Agnipath Scheme
Agnipath Scheme

എന്താണ് അഗ്നിപഥ്? എന്തുകൊണ്ടാണ് പ്രതിഷേധം?

നാല് വര്‍ഷത്തിനുശേഷം 75 ശതമാനം പേരും പുറത്തുപോകേണ്ടിവരും
Updated on
2 min read

പ്രതിരോധ സേന റിക്രൂട്ട്‌മെന്റില്‍ വലിയ മാറ്റങ്ങളോടെ കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച പദ്ധതിയാണ് അഗ്നിപഥ്. സായുധസേനകളില്‍ കൂടുതല്‍ യുവാക്കളെ ആകര്‍ഷിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. കര, നാവിക, വ്യോമസേനയിലേക്ക് കരാര്‍ അടിസ്ഥാനത്തിലാകും നിയമനം. ഇടക്കാല സൈനിക സേവനമെന്ന രീതിയില്‍, നാല് വര്‍ഷത്തേക്കാവും സൈന്യത്തിന്റെ ഭാഗമാകാന്‍ യുവാക്കള്‍ക്ക് അവസരം ലഭിക്കുക. ഇങ്ങനെ തെരഞ്ഞെടുക്കപ്പെടുന്നവര്‍ അഗ്നിവീര്‍ എന്നറിയപ്പെടും. അഗ്നിപഥ് പ്രകാരം ആദ്യ ബാച്ച് 2023ഓടെ ഉണ്ടാകുമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്ന വിവരം. പദ്ധതിപ്രകാരം, 45,000 മുതല്‍ 50,000 പേര്‍ വരെ ഓരോ വര്‍ഷവും സേനയിലെത്തും.

ഉദ്യോഗാര്‍ഥിയുടെ യോഗ്യത, പരിശീലനം

പത്താം ക്ലാസ് പാസായ 17.5 മുതല്‍ 21 വയസ് വരെയുള്ള യുവാക്കള്‍ക്കാണ് അവസരം. എന്നാല്‍ ഈ വര്‍ഷം നടത്തുന്ന റിക്രൂട്ട്മെന്റുകള്‍ക്കുള്ള ഉയര്‍ന്ന പ്രായപരിധി 23 വയസ് ആയിരിക്കും. രണ്ടു വര്‍ഷമായി സേനയില്‍ റിക്രൂട്ട്മെന്റ് നടക്കാത്ത സാഹചര്യം പരിഗണിച്ചാണ് തീരുമാനം. സായുധ സേനകളില്‍ നിലവില്‍ സൈനികരെ തിരഞ്ഞെടുക്കുമ്പോള്‍ പിന്തുടരുന്ന വൈദ്യ പരിശോധന, ശാരീരിക ക്ഷമതാ പരിശോധന അടക്കമുള്ള കാര്യങ്ങള്‍ സമാനമായി തുടരും.

സേനയില്‍ ചേരുന്നവര്‍ക്ക് നല്‍കുന്ന പരിശീലനം തന്നെയാണ് അഗ്നിപഥ് പദ്ധതിയുടെ ഭാഗമായി സൈന്യത്തില്‍ എത്തുന്നവര്‍ക്കും നല്‍കുക. 10 ആഴ്ച മുതല്‍ ആറുമാസം വരെ ആയിരിക്കും പരിശീലന കാലാവധി. ഈ ഘട്ടത്തില്‍ മുഴുവന്‍ സൈനിക പരിശീലനവും നല്‍കും. പരിശീലന കാലാവധി ഉള്‍പ്പെടെയാണ് നാല് വര്‍ഷത്തെ സേവനത്തിനുള്ള അവസരം.

Army Recruitment
Army Recruitment

നിയമനവും ശമ്പളവും

വിജയകരമായി പരിശീലനം പൂര്‍ത്തിയാക്കുന്നവരെ സായുധ സേനയിലെ വിവിധ തലങ്ങളില്‍ നിയമിക്കും. സായുധ സേനകളിലെ റാങ്കുകളില്‍നിന്ന് വ്യത്യസ്തമായിരിക്കും അഗ്നിപഥ് പ്രകാരം നിയമിക്കപ്പെടുന്നവരുടെ റാങ്ക്. നാല് വര്‍ഷത്തെ സേവന കാലയളവില്‍ മികവ് പുലര്‍ത്തുന്ന 25 ശതമാനം പേര്‍ക്ക് 15 വര്‍ഷത്തേക്ക് നിയമനം ലഭിക്കും. ആദ്യ വര്‍ഷം ഏകദേശം 4.76 ലക്ഷം രൂപയായിരിക്കും വേതനം. തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ വേതന വര്‍ധനയുണ്ടാകും. സേവന കാലയളവില്‍ സൈനികര്‍ക്ക് ലഭിക്കുന്ന റേഷന്‍, വസ്ത്രം, യാത്ര അലവന്‍സുകളും ലഭിക്കും.

സേവാനിധി പാക്കേജ് പ്രകാരം, എല്ലാ മാസവും സൈനികന്‍ 30 ശതമാനവും സര്‍ക്കാര്‍ 30 ശതമാനവും സംഭാവന നല്‍കി നാലു വര്‍ഷത്തെ സേവനത്തിനുശേഷം വിരമിക്കുന്ന സൈനികന് 11-12 ലക്ഷം രൂപ ലഭിക്കും. ഈ തുകയ്ക്ക് ആദായ നികുതി അടയ്ക്കേണ്ടതില്ല. പിഎഫിന് സമാനമാണ് ഈ പാക്കേജ്. സേവനത്തിനിടെ അംഗവൈകല്യം സംഭവിക്കുന്നവര്‍ക്ക് ശാരീരിക പരിശോധനയ്ക്കു ശേഷം ഇന്‍ഷുറന്‍സ് തുക ലഭിക്കും. 50 ശതമാനം ശാരീരിക പ്രശ്നങ്ങള്‍ക്ക് 15 ലക്ഷം രൂപ, 75 ശതമാനത്തിന് 25 ലക്ഷം രൂപ, 100 ശതമാനം ശാരീരിക പ്രശ്നങ്ങള്‍ക്ക് 44 ലക്ഷം രൂപ എന്നിങ്ങനെ അപകടത്തിന്റെ തോതനുസരിച്ചാണ് നഷ്ടപരിഹാരം ലഭിക്കുക. സേവനത്തിനിടെ ജീവന്‍ നഷ്ടപ്പെടുന്ന സൈനികന്റെ കുടുംബത്തിന് 48 ലക്ഷം രൂപയുടെ ലൈഫ് ഇന്‍ഷുറന്‍സ് ലഭിക്കും. അതേസമയം, ഗ്രാറ്റുവിറ്റി, പെന്‍ഷന്‍ എന്നിവ ഉണ്ടായിരിക്കില്ല

Agnipath Protest in Gwalior
Agnipath Protest in Gwalior

എങ്ങനെ അപേക്ഷിക്കണം

മൂന്നു മാസത്തിനുള്ളില്‍ അഗ്നിപഥ് റിക്രൂട്ട്മെന്റ് ആരംഭിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. ഓണ്‍ലൈനായാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത് 2023 ജൂലൈയോടെ ആദ്യ ബാച്ചിനെ സേവനത്തിന് സജ്ജരാക്കും.

എന്തുകൊണ്ട് പ്രതിഷേധം?

നാല് വര്‍ഷത്തിനുശേഷം 75 ശതമാനം പേരും പുറത്തുപോകേണ്ടിവരുമെന്ന വ്യവസ്ഥയാണ് പ്രതിഷേധത്തിന് കാരണം. സൈനിക സേവനമെന്ന ലക്ഷ്യത്തിനായി പ്രയത്‌നിക്കുന്നവരുടെ ജോലി സാധ്യത നാല് വര്‍ഷത്തിലേക്ക് ഒതുക്കുന്നത് അംഗീകരിക്കാനാവില്ലെന്നാണ് പ്രതിഷേധിക്കുന്നവരുടെ നിലപാട്. സൈന്യത്തിലെ സേവന കാലാവധി താല്‍ക്കാലികാടിസ്ഥാനത്തിലാക്കി മാറ്റുന്നതിന്റെ ആദ്യപടിയാണെന്ന വിമര്‍ശനവും ഉയര്‍ന്നുകേള്‍ക്കുന്നുണ്ട്. ഉദ്യോഗാര്‍ഥികള്‍ക്കൊപ്പം പ്രതിപക്ഷ പാര്‍ട്ടികളും പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.

സേനാ നവീകരണമെന്നത് പ്രതിരോധം, സാമൂഹികം, പ്രൊഫഷണല്‍ തുടങ്ങിയ സമീപനങ്ങള്‍ ഉള്‍ക്കൊണ്ട് നടപ്പാക്കേണ്ടതാണ്. എന്നാല്‍ അഗ്നിപഥ് ഇതൊന്നും പരിഗണിച്ചുകൊണ്ടുള്ള പരിഷ്‌കരണമല്ലെന്ന വിമര്‍ശനം ശക്തമാണ്. സൈനിക-സാമൂഹിക തലത്തില്‍ അത് വലിയ പ്രത്യാഘാതമുണ്ടാക്കുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍. അതിലുപരി നിര്‍ബന്ധിത സൈനിക സേവനമെന്നത് കാലങ്ങളായി ആര്‍എസ്എസ് മുന്നോട്ടു വയ്ക്കുന്ന ആശയങ്ങളിലൊന്നാണ്. കരാര്‍ അടിസ്ഥാനത്തിലുള്ള നിയമനം അതിന് വഴിയൊരുക്കുന്നതാണെന്നാണ് പ്രധാന രാഷ്ട്രീയ വിമര്‍ശനം. തന്ത്രപ്രധാന വിഭാഗത്തിലേക്കുള്ള റിക്രൂട്ട്‌മെന്റ് ഫലപ്രദമല്ലാതായാല്‍ രാജ്യസുരക്ഷയ്ക്ക് തന്നെ വെല്ലുവിളിയുയര്‍ത്തുമെന്ന് മുന്‍ സൈനിക ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ ചൂണ്ടിക്കാണിക്കുന്നുണ്ട്.

logo
The Fourth
www.thefourthnews.in