്നില്ല
51ശതമാനം ബിജെപി പ്രവർത്തകരും മൻ കി ബാത്ത് കേൾക്കുന്നില്ലCourtesy - CSDS

എന്നാൽ, ഐഐഎം റോഹ്തക് (ഇന്ത്യൻ ഇൻസ്റ്റ്യിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് റോഹ്തക്) റിപ്പോർട്ട് കണ്ടെത്തിയതിൽ നിന്ന് സിഎസ്ഡിഎസ് റിപ്പോർട്ട് വ്യത്യസ്തമാണ്. ഇരുപത്തിമൂന്ന് കോടി ആളുകൾ പതിവായി മൻ കി ബാത്ത് കേൾക്കുന്നുവെന്നാണ് ഐഐഎം റോഹ്തക് ഡയറക്ടർ പ്രൊഫ.ധീരജ് ശർമ പറയുന്നത്. ഐഐഎം റോഹ്തക് റിപ്പോർട്ട് പ്രകാരം 96% ആളുകൾക്കും മൻ കി ബാത്തിനെക്കുറിച്ച് അറിയാമെന്നാണ് പറയുന്നത്.

എന്നാൽ, ഐഐഎം റോഹ്‌തക് ഡയറക്‌ടറായി ശർമയുടെ നിയമനം അനിശ്ചിതത്വത്തിലായിരിക്കുകയാണ്. ശർമ്മയ്‌ക്കെതിരെ ലൈംഗികാരോപണം അടക്കമുളള കേസുകൾ കോടതിയുടെ പരി​ഗണനയിൽ ഇരിക്കുകയാണ്.

logo
The Fourth
www.thefourthnews.in