Agnipath Scheme Protest
Agnipath Scheme Protest

ആളിക്കത്തി അഗ്നിപഥ്: പ്രതിരോധം തീർത്ത് കേന്ദ്രം; ഇളവ് പ്രഖ്യാപിച്ചിട്ടും അണയാതെ പ്രതിഷേധം

ഉത്തരേന്ത്യയിലാകെ വ്യാപിച്ച പ്രതിഷേധം ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലേക്കും
Updated on
3 min read

അടുത്തെങ്ങും ഇന്ത്യ കാണാത്തവിധം തെരുവിലിറങ്ങിയ ആയിരക്കണക്കിന് യുവാക്കൾ. ക്രമസമാധാനില പൂർണമായും തകർന്ന ഉത്തരേന്ത്യ. ട്രെയിനിനും ബസിനും തീയിടുന്ന പ്രതിഷേധക്കാർ. പ്രതിരോധ സേനകളിലേക്ക് കരാർ നിയമനത്തിന് കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച അഗ്നിപഥ് പദ്ധതിയെ ചാെല്ലി രാജ്യം കത്തുകയാണ്. ബിജെപി ഹൃദയഭൂമിയിലെ പ്രതിഷേധം കർഷക സമരത്തേക്കാൾ കേന്ദ്ര സർക്കാരിനെ പ്രതിരോധത്തിലാക്കുന്നതാണ്. ബിഹാറിൽ തുടങ്ങി ഉത്തരേന്ത്യയിലാകെ വ്യാപിച്ച പ്രതിഷേധം ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലേക്കും പടർന്നിരിക്കുന്നു.

തിരിച്ചടി ഭയന്ന് മാത്രമാണ് പ്രായപരിധിയിൽ ഇളവ് പ്രഖ്യാപിച്ച് കേന്ദ്രം ഉടൻ രംഗത്തെത്തിയത്. 21ൽ നിന്ന് 23ലേക്ക് പ്രായപരിധി ഉയർത്തി ആദ്യ ദിനം തന്നെ കേന്ദ്രം നിലപാട് മയപ്പെടുത്തി. പ്രതിഷേധം ശക്തമായതോടെ ആദ്യ ബാച്ചിന് 5 വർഷത്തെ പ്രായപരിധി ഇളവ് നൽകിയും ഉത്തരവ് പുറപ്പെടുവിച്ചു. അഗ്നിവീറുകൾക്ക് സായുധ പാെലീസ്, അസം റൈഫിൾസ് വിഭാഗങ്ങളിലേക്ക് പത്ത് ശതമാനം സംവരണവും പ്രഖ്യാപിച്ചു. കൂടാതെ, ഈ വിഭാഗങ്ങളിലേക്ക് അപേക്ഷിക്കുമ്പോൾ മൂന്ന് വർഷത്തെ പ്രായപരിധി ഇളവും നൽകും. ജൂൺ 24ഓടെ റിക്രൂട്ട്മെന്റ് നടപടികൾ ആരംഭിക്കുമെന്ന് എയർ ചീഫ് മാർഷൽ വി ആർ ചൗധരി വ്യക്തമാക്കി കഴിഞ്ഞു. 2023 ജൂണോടെ അഗ്നിപഥ് ആദ്യ ബാച്ച് സേനയുടെ ഭാഗമാക്കാനാണ് മൂന്നു സേനാ വിഭാഗവും ആലോചിക്കുന്നത്.

സൈനികർക്കിടയിൽ, സ്ഥിരം നിയമനം ലഭിച്ചവരും അല്ലാത്തവരുമെന്ന രീതിയിൽ വലിയാെരു വേർതിരിവിനും ​അ​ഗ്നിപഥ് കാരണമായേക്കും. പ്രതിരോധ സേനയുടെ സ്വഭാവത്തെ തന്നെ ചോദ്യം ചെയ്യാനുള്ള സാധ്യതയുമേറെയാണ്.

Agnipath Scheme
Agnipath Scheme

എന്താണ് അഗ്നിപഥ്?

