ഇ ഡിക്ക് തടയിട്ടോ കോടതി? കെജ്‌രിവാളിന്റെ ജാമ്യം സൂചിപ്പിക്കുന്നതെന്ത്?

കള്ളപ്പണ നിരോധന നിയമത്തിലെ വകുപ്പുകൾ ദേശീയ ഏജൻസികൾ ദുരുപയോഗം ചെയ്യുകയാണോ?

കള്ളപ്പണ നിരോധന നിയമപ്രകാരം എടുത്ത കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് കഴിഞ്ഞ ദിവസം സുപ്രീംകോടതി ജാമ്യം നൽകി. കള്ളപ്പണ നിരോധന നിയമപ്രകാരം എടുത്ത കേസുകളിൽ സാധാരണഗതിയിൽ ജാമ്യം ലഭിക്കുക എന്നത് എളുപ്പമല്ല. കോടതികൾക്ക് ജാമ്യം നൽകാം, എന്നാൽ പ്രഥമദൃഷ്ട്യാ കുറ്റക്കാരല്ലെന്ന് ബോധ്യപ്പെടണം. സമാനമായ കുറ്റകൃത്യങ്ങളിൽ ഏർപ്പെടില്ല എന്നും ഉറപ്പാക്കണം. ചുരുക്കിപ്പറഞ്ഞാൽ ജാമ്യം എന്നത് ഏകദേശം അസാധ്യമാണ്. പക്ഷെ ഈയിടെയായി കള്ളപ്പണ നിരോധനനിയമപ്രകാരം എടുത്ത ചില കേസുകളിൽ കൃത്യമായി കാരണങ്ങൾ ചൂണ്ടിക്കാണിച്ച് കോടതികൾ ജാമ്യം നൽകുന്നുണ്ട്. എന്താണ് അത് സൂചിപ്പിക്കുന്നത്? കള്ളപ്പണ നിരോധന നിയമത്തിലെ വകുപ്പുകൾ ദേശീയ ഏജൻസികൾ ദുരുപയോഗം ചെയ്യുകയാണോ?

പിഎംഎൽഎ വകുപ്പ് 19 (1) പ്രകാരമാണ് അരവിന്ദ് കെജ്‌രിവാളിനെതിരെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കേസെടുത്തത്. ആ വകുപ്പിലെ ഒരു വാക്ക് നിർവചിച്ചതിലുള്ള പ്രശനം ചൂണ്ടിക്കാട്ടിയാണ് സുപ്രീം കോടതി കഴിഞ്ഞ ദിവസം അദ്ദേഹത്തിന് ജാമ്യം നൽകുന്നത്. 'reason to believe' എന്ന വാചകം തെറ്റായി ഉദ്ദരിച്ചാണ് കെജ്‌രിവാളിനെ അറസ്റ്റു ചെയ്തതെന്നാണ് കോടതി പറഞ്ഞത്.

ഒരു ഇ ഡി ഉദ്യോഗസ്ഥന് വാറണ്ട് ഒന്നുമില്ലാതെ ഒരാളെ അറസ്റ്റ് ചെയ്യാൻ സാധിക്കും. ഉന്നത ഉദ്യോഗസ്ഥർക്ക് മാത്രമേ ഒരാളെ അറസ്റ്റു ചെയ്യാൻ അവകാശമുള്ളു എന്നാണ് നിയമം പറയുന്നത്. എന്നാൽ അതിനു ചില നിബന്ധനകളുണ്ട്. അതിൽ ഏറ്റവും പ്രധാനപ്പെട്ടത് ഒരാൾ കുറ്റവാളിയാണെന്ന് പ്രഥമദൃഷ്ട്യാ സമർത്ഥിക്കാൻ സാധിക്കുന്ന എന്തെങ്കിലും തെളിവ് കണ്ടെത്താൻ സാധിക്കണം. അയാൾ കുറ്റവാളിയെന്ന് സംശയിക്കാനുള്ള കാരണമായി നിയമത്തിൽ പറയുന്ന പ്രധാനപ്പെട്ട കാരണം, 'reason to believe' ആണിത്.

