പേവിഷ പ്രതിരോധത്തിന് പ്രത്യേക യജ്ഞം

പേവിഷ പ്രതിരോധത്തിന് പ്രത്യേക യജ്ഞം

സെപ്റ്റംബര്‍ 15 നകം എല്ലാ വളര്‍ത്തു നായ്ക്കള്‍ക്കും പ്രതിരോധ കുത്തിവയ്പ്, എല്ലാ വര്‍ഷവും സെപ്റ്റംബര്‍ പേവിഷ പ്രതിരോധ കുത്തിവയ്പ് മാസം
Updated on
1 min read

പേവിഷബാധ മൂലമുള്ള മരണങ്ങളും പേപ്പട്ടി ആക്രമണങ്ങളും വര്‍ധിക്കുന്ന സാഹചര്യത്തില്‍ പേവിഷ പ്രതിരോധത്തിന് പ്രത്യേകയജ്ഞവുമായി സംസ്ഥാന സര്‍ക്കാര്‍. തെരുവുനായ നിയന്ത്രണത്തിന് എല്ലാ ബ്ലോക്കുകളിലും എബിസി കേന്ദ്രങ്ങള്‍ ആരംഭിക്കും. ആദ്യഘട്ടമായി രണ്ട് ബ്ലോക്കുകള്‍ക്ക് ഒന്നു വീതവും എല്ലാ കോര്‍പ്പറേഷനുകളിലും ഒരു എബിസി കേന്ദ്രവും അനുവദിക്കുമെന്ന് സംസ്ഥാന മൃഗസംരക്ഷണ ഡയറക്ടര്‍ കൗസിഗന്‍ പറഞ്ഞു. എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും സെപ്റ്റംബര്‍ 15 നകം പ്രത്യേക ക്യാമ്പ് സംഘടിപ്പിച്ച് വളര്‍ത്തു നായ്ക്കള്‍ക്ക് പേവിഷ പ്രതിരോധ കുത്തിവയ്പ്പും വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കേറ്റും നല്‍കും. വളര്‍ത്തുനായകളുടെ വാക്‌സിനേഷന് നിലവില്‍ ഈടാക്കുന്ന തുകതന്നെ ഇതിനും നല്‍കിയാല്‍ മതിയാകും. എല്ലാവര്‍ഷവും സെപ്റ്റംബര്‍ പേവിഷ പ്രതിരോധ കുത്തിവയ്പ്പ് മാസമാക്കും.

മുനിസിപ്പാലിറ്റികള്‍ എബിസി കേന്ദ്രങ്ങള്‍ സ്വയം ആരംഭിക്കുകയോ ബ്ലോക്ക് പഞ്ചായത്തുകളുമായി ചേര്‍ന്ന് എബിസി നടപ്പിലാക്കുകയോ ചെയ്യാം. ജില്ലാതലത്തില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതി വിഹിതത്തില്‍ ഉള്‍പ്പെടുത്തി പദ്ധതി നടപ്പിലാക്കാന്‍ ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍മാരെ ചുമതലപ്പെടുത്തി. പ്രാദേശികതലത്തില്‍ വെറ്റിറിനറി, സീനിയര്‍ വെറ്ററിനറി സര്‍ജനായിരിക്കും എബിസി കേന്ദ്രത്തിന്റെ മേല്‍നോട്ടച്ചുമതല.

ഡോഗ് ക്യാച്ചര്‍മാരെ ജില്ലാതലത്തില്‍ കണ്ടെത്തി, എംപാനല്‍ ചെയ്ത് പരിശീലനം നല്‍കും. കുടുംബശ്രീയുമായി ബന്ധപ്പെട്ട് എബിസി കേന്ദ്രങ്ങളില്‍ ഉണ്ടായിരുന്ന ഡോഗ് ക്യാച്ചര്‍മാരുടെ സേവനവും പ്രയോജനപ്പെടുത്തും. ലോക റാബീസ് ദിനമായ സെപ്റ്റംബര്‍ 28 നു മുമ്പായി വളര്‍ത്തുനായ്ക്കളില്‍ വാക്‌സിനേഷന്‍ യജ്ഞം പൂര്‍ത്തിയാക്കും. പേവിഷ പ്രതിരോധ കുത്തിവയ്പ് നല്‍കുന്നതിന് ഡോഗ് ക്യാച്ചര്‍മാരുടെയും അനിമല്‍ ഫീഡേഴ്‌സ്, സന്നദ്ധ സംഘടനകള്‍, ഇന്ത്യന്‍ മെഡിക്കല്‍, വെറ്ററിനറി അസോസിയേഷന്‍, റസിഡന്‍സ് അസോസിയേഷനുകള്‍ എന്നിവരുടെയും സഹായം സ്വീകരിക്കും. വളര്‍ത്തു നായ്ക്കളുടെയും തെരുവ് നായ്ക്കളുടെയും വാക്‌സിനേഷന്‍ വിവരങ്ങള്‍ RFKVC bpsS പോര്‍ട്ടലില്‍ ഉള്‍പ്പെടുത്തും. ഓരോ തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലും നടക്കുന്ന വാക്‌സിനേഷനുകള്‍ ഉദ്യോഗസ്ഥര്‍ ഈ പോര്‍ട്ടലില്‍ ഉള്‍പ്പെടുത്തണം . എബിസി പദ്ധതിക്കായി എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴി ഡോക്ടര്‍മാരെ കരാറടിസ്ഥാനത്തില്‍ നിയമിക്കും. ഇതുവഴി ഡോക്ടര്‍മാരെ ലഭിക്കുന്നതു വരെ വാക്ക്- ഇന്‍ -ഇന്റര്‍വ്യൂവിലൂടെ താത്കാലിക നിയമനം നടത്തും.

logo
The Fourth
www.thefourthnews.in