പാര്‍ട്ടിയില്‍ സംസ്‌കാര ശൂന്യമായ സാഹചര്യം,            സ്തുതിപാഠകര്‍ ആരെന്ന് ഇപ്പോള്‍ പറയുന്നില്ല: അനില്‍ ആന്റണി

പാര്‍ട്ടിയില്‍ സംസ്‌കാര ശൂന്യമായ സാഹചര്യം, സ്തുതിപാഠകര്‍ ആരെന്ന് ഇപ്പോള്‍ പറയുന്നില്ല: അനില്‍ ആന്റണി

വിവാദത്തിൽ പ്രതികരണവുമായി കോൺഗ്രസ് നേതാക്കൾ
Updated on
1 min read

ബിബിസി ഡോക്യുമെന്ററി വിവാദത്തിലെ വിമർശനങ്ങളോട് തുറന്നടിച്ച് അനിൽ ആൻറണി. തൻെറ അഭിപ്രായത്തിനെതിരെ അസഭ്യം പറയുന്ന നിലയിൽ പാർട്ടി സംസ്കാരം അധപതിച്ചു പോയി. ബിബിസി ഡോക്യൂമെന്ററി പ്രദര്‍ശിപ്പിക്കുന്നതിൽ തൻേറത് വളരെ നിക്ഷ്പക്ഷമായ പ്രതികരണമാണെന്നും അതിൽ പാർട്ടിയുടെ നിലപാട് ചേർത്തിട്ടില്ലെന്നും രാജി പ്രഖ്യാപനത്തിന് ശേഷം അനിൽ ആൻറണി മാധ്യമങ്ങളോട് പ്രതികരിച്ചു.

വ്യക്തിപരമായി താന്‍ ആരെയും കുറ്റപ്പെടുത്തുന്നുന്നില്ല. മുല്ലപ്പള്ളി രാമചന്ദ്രന്റെയും ശശി തരൂരിന്റെയും പ്രത്യേക താല്‍പ്പര്യ പ്രകാരമാണ് താന്‍ കോണ്‍ഗ്രസില്‍ പ്രവര്‍ത്തനം ആരംഭിച്ചത്. അന്ന് മികച്ച പ്രവര്‍ത്തനം കാഴ്ചവെയ്ക്കാന്‍ കോണ്‍ഗ്രസിന് കഴിഞ്ഞിരുന്നു. എന്നാല്‍ ഇന്ന് ആ സ്ഥിതിയല്ലെന്നും അനിൽ ആൻ്റണി ആരോപിച്ചു.

ട്വീറ്റ് പിന്‍വലിക്കണമെന്ന് തന്നോട് വിളിച്ച് പറഞ്ഞിരുന്നെങ്കിലും സാധ്യമില്ലെന്ന് പറയുകയായിരുന്നു. ഫേസ്ബുക്ക് പോസ്റ്റിലുള്ള കമന്റില്‍ നിറയെ അസഭ്യമാണ്. ഇത് പോലൊരു സാഹചര്യത്തിലേയ്ക്ക് പാര്‍ട്ടി അധപതിച്ചു പോയതില്‍ തനിക്ക് വിഷമമുണ്ട്. ഇതില്‍ പ്രതിഷേധിച്ചാണ് പാർട്ടി പദവികളിൽ നിന്നുള്ള രാജി കത്ത് എഐസിസി നേതൃത്വത്തിന് നൽകിയത്. പാര്‍ട്ടി വിടുന്നില്ലെന്നും ഇപ്പോഴത്തെ സാഹചര്യത്തില്‍ ഒരു പദവികളും ഏറ്റെടുക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.പിതാവ് ആന്റണിയുമായി ഇക്കാര്യം ചര്‍ച്ച ചെയ്തിട്ടില്ലെന്നും അനില്‍ പറഞ്ഞു.

അനിലിൻെറ രാജി അനിവാര്യമായിരുന്നുവെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഷാഫി പറമ്പില്‍ പറഞ്ഞു.കോണ്‍ഗ്രസിന്റെ നിലപാട് അന്നും ഇന്നും വ്യക്തമാണ്. അനിലിൻ്റെ അഭിപ്രായവുമായി അതിന് ബന്ധമില്ല. ഭാരത് ജോഡോ യാത്രയുടെ സന്ദേശം എല്ലാ തലത്തിലും എത്തിക്കുക എന്നത് ചുമതലയില്‍ ഇരിക്കുമ്പോള്‍ അനിൽ ആൻ്റണി ചെയ്യാതിരുന്നെങ്കിൽ അതിൽ പാർട്ടി അന്വേഷണം നടത്തണമെന്നും ഷാഫി പ്രതികരിച്ചു.

അപക്വമായ നിലപാടുകള്‍ പറഞ്ഞ് പാര്‍ട്ടിയെ പ്രതിരോധത്തിലാക്കി രാജി വെക്കുന്നതില്‍ കാര്യമില്ലെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡൻ്റ് റിജില്‍ മാക്കുറ്റി പ്രതികരിച്ചു.അനിലിൻ്റെ ആരോപണങ്ങളോട് മറുപടി പറയാന്‍ താന്‍ ആളല്ലെന്നും അദ്ദേഹം പാര്‍ട്ടിയുടെ താഴേതട്ടില്‍ പ്രവര്‍ത്തിച്ചുവന്ന ആളായിരുന്നെങ്കില്‍ പറയുന്നതില്‍ ലോജിക്ക് ഉണ്ടാകുമായിരുവെന്നും അദ്ദേഹം പ്രതികരിച്ചു.

പാര്‍ട്ടിയെ പ്രതിരോധത്തിലാക്കുന്ന അനില്‍ ആന്റണിയുടെ അപക്വമായ പ്രസ്താവനകള്‍ അദ്ദേഹം മറ്റാരുടെയെങ്കിലും ഏജൻ്റായി പ്രവര്‍ത്തിക്കുകയാണോ എന്ന് തോന്നിപ്പിക്കുന്നതാണ്. അദ്ദേഹത്തിന്റെ വ്യക്തിപരമായ അഭിപ്രായങ്ങള്‍ക്ക് പാര്‍ട്ടി മറുപടി പറയേണ്ടതില്ലെന്നും റിജിൽ വ്യക്തമാക്കി.

അനിൽ ആൻ്റണി തൻ്റെ പ്രസ്താവനയിലൂടെ പാര്‍ട്ടിയെ പ്രതിരോധത്തിലാക്കിയതിന് അപ്പുറം രാജ്യത്തെയാണ് പ്രതിരോധത്തിലാക്കിയതെന്ന് യൂത്ത് കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിൽ പ്രതികരിച്ചു.രാജ്യത്തിന്റെ തന്നെ വിശ്വാസ്യക്കെതിരെയാണ് അനില്‍ സംസാരിച്ചത്. അദ്ദേഹത്തിന്റെ പരാമര്‍ശം ഒരു തരത്തിലും ന്യായീകരിക്കാന്‍ സാധിക്കില്ല. ആ പരാമര്‍ശത്തെ തുടര്‍ന്ന് ഒന്ന് മാപ്പ് പറയാന്‍ പോലും അദ്ദേഹം തയ്യാറായിട്ടില്ല. ഒരു കോണ്‍ഗ്രസുകാരനെന്ന നിലയില്‍ അനില്‍ ആന്റണി പദവിയില്‍ നിന്ന് രാജിവെച്ചതില്‍ സന്തോഷമുണ്ടെന്നും രാഹുൽ പറഞ്ഞു.

logo
The Fourth
www.thefourthnews.in