പോര് മുറുകുന്നു; കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് മത്സരത്തിന് കൂടുതല്‍ പേർ
മത്സരിക്കാനില്ലെന്ന് ഗാന്ധി കുടുംബം ഉറപ്പിച്ചതോടെ രണ്ട് പതിറ്റാണ്ടിലേറേയായി സോണിയ, രാഹുല്‍ ഗാന്ധിമാരില്‍ ഒതുങ്ങിയിരുന്ന കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കുള്ള പോര് മുറുകുകയാണ്. ജനാധിപത്യ തിരഞ്ഞെടുപ്പിന് കളമൊരുങ്ങിയതോടെ കൂടുതല്‍ പേർ മത്സരരംഗത്തേക്ക് വരുന്നെന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. നെഹ്റു കുടുംബത്തിന്റെ പിന്തുണയുള്ള ഔദ്യോഗിക സ്ഥാനാർത്ഥിയായി അശോക് ഗെഹ്ലോട്ട് വന്നേക്കുമെന്ന സൂചനകള്‍ക്ക് തന്നെയാണ് മുന്‍തൂക്കം. ശശി തരൂരും ഗെഹ്ലോട്ടും തമ്മിലാകും മത്സരമെന്നായിരുന്നു ഇതുവരെയുള്ള ചിത്രമെങ്കില്‍ പട്ടികയിലേക്ക് കൂടുതല്‍ പേരുകളാണ് ഇപ്പോളുയർന്ന് കേള്‍ക്കുന്നത്. മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രി കമല്‍നാഥാണ് പട്ടികയിലേക്ക് വന്ന ഒടുവിലത്തെ ആള്‍.
ഗാന്ധി കുടുംബം മത്സരിത്തിനില്ലെങ്കില്‍ ജി-23 യില്‍ നിന്ന് മനീഷ് തിവാരിയോ ശശി തരൂരോ എന്നായിരുന്നു ആദ്യത്തെ ചർച്ചകള്‍. പിന്നീടത്, ശശി തരൂരിലേക്ക് ചുരുങ്ങിയെങ്കിലും തരൂർ ഒരു റിബല്‍ സ്ഥാനാർത്ഥിയല്ല. രാഹുല്‍ മത്സരിച്ചാല്‍ മത്സരത്തിനില്ലെന്ന നിലപാടാണ് തരൂർ സ്വീകരിച്ചത്. എന്നുമാത്രമല്ല, സോണിയ ഗാന്ധിയെ കണ്ട് വിമതനല്ലെന്ന തോന്നല്‍ കൂടി ജനിപ്പിച്ചാണ് തരൂർ കളത്തിലിറങ്ങിയതും. മനീഷ് തിവാരിയെ പോലെ ഗാന്ധികുടുംബത്തിനെതിരല്ല താനെന്ന സന്ദേശം തരൂർ നല്‍കിയിരുന്നു. എന്നാല്‍, ജി-23 നേതാക്കള്‍ക്കിടയില്‍ ഭിന്നത ഉടലെടുത്തതോടെ മനീഷ് തിവാരിയും മത്സരത്തിനിറങ്ങുമെന്ന സൂചനയാണ് നൽകുന്നത്. നെഹ്റു കുടുംബമോ അല്ലെങ്കില്‍ അവരുടെ അനുയായികളോ സ്ഥാനാർത്ഥിയായാല്‍ മത്സരിക്കുമെന്നാണ് തിവാരിയുടെ നിലപാട്. നെഹ്റു കുടുംബത്തിന്റെ അനുമതിയോടെ മത്സരിക്കാനുള്ള ശ്രമം തരൂർ നടത്തുമ്പോള്‍ എതിർചേരിയില്‍ നിന്ന് തിരഞ്ഞെടുപ്പിനെ നേരിടാനാണ് തിവാരിയുടെ നീക്കം.
മുതിർന്ന നേതാവ് ദിഗ് വിജയ് സിങ്ങും മത്സര സൂചന നല്‍കി രംഗത്ത് വന്നിരുന്നു. മത്സരിക്കാൻ തനിക്കും യോഗ്യതയുണ്ടെന്നും ആർക്ക് വേണമെങ്കിലും മത്സരിക്കാമെന്നും നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതിയായ സെപ്റ്റംബർ 30 വരെ കാത്തിരിക്കാനുമാണ് ദിഗ് വിജയ് സിങ് മാധ്യമങ്ങളോട് പറഞ്ഞത്. അദ്ദേഹം ഇന്ന് സോണിയ ഗാന്ധിയെ കണ്ടേക്കുമെന്നും വിവരങ്ങളുണ്ട്. ഇവർക്ക് പുറമെ പൃഥ്വിരാജ് ചവാന്‍, മുകുള്‍ വാസ്നിക്, മല്ലികാർജുന്‍ ഖാർഗെ, കർണാടക മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ എന്നിവരുടെ പേരുകളും അഭ്യൂഹങ്ങളിലുണ്ട്. എന്നാല്‍, ചവാനും വാസ്നികും ഇത് നിഷേധിച്ചതായും റിപ്പോർട്ടുകളുണ്ട്.
അതേസമയം, ഒരാള്‍ക്ക് ഒരു പദവി നയം തുടരുമെന്ന് രാഹുല്‍ ഗാന്ധി വ്യക്തമാക്കിയതോടെ രാജസ്ഥാന്‍ മുഖ്യമന്ത്രി സ്ഥാനം നിലനിർത്തി എഐസിസി അധ്യക്ഷനാകാമെന്ന ഗെഹ്ലോട്ടിന്റെ ആഗ്രഹത്തിന് വിലങ്ങ് വീണുകഴിഞ്ഞു. പാർട്ടിയിലെ രാഷ്ട്രീയ എതിരാളി സച്ചിന്‍ പൈലറ്റ് മുഖ്യമന്ത്രി പദവിയില്‍ എത്താതിരിക്കാനുള്ള ഗെഹ്ലോട്ടിന്റെ നീക്കങ്ങള്‍ എത്രകണ്ട് ഫലിക്കുമെന്നതായിരുന്നു അറിയേണ്ട മറ്റൊരു കാര്യം. ഗെഹ്ലോട്ട് അധ്യക്ഷനാകുകയും സച്ചിന്‍ പൈലറ്റിന് മുഖ്യമന്ത്രി സ്ഥാനം നിഷേധിക്കപ്പെടുകയും ചെയ്താല്‍ രാജസ്ഥാന്‍ കോൺഗ്രസ് വീണ്ടും പ്രതിസന്ധിയിലേക്ക് നീങ്ങേണ്ടതാണ്. അതുമുന്നില്‍ കണ്ട് നേതൃത്വം സച്ചിനെ മുഖ്യമന്ത്രി പദത്തിലെത്തിക്കുമെന്നാണ് ഒടുവില്‍ പുറത്തുവരുന്ന വിവരം. മുഖ്യമന്ത്രി സ്ഥാനമൊഴിയേണ്ടി വന്നാല്‍ തന്റെ വിശ്വസ്തനെ മുഖ്യമന്ത്രിയാക്കണമെന്ന ആവശ്യം ഗെഹ്ലോട്ട് മുന്നോട്ടുവെച്ചിരുന്നു. ഇത്, ഹൈക്കമാന്‍ഡ് അംഗീകരിച്ചേക്കില്ല. ഇതിനിടെ, രാഹുല്‍ ഗാന്ധി അധ്യക്ഷനാകണമെന്ന ആവശ്യം ഉന്നയിച്ച് സച്ചിന് പൈലറ്റും രംഗത്ത് വന്നിരുന്നു.
നാമനിർദേശ പത്രിക സമർപ്പിക്കാന്‍ മൂന്ന് ദിവസം മാത്രം ശേഷിക്കെ, അവസാന ചിത്രം തെളിഞ്ഞിട്ടില്ല. മത്സരമുണ്ടെങ്കില്‍ ഒക്ടോബർ 17നാകും വോട്ടെടുപ്പ്. 19ന് വോട്ടെണ്ണി പ്രഖ്യാപനം നടത്തും. രണ്ട് വർഷം രാഹുല്‍ ഗാന്ധി പദവിയിലിരുന്നതൊഴിച്ചാല്‍ 1998 മുതല്‍ ഏറ്റവും കൂടുതല്‍ അധ്യക്ഷപദവി വഹിച്ച സോണിയ യുഗത്തിനാകും ഇതോടെ അവസാനമാകുന്നത്.