ജാമ്യം കിട്ടാതെ കാലങ്ങളോളം ജയിലിൽ കിടക്കാൻ സാധ്യതയുള്ള വകുപ്പായതുകൊണ്ടുതന്നെ കള്ളപ്പണ നിരോധന നിയമത്തിൽ ഒരാളെ അറസ്റ്റ് ചെയ്യുക എന്നത് കൃത്യമായ തെളിവുകളുടെ അടിസ്ഥാനത്തിൽ ചെയ്യേണ്ട കാര്യമാണ്. അതുകൊണ്ടു തന്നെ രാഷ്ട്രീയ വൈരാഗ്യത്തിന്റെ പേരിൽ ഈ നിയമം ദുരുപയോഗം ചെയ്യാനുള്ള സാധ്യതയുണ്ടെന്നും, പിഎംഎൽഎ കേസുകളിൽ പ്രത്യേക പരിശോധന കോടതിയുടെ ഭാഗത്തു നിന്നും ഉണ്ടാകേണ്ടതുണ്ടെന്നും, കുറ്റാരോപിതരുടെ മനുഷ്യാവകാശങ്ങൾ ലംഘിക്കപ്പെടുന്ന സാഹചര്യമുണ്ടാകരുതെന്നും സുപ്രീംകോടതി തന്നെ പറഞ്ഞിട്ടുണ്ട്.

2022ലെ വിജയ് മദൻലാൽ ചൗധരി വേഴ്സസ് യൂണിയൻ ഓഫ് ഇന്ത്യ കേസിലാണ് ആദ്യമായി സുപ്രീംകോടതി ഇഡിയുടെ അധികാരങ്ങൾക്കു മുകളിൽ നിയന്ത്രണമാവശ്യമുണ്ടെന്നു പറയുന്നത്. ഇപ്പോൾ കെജ്‌രിവാളിന്റെ കേസിലും കോടതി കൂടുതൽ ചോദ്യങ്ങൾ ഉയർത്തുന്നു. ഇനി ഭാവിയിൽ ഉണ്ടാകാൻ സാധ്യതയുള്ള കേസുകളിൽ പരിഗണിക്കാവുന്ന തരത്തിൽ കേസ് ചർച്ച ചെയ്യാൻ വിശാല ബെഞ്ചിലേക്ക് വിടുകയും ചെയ്തു.

ഇ ഡിക്ക് തടയിട്ടോ കോടതി? കെജ്‌രിവാളിന്റെ ജാമ്യം സൂചിപ്പിക്കുന്നതെന്ത്?
കയ്യിട്ടു വാരുന്ന എയര്‍ടെലും ജിയോയും; എന്തിനായിരിക്കും ഇപ്പോഴുള്ള ഈ നിരക്ക് വര്‍ധന?

ഝാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന്റെ കേസിലും സമാനമായ രീതിയിലാണ് കോടതി ജാമ്യം നൽകിയത് . ഭൂമിതട്ടിപ്പ് കേസുമായി ബന്ധപ്പെട്ടാണ് ഹേമന്ത് സോറനെ അറസ്റ്റ് ചെയ്തത്. അദ്ദേഹത്തിന് നേരെ ഉയർന്ന ആരോപണങ്ങൾ നിലനിൽക്കാത്തതിനാലാണ് കോടതി ജാമ്യം നൽകിയത്.

ഭൂമാഫിയ സംഘത്തിലെ കണ്ണിയെന്നു സംശയിക്കുന്ന ഭാനു പ്രതാപ് പ്രസാദ് എന്ന റവന്യു ഇൻസ്‌പെക്ടറുടെ പക്കൽനിന്നു കണ്ടെത്തിയ രേഖകൾ പ്രകാരമാണ് ഇ ഡി ഹേമന്ത് സോറനെതിരെ കേസെടുത്തത്. സോറൻ അനധികൃതമായി 8.36 ഏക്കർ ഭൂമി കൈവശപ്പെടുത്തിയെന്നായിരുന്നു ഇ ഡി ആരോപണം. കൂടാതെ ഖനന വകുപ്പിന്റെ ചുമതല ദുരുപയോഗം ചെയ്തു, ആദിവാസിഭൂമി തട്ടിപ്പ് എന്നിവയുൾപ്പെടെ മൂന്ന് കേസും സോറനുമേൽ ചുമത്തിയിരുന്നു. എന്നാൽ പ്രഥമദൃഷ്ട്യാ സോറൻ കുറ്റക്കാരനാണെന്ന് കോടതിക്കു മുന്നിൽ തെളിയിക്കാൻ സാധിക്കാത്തതിനാലാണ് അദ്ദേഹം ജാമ്യത്തിൽ പുറത്ത് വന്നത്.