കര, നാവിക, വ്യോമസേനയിലേക്ക് കരാർ അടിസ്ഥാനത്തിൽ സൈനികരെ നിയമിക്കുന്നതാണ് പദ്ധതി. പരിശീലന കാലയളവ് ഉൾപ്പടെ നാല് വർഷം സൈന്യത്തിന്റെ ഭാഗമാകാൻ യുവാക്കൾക്ക് അവസരം ലഭിക്കും. ഇങ്ങനെ തിരഞ്ഞെടുക്കപ്പെടുന്നവർ അഗ്നിവീർ എന്നറിയപ്പെടും. 45,000 മുതൽ 50000 പേർ വരെ പദ്ധതിപ്രകാരം ഓരോ വർഷവും സേനയിലെത്തും. മെറിറ്റ്, ഫിറ്റ്നസ്, സന്നദ്ധത എന്നിവ അടിസ്ഥാനമാക്കി 25 ശതമാനം പേരെ 15 വർഷത്തേക്ക് സേനയിൽ നിലനിർത്തും. എന്നാൽ പെൻഷൻ പദ്ധതിയിൽ സർവീസിലെ ആദ്യ നാല് വർഷം പരിഗണിച്ചേക്കില്ല. ആദ്യ വർഷം വാർഷിക ശമ്പളമായി ഏകദേശം 4.76 ലക്ഷം രൂപ ലഭിക്കും. സേവന കാലയളവിൽ സൈനികർക്ക് ലഭിക്കുന്ന റേഷൻ, വസ്ത്രം, യാത്രാ അലവൻസുകളും പദ്ധതി പ്രകാരം സേനയുടെ ഭാഗമാകുന്നവർക്ക് ലഭിക്കും.

75 ശതമാനം പേരെ എക്സിറ്റ് പാക്കേജായ സേവാ നിധിയിൽ ഉൾപ്പെടുത്തി പറഞ്ഞുവിടും. സേവാനിധി പാക്കേജ് പ്രകാരം വിരമിക്കുന്ന സൈനികന് 11 -12 ലക്ഷം രൂപ ലഭിക്കും. മാസംതോറും സൈനികൻ 30 ശതമാനവും സർക്കാർ 30 ശതമാനവും എന്ന രീതിയിൽ അടയ്ക്കുന്ന തുകയാണിത്. പി എഫിന് സമാനമാണ് പാക്കേജ്. സേവനത്തിനിടെ അംഗവൈകല്യം സംഭവിക്കുന്നവർക്ക് ശാരീരിക പരിശോധനയ്ക്കു ശേഷം ഇൻഷുറൻസ് തുക ലഭിക്കും. 50 ശതമാനം ശാരീരിക പ്രശ്‌നങ്ങൾക്ക് 15 ലക്ഷം രൂപ, 75 ശതമാനത്തിന് 25 ലക്ഷം രൂപ, 100 ശതമാനം ശാരീരിക പ്രശ്‌നങ്ങൾക്ക് 44 ലക്ഷം രൂപ എന്നിങ്ങനെ അപകടത്തിന്റെ തോതനുസരിച്ചാണ് നഷ്ടപരിഹാരം. സേവനത്തിനിടെ ജീവൻ നഷ്ടപ്പെടുന്ന സൈനികന്റെ കുടുംബത്തിന് 48 ലക്ഷം രൂപയുടെ ലൈഫ് ഇൻഷുറൻസ് ലഭിക്കും. അതേസമയം, ​ഗ്രാറ്റുവിറ്റി, പെൻഷൻ എന്നിവ ഉണ്ടായിരിക്കില്ല.

Agnipath Scheme Protest
Agnipath Scheme Protest

ഉദ്യോഗാർഥികളുടെ പ്രതിഷേധത്തിന് പിന്നിലെന്ത്?

നിലവിൽ സൈന്യത്തിലെ നിയമനം15 വർഷത്തേക്കാണ്. റിക്രൂട്ട്മെന്റ് അഗ്നിപഥിലേക്ക് മാറിയാൽ അത് നാല് വർഷമായി ചുരുങ്ങും. നാല് വർഷത്തിനുശേഷം പുറത്തിറങ്ങുന്നവരുടെ ഭാവി എന്താകുമെന്നതാണ് ഉദ്യോഗാർഥികൾ ഉയർത്തുന്ന ചോദ്യം. ഫിസിക്കൽ ടെസ്റ്റുകളെല്ലാം പൂർത്തിയാക്കി എഴുത്ത് പരീക്ഷയ്ക്ക് കാത്തിരിക്കുന്ന 75,000ത്തിലേറെ ഉദ്യോഗാർഥികൾ രാജ്യത്തുണ്ട്. അഗ്നിപഥിലേക്ക് മാറുമ്പോൾ വീണ്ടും ഫിസിക്കൽ, മെഡിക്കൽ ടെസ്റ്റുകൾക്ക് ഇവരും വിധേയരാകണം. ഇത് ജോലി സാധ്യത ഇല്ലാതാക്കുമെന്ന ഭയമാണ് പ്രതിഷേധക്കാരിലേറെപേർക്കും. പ്രായപരിധി ഇളവിന് പുറമെ ഫിസിക്കൽ ടെസ്റ്റുകൾ വിജയകരമായി പൂർത്തിയാക്കിയവർക്ക് നേരിട്ട് എഴുത്ത് പരീക്ഷയ്ക്ക് അവസരമൊരുക്കണമെന്നും ആവശ്യമുയരുന്നു. രാഷ്ട്രീയ പാർട്ടികളുടെ പിന്തുണയോടെ പ്രതിഷേധക്കാർ സംഘടിത രൂപത്തിലേക്ക് മാറാനാെരുങ്ങുകയാണ്. അതോടെ രാജ്യ തലസ്ഥാനം കൂടി പ്രതിഷേധക്കാരുടെ പിടിയിലാകുമോ എന്ന ഭയം കേന്ദ്ര സർക്കാരിനുമുണ്ട്.

Agnipath Scheme Protest
എന്താണ് അഗ്നിപഥ്? എന്തുകൊണ്ടാണ് പ്രതിഷേധം?

സേനയെ എങ്ങനെ ബാധിക്കും?

അഗ്നിപഥ് പദ്ധതി സേനയ്ക്കും സമൂഹത്തിനും ഭീഷണിയാകുമെന്ന വാദവുമുണ്ട്. നാല് വർഷത്തേക്ക് മാത്രമുള്ള ജോലി എന്ന രീതിയിൽ സേനയിലെത്തുന്ന യുവാക്കൾ രാജ്യസുരക്ഷയ്ക്കായി എത്ര ആത്മാർഥതയോടെ പ്രവർത്തിക്കുമെന്നതാണ് മുൻ സൈനിക ഉദ്യോഗസ്ഥരടക്കം മുന്നോട്ടുവയ്ക്കുന്ന ആശങ്ക. ജീവൻ ബലികൊടുത്തും രാജ്യത്തെ കാക്കുന്നവരാണ് സൈനികർ. സൈനിക സേവനത്തിന് ശേഷം മറ്റാെരു ജീവിതം നയിക്കേണ്ടതാണെന്ന തോന്നൽ അവരുടെ ആത്മാർഥതയെ പിന്നോട്ടടിപ്പിച്ചേക്കും. തന്ത്രപ്രധാന മേഖലകളിൽ സൈനികരുടെ ഇടപെടലിനെ അത് ബാധിക്കുമെന്നുറപ്പാണ്.

സൈനികർക്കിടയിൽ, സ്ഥിരം നിയമനം ലഭിച്ചവരും അല്ലാത്തവരുമെന്ന രീതിയിൽ വലിയാെരു വേർതിരിവിനും ​അ​ഗ്നിപഥ് കാരണമായേക്കും. ഇത് ഐക്യത്തോടെ മുന്നോട്ടുപോകുന്ന പ്രതിരോധ സേനയുടെ സ്വഭാവത്തെ തന്നെ ചോദ്യം ചെയ്യാനുള്ള സാധ്യതയുമേറെയാണ്. ടൂർ ഓഫ് ഡ്യൂട്ടി പ്രോഗ്രാം എന്നാണ് സേനയിൽ നിന്ന് വിരമിച്ച മേജർ ജനറൽ ജി.ഡി ബക്ഷി അഗ്നിപഥിനെ വിശേഷിപ്പിക്കുന്നത്. താൽക്കാലിക ജോലി ആകുമ്പോൾ സേനയുടെ ഭാഗമാകാൻ സന്നദ്ധരാകുന്ന യുവാക്കളുടെ എണ്ണം കുറയുമോ എന്ന ആശങ്കയും വിരമിച്ച സൈനിക ഓഫീസർമാർ പങ്കുവയ്ക്കുന്നു.

സമൂഹത്തെ ബാധിക്കുന്നതെങ്ങനെ?

നാല് വർഷത്തിനുശേഷം ഈ യുവാക്കളെ ഏത് വിധത്തിൽ ഉപയോഗപ്പെടുത്തുമെന്നതാണ് ആദ്യ ചോദ്യം. താെഴിലില്ലായ്മ രൂക്ഷമായ രാജ്യത്ത് നാല് വർഷത്തിലേക്ക് സൈനിക സേവനമാെതുക്കുന്നത് വിപരീതഫലമുണ്ടാക്കില്ലേ എന്ന ആശങ്കയും ഉയരുന്നുണ്ട്. 25 വയസിനുള്ളിൽ സൈന്യത്തിലെ ജോലി പൂർത്തിയായി തിരിച്ചെത്തുന്ന പരിശീലനം ലഭിച്ച യുവാക്കളുടെ സമൂഹത്തിലെ ഇടപെടലുകൾ ഏത് വിധമാകുമെന്നതും പ്രതിസന്ധിയാണ്. പരിശീലനം ലഭിച്ചവരെ സേനയ്ക്ക് പുറത്ത് ആർഎസ്എസ് രാഷ്ട്രീയ ലക്ഷ്യത്തിനായി ഉപയോഗപ്പെടുത്തിയേക്കുമെന്നും വിലയിരുത്തലുണ്ട്. അതിലുപരി കാലങ്ങളായി ആർഎസ്എസ് ഉയർത്തുന്ന നിർബന്ധിത സൈനിക സേവനമെന്ന ലക്ഷ്യത്തിലേക്കുള്ള ആദ്യ പടിയാണ് അഗ്നിപഥ് എന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.

Agnipath Scheme Protest
Agnipath Scheme Protest

എന്താണ് പ്രതിപക്ഷത്തിന്റെ നിലപാട്?

നാല് വർഷത്തേക്ക് മാത്രമുള്ള നിയമനവും ചുരുങ്ങിയ പരിശീലന കാലാവധിയും രാജ്യസുരക്ഷയെ ബാധിക്കുമെന്ന നിലപാടാണ് കോൺഗ്രസിനുള്ളത്. ആവശ്യമായ പഠനങ്ങളില്ലാതെ സേനയുടെ മുഖച്ഛായ മാറ്റുന്ന പദ്ധതി നടപ്പാക്കരുത്. കാർഷിക ബില്ലിന് സമാനമായി അഗ്നിപഥും നരേന്ദ്രമോദി പിൻവലിക്കേണ്ടി വരുമെന്ന് രാഹുൽ ഗാന്ധി മുന്നറിയിപ്പ് നൽകുന്നു. താെഴിൽരഹിതരെ അഗ്നിപഥിലൂടെ അഗ്നിപരീക്ഷയ്ക്ക് വിധേയമാക്കുകയാണ് ബിജെപി സർക്കാരെന്നും കോൺഗ്രസ് കുറ്റപ്പെടുത്തുന്നു. യാതാെരു താെഴിൽ സുരക്ഷയുമില്ലാതെ രാജ്യത്തെ സേവിക്കാൻ യുവാക്കളോട് ആവശ്യപ്പെടുന്നത് അംഗീകരിക്കാനാവില്ലെന്നാണ് ഇടത് പാർട്ടികളുടെ നിലപാട്. സാമൂഹികഘടനയെ തന്നെ തകർക്കുന്നതും ഭീഷണിയുയർത്തുന്നതുമായ നടപടിയാണ് കേന്ദ്രത്തിന്റേതെന്നും സിപിഎം കുറ്റപ്പെടുത്തി.

logo
The Fourth
www.thefourthnews.in