പെണ്ണ് ചെക്കനെ മാത്രം കണ്ടാല്‍ മതിയോ?

കൂലിപ്പണിക്കാരെ സ്വീകരിക്കാന്‍ തയ്യാറാകാത്ത പെണ്‍കുട്ടികളെക്കുറിച്ചും വലിയ വീടില്ലാത്തതിനാല്‍ പെണ്ണ് കിട്ടാത്ത മലയാളി പുരുഷന്മാരെക്കുറിച്ചും ഒരിക്കല്‍ കൂടി ചര്‍ച്ച ഉയരുകയാണ്

വരന്റെ വീട് കണ്ട് നവവധു ഇറങ്ങിപ്പോയി. തൃശൂരിലുണ്ടായ ഈ സംഭവം കേട്ട് മൂക്കത്ത് വിരല്‍ വച്ചോ മലയാളികള്‍? ഏറെ ആഘോഷത്തോടെ നടന്ന താലികെട്ടിനുശേഷം വരന്റെ വീട് കണ്ടതോടെ വധു വിവാഹത്തില്‍നിന്ന് പിന്മാറിയെന്നതായിരുന്നു വാര്‍ത്ത. തൃശൂര്‍ ജില്ലയിലെ കുന്നംകുളത്താണ് സംഭവം നടന്നത്.

ചടങ്ങുകള്‍ കഴിഞ്ഞ് വരന്റെ വീട്ടിലേക്ക് പ്രവേശിക്കാനിരