ശിവസേന പിടിക്കാന്‍ ഉദ്ധവും ഷിന്‍ഡെയും; പാര്‍ട്ടി ചിഹ്നത്തിനായി അടുത്ത പടയൊരുക്കം

ശിവസേന പിടിക്കാന്‍ ഉദ്ധവും ഷിന്‍ഡെയും; പാര്‍ട്ടി ചിഹ്നത്തിനായി അടുത്ത പടയൊരുക്കം

ഷിന്‍ഡെയെ പാര്‍ട്ടി പദവികളില്‍ നീക്കി
Updated on
1 min read

മഹാരാഷ്ട്രയിലെ വിമത നീക്കത്തിനും രാഷ്ട്രീയ അട്ടിമറിക്കുമൊടുവില്‍ ശിവസേനയുടെ സ്വാധീനം നിലനിര്‍ത്താനുള്ള തര്‍ക്കം ശക്തമാകുന്നു. യഥാര്‍ഥ ശിവസേന തങ്ങളുടെതാണെന്ന് സ്ഥാപിക്കാനുള്ള ശ്രമത്തിലാണ് ഉദ്ധവ് താക്കെറെയും മുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെയും. ശിവസേനയെന്ന പേരും പാര്‍ട്ടി ചിഹ്നമായ അമ്പും വില്ലും സ്വന്തമാക്കാനുള്ള ശ്രമങ്ങളിലാണ് ഇരുപക്ഷവും. പാര്‍ട്ടി ചിഹ്നം ഏതു വിധേനയും സംരക്ഷിക്കാനുള്ള ശ്രമത്തിലാണ് ഉദ്ധവ് താക്കറെ. ചിഹ്നത്തര്‍ക്കം വൈകാതെ തിരഞ്ഞെടുപ്പ് കമ്മീഷനു മുന്നിലെത്തും.

പാര്‍ട്ടി ചിഹ്നമായ അമ്പും വില്ലും സ്വന്തമാക്കാനുള്ള ശ്രമങ്ങളിലാണ് ഇരുപക്ഷവും

അവകാശത്തര്‍ക്കം രൂക്ഷമാകുന്നതിനിടെ ഏക്‌നാഥ് ഷിന്‍ഡെയെ പാര്‍ട്ടി പദവികളില്‍ നിന്നും ഉദ്ധവ് താക്കറെ നീക്കം ചെയ്തു. ഷിന്‍ഡെ പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം നടത്തിയതിനെയും സ്വമേധയാ പാര്‍ട്ടി അംഗത്വം ഉപേക്ഷിച്ചതിനെയും തുടര്‍ന്നാണ് നടപടിയെന്ന് ഷിന്‍ഡെയ്‌ക്കെഴുതിയ കത്തില്‍ ഉദ്ധവ് താക്കറെ ആരോപിച്ചു. 'ശിവസേനാ നേതാവെന്ന നിലയില്‍ എനിക്കുളള അധികാരം ഉപയോഗിച്ച് പാര്‍ട്ടിപദവികളില്‍ നിന്നും താങ്കളെ നീക്കം ചെയ്യുന്നു.' ഉദ്ധവ് താക്കറെ ഒപ്പുവെച്ച കത്തില്‍ പറഞ്ഞു.

ശരത് പവാറിന്റെ എന്‍സിപിയുമായി സഖ്യമുണ്ടാക്കുക വഴി ബാല്‍ താക്കറെ വിഭാവനം ചെയ്ത ആശയങ്ങളില്‍ നിന്നും ഉദ്ധവ് താക്കറെ വ്യതിചലിക്കുകയാണെന്നും ഹിന്ദുത്വ ആശയങ്ങളെ നേര്‍പ്പിക്കുകയാണെന്നുമായിരുന്നു ഷിന്‍ഡെയുടെ പ്രധാന ആരോപണം. ബാല്‍ താക്കറെയുടെ രാഷ്ട്രീയ അനന്തരാവകാശി താനാണെന്നും ശിവസേന-കോണ്‍ഗ്രസ്- എന്‍സിപി സഖ്യം അവിശുദ്ധ സഖ്യമാണെന്നും ഷിന്‍ഡെ പ്രസ്താവിച്ചിരുന്നു.

ഇതിനിടെ ഡിഎച്ച്എല്‍എഫുമായി ബന്ധപ്പെട്ട വായ്പ തട്ടിപ്പു കേസില്‍ ശിവസേനാ നേതാവും ഉദ്ധവ് താക്കറെയുടെ വിശ്വസ്തനുമായ സഞ്ജയ് റാവത്തിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഇന്നലെ പത്തു മണിക്കൂര്‍ ചോദ്യം ചെയ്തു. ഇഡിയുമായി സഹകരിക്കുമെന്നും അന്വേഷണത്തെ ഭയക്കുന്നില്ലെന്നും സഞ്ജയ് റാവത്ത് പ്രതികരിച്ചു. ഉദ്ധവ് സര്‍ക്കാര്‍ അട്ടിമറിക്കപ്പെട്ടതിനു തൊട്ടു പിന്നാലെയാണ് ചോദ്യം ചെയ്യല്‍.

ഉദ്ധവ് സര്‍ക്കാരിനെ അട്ടിമറിക്കാന്‍ കൂട്ടു നില്‍ക്കാത്തതിനാല്‍ തനിക്കെതിരെ കേന്ദ്ര ഏജന്‍സികളെ ഉപയോഗിക്കുകയാണെന്ന് സഞ്ജയ് റാവത്ത്

പത്രചാള്‍ പുനര്‍നിര്‍മാണവുമായി ബന്ധപ്പെട്ട കേസിലാണ് സഞ്ജയ് റാവത്തിനെ ഇഡി ചോദ്യം ചെയ്തത്. സഞ്ജയ് റാവത്തിന്റെ സുഹൃത്തുക്കളായ പ്രവീണ്‍ റാവത്ത്, സുജിത്ത് പാര്‍ക്കര്‍ എന്നിവരുടെ കമ്പനിക്കാണ് പത്രചാള്‍ ഡിഎച്ച്എല്‍എഫിന്റെ ഉപകരാര്‍ നല്‍കിയത്. വായ്പ തട്ടിപ്പില്‍ നിന്നും കിട്ടിയ വിഹിതം സുജിത്ത് പാര്‍ക്കറിന്റെ ഭാര്യയുടെ അക്കൗണ്ട് വഴി സഞ്ജയ് റാവത്തിന്റെ ഭാര്യയുടെ അക്കൗണ്ടില്‍ എത്തി എന്നാണ് ഇഡിയുടെ ആരോപണം.

ഉദ്ധവ് സര്‍ക്കാരിനെ അട്ടിമറിക്കാന്‍ കൂട്ടു നില്‍ക്കാത്തതിനാല്‍ തനിക്കെതിരെ കേന്ദ്ര ഏജന്‍സികളെ ഉപയോഗിക്കുകയാണെന്ന് സഞ്ജയ് റാവത്ത് നേരത്തെ ആരോപിച്ചിരുന്നു. അതേസമയം തിങ്കളാഴ്ച നടക്കാനിരിക്കുന്ന സ്പീക്കര്‍ തിരഞ്ഞെടുപ്പില്‍ ആരെ മത്സരിപ്പിക്കണമെന്ന കാര്യത്തില്‍ മഹാ വികാസ് അഘാഡിയില്‍ തീരുമാനമായില്ല. സഖ്യത്തില്‍ സ്പീക്കര്‍ സ്ഥാനം കോണ്‍ഗ്രസിന് അവകാശപ്പെട്ടതായിരുന്നു. വിമത എംഎല്‍എമാരെ അയോഗ്യരാക്കുന്നതുമായി ബന്ധപ്പെട്ട കേസില്‍ സുപ്രീം കോടതിയുടെ തീരുമാനം വരുന്നതിനു മുമ്പ് തിരഞ്ഞെടുപ്പ് നടത്തുന്നതില്‍ കോണ്‍ഗ്രസിന് അതൃപതിയുണ്ട്. 2014ല്‍ ശിവസേനയില്‍ നിന്നും ബിജെപിയിലെത്തിയ രാഹുല്‍ നര്‍വേക്കറാണ് ബിജെപിയുടെ സ്പീക്കര്‍ സ്ഥാനാര്‍ഥി.

logo
The Fourth
www.thefourthnews.in