മനീഷ് സിസോദിയ, സെന്തിൽ ബാലാജി, കെ കവിത എന്നിങ്ങനെ പ്രധാനപ്പെട്ട മറ്റ് പ്രതിപക്ഷ നേതാക്കൾക്കെതിരെയും കള്ളപ്പണ നിരോധന നിയമപ്രകാരം കേസുണ്ട്. ഡൽഹി മദ്യനയ കേസിൽ അറസ്റ്റിലായ നേതാക്കളായ മുൻ ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയ്ക്കും തെലങ്കാന മുന്മുഖ്യമന്ത്രി ചന്ദ്രശേഖർ റാവുവിന്റെ മകളും എം പിയുമായ കെ കവിതയ്ക്കുമെതിരെ ശക്തമായ തെളിവുകളൊന്നും ഇതുവരെ ഹാജരാക്കാൻ ഇഡിക്ക് സാധിച്ചിട്ടില്ല. മലയാളി മാധ്യമപ്രവർത്തകനായ സിദ്ദിക്ക് കാപ്പനെതിരെ കള്ളപ്പണ നിരോധന നിയമം ചുമത്തിയത് കയ്യിലുണ്ടായിരുന്ന നാല്പത്തയ്യായിരം രൂപ കള്ളപ്പണമാണെന്ന് പറഞ്ഞാണ്. കോടതി സിദ്ദിഖ് കാപ്പന് ജാമ്യം നൽകിയിട്ട് ഇപ്പോൾ ഒരു വർഷം കഴിഞ്ഞു.

ഇ ഡിക്ക് തടയിട്ടോ കോടതി? കെജ്‌രിവാളിന്റെ ജാമ്യം സൂചിപ്പിക്കുന്നതെന്ത്?
മുസ്ലിം വ്യക്തി നിയമം ഫലത്തിൽ റദ്ദായോ?

നിയമം വളച്ചൊടിക്കപ്പെടുകയും, ഭരണത്തിലിരിക്കുന്ന കക്ഷി രാഷ്ട്രീയ എതിരാളികളെ ഒതുക്കാൻ വേണ്ടി നിയമങ്ങൾ ദുരുപയോഗപ്പെടുത്തുകയും ചെയ്യുന്ന കാലത്ത് നിയമത്തിലെ പഴുതുകൾ കൃത്യമായി എടുത്തുകാട്ടുകയും, ദേശീയ ഏജൻസികളോട് വിശദീകരണങ്ങൾ ചോദിക്കുകയും ചെയ്യുന്ന അധികാര സ്ഥാനമായി കോടതികൾ മാറേണ്ടതുണ്ട്. ആ ഉത്തരവാദിത്തം ഉയർത്തിപ്പിടിക്കുന്നതാണ് ഏറ്റവുമൊടുവിൽ അരവിന്ദ് കെജ്‌രിവാളിന്റെ കേസിൽ വന്നിട്ടുള്ള സുപ്രീംകോടതിയുടെ നിരീക്ഷണം.

വിചാരണപോലും തുടങ്ങാതെ നിരവധി കേസുകളാണ് ഇതുപോലെയുള്ളത്. രാഷ്ട്രീയ എതിരാളികളെ ഒതുക്കാൻ ഇഡിയെയും സിബിഐയെയും ഉപയോഗിച്ച് നിലയ്ക്ക് നിർത്താൻ ശ്രമിക്കുകയാണ് കേന്ദ്ര സർക്കാർ എന്ന ആരോപണം രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള പ്രതിപക്ഷ നേതാക്കൾ നിരവധി തവണ പറഞ്ഞിട്ടുണ്ട്. എന്നാൽ അതെല്ലാം ആരോപണങ്ങളായി മാത്രം നിലനിന്നു. ഒടുവിലത്തെ ഈ കോടതി ഇടപെടൽ ഇഡിയുടെ ലക്ഷ്യത്തിലേക്കുള്ള പ്രയാണത്തിന് തടയിടലാണോ?

Related Stories

No stories found.
logo
The Fourth
www.thefourthnews.in