ഉദ്ധവ് താക്കറെ
ഉദ്ധവ് താക്കറെ

'തീരുമാനം ഞങ്ങളെ കേള്‍ക്കാതെ'; ചിഹ്നം മരവിപ്പിച്ച തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടിക്കെതിരെ താക്കറെ കോടതിയില്‍

അന്ധേരി ഈസ്റ്റ് മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പിനു മുന്നോടിയെന്നോണമായിരുന്നു ചിഹ്നവും പേരും മരവിപ്പിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവിറക്കിയത്.
Updated on
1 min read

ശിവസേനയുടെ പാര്‍ട്ടി ചിഹ്നവും പേരും മരവിപ്പിച്ച തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി നിയമ പോരാട്ടത്തിലേക്ക്. തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനത്തിനെതിരെ മുന്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചു. കമ്മീഷന്റെ നടപടി സ്വാഭാവിക നീതിയുടെ പൂര്‍ണ്ണമായ ലംഘനമാണെന്നും, തീരുമാനം കക്ഷികള്‍ക്ക് വാദങ്ങള്‍ കേള്‍ക്കാതെയുമാണെന്നാണ് താക്കരെ പക്ഷത്തിന്റെ നിലപാട്. മരവിപ്പിച്ച ചിഹ്നത്തിന് ബദലായി, സിംബല്‍സ് ഓര്‍ഡറിന് കീഴില്‍ വിജ്ഞാപനം ചെയ്ത സ്വതന്ത്ര ചിഹ്നങ്ങളില്‍ നിന്ന് മാത്രം തിരഞ്ഞെടുപ്പ് പരിമിതിപ്പെടുത്താതെ, തങ്ങള്‍ മുന്നോട്ട് വയ്ക്കുന്ന ചിഹ്നങ്ങള്‍ കൂടെ പരിഗണിക്കുവാനും അനുവദിക്കാന്‍ നിര്‍ദേശിക്കണമെന്നുമാണ് താക്കറെയുടെ ആവശ്യം.

ചിഹ്നങ്ങളെ ചൊല്ലി താക്കറെ-ഷിന്‍ഡേ പക്ഷങ്ങള്‍ തമ്മില്‍ തര്‍ക്കമായതിനെ തുടര്‍ന്ന് മുംബൈയിലെ അന്ധേരി ഈസ്റ്റ് മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പിനു മുന്നോടിയെന്നോണമായിരുന്നു ചിഹ്നവും പേരും മരവിപ്പിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവിറക്കിയത്. ഇരുപക്ഷങ്ങളോടും ശിവസേന എന്ന പേരോ, അമ്പും വില്ലും എന്ന ചിഹ്നമോ ഉപയോഗിക്കരുതെന്ന് നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇതിനു പിന്നാലെ പുതിയ പേരുകള്‍ അടങ്ങിയ പട്ടിക സമര്‍പ്പിക്കാന്‍ രണ്ട് പക്ഷത്തിനും തിരഞ്ഞെടുപ്പ് കമ്മീഷന്‍ ആവശ്യപ്പെടുകയായിരുന്നു.

ഉദ്ധവ് താക്കറെ
ശിവസേന പിടിക്കാന്‍ ഉദ്ധവും ഷിന്‍ഡെയും; പാര്‍ട്ടി ചിഹ്നത്തിനായി അടുത്ത പടയൊരുക്കം

അഭിഭാഷകരായ വിവേക് സിംഗ്, ദേവയാനി ഗുപ്ത, തന്‍വി ആനന്ദ് എന്നിവര്‍ മുഖേനയാണ് താക്കറെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവിന് എതിരായി കോടതിയെ സമീപിച്ചത്. കക്ഷികള്‍ക്ക് തെളിവുകള്‍ നല്‍കാനോ വാദങ്ങള്‍ കേള്‍ക്കാനോ ഉള്ള അവസരം നല്‍കാതെ കമ്മീഷന്‍ അനാവശ്യ തിടുക്കം കാണിച്ചുകൊണ്ട് ചിഹ്നം മരവിപ്പിക്കുകയായിരുന്നെന്നും, 1996ല്‍ പാര്‍ട്ടിയുടെ പ്രഖ്യാപനം മുതല്‍ ചിഹ്നം ഉപയോഗിക്കുന്നുണ്ടെന്നും പാരമ്പര്യമായിയായി ചിഹ്നം പാര്‍ട്ടി ഉപയോഗിച്ച് വരുന്നതാണെന്നും ഹര്‍ജി വ്യക്തമാക്കുന്നു.

ശിവസേനയില്‍ നിന്ന് വിട്ടുപോയ ഏക്നാഥ് ഷിന്‍ഡേ വിഭാഗം സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കുകയോ, മറ്റ് നടപടികളിലേക്ക് കടക്കുകയോ ചെയ്തിട്ടില്ല. ഈ സാഹചര്യത്തില്‍ ശിവസേനയുടെ ചിഹ്നമോ പേരോ ഉപയോഗിക്കുന്നത് തിരഞ്ഞെടുപ്പ് കമ്മീഷന് മരവിപ്പിക്കേണ്ട ആവശ്യമില്ലെന്നും ഹര്‍ജിയില്‍ അവകാശപ്പെടുന്നു.

ഉദ്ധവ് താക്കറെ
ബോംബെയെ മുംബൈ ആക്കിയ ശിവസേന; തീവ്ര ഹിന്ദുത്വം മുതല്‍ ഉദ്ധവ് താക്കറെ വരെ

നേരത്തെ യഥാര്‍ഥ ശിവസേന ആരാണെന്നു നിശ്ചയിക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷനെ അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് ഉദ്ധവ് പക്ഷം സുപ്രീം കോടതിയെ സമീപിച്ചെങ്കിലും ഇടപെടാന്‍ കോടതി തയാറായിരുന്നില്ല. ഇതിനു പിന്നാലെയാണ് ഇപ്പോള്‍ ചിഹ്നം മരവിപ്പിച്ച നടപടി ചോദ്യം ചെയ്ത് ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.

logo
The Fourth
www.thefourthnews.in