ആനപ്രേമം പഴയ ഫ്യൂഡൽ ബോധത്തിന്റെ ബാക്കി
ചിന്നക്കനാലിലെ അരിക്കൊമ്പന്റെ വാർത്തകളായിരുന്നു അടുത്തിടെ കേരളത്തിലെ സജീവ ചർച്ച. അരിക്കൊമ്പനെ അവന്റെ ആവാസവ്യവസ്ഥയിൽ നിന്ന് മാറ്റരുതെന്ന് ഒരു പക്ഷവും മാറ്റണമെന്ന് മറ്റൊരുപക്ഷവും വാദിച്ചു. ശരിക്കും ആരെയാണ് മാറ്റേണ്ടത് എന്നതിനെ കുറിച്ചും തർക്കങ്ങൾ നടന്നിരുന്നു. സത്യത്തിൽ ജനാധിപത്യം പോലെ തന്നെ മാനിക്കപ്പെടേണ്ട കാര്യമാണ് മൃഗങ്ങളുടെ അവകാശങ്ങൾ അഥവാ മൃഗാധിപത്യം. മനുഷ്യൻ, ആനയുടെ വീടായ കാട്ടിലേക്ക് അനധികൃതമായി കടന്ന് അവിടെ പട്ടണസമാനമായ സൗകര്യങ്ങൾ കെട്ടിപ്പടുക്കുകയും ചെയ്യുന്നു. എന്നിട്ട് ആന അക്രമിച്ചുവെന്നതിൽ പരാതിപ്പെടുന്നു. ഈ സാഹചര്യത്തിലാണ് എം പി നാരായണ പിള്ളയുടെ 'മൃഗാധിപത്യ'മെന്ന കഥ പ്രസക്തമാകുന്നത്.
കഥയിലെ പ്രധാന കഥാപാത്രം മുന്നോട്ട് വയ്ക്കുന്ന പ്രധാന യുക്തി, കടുവ നാട്ടിലേക്ക് ഇറങ്ങിയാൽ കൊല്ലാൻ മനുഷ്യനുള്ള അധികാരം പോലെ ആനയുടെ വീടായ കാട്ടിലേക്ക് മനുഷ്യൻ കയറിയാൽ അവയും ആക്രമിക്കുമെന്നതാണ്. ആനപ്രേമെന്ന പേരിൽ നാട്ടിൽ നടക്കുന്നത് ശരിക്കും മൃഗങ്ങളോടുള്ള ക്രൂരതയാണ്. വിയർപ്പ് ഗ്രന്ധിയില്ലാത്ത മൃഗത്തെ നാട്ടിൽ പിടിച്ചുകൊണ്ട് വന്ന് ഉത്സവത്തിനും മറ്റാഘോഷങ്ങൾക്കും നിർത്തുകയാണ്. സത്യത്തിൽ ആനപ്രേമം പഴയ ഫ്യൂഡൽ ബോധത്തിന്റെ ബാക്കിയാണ് എന്നതാണ് തിരിച്ചറിയേണ്ടത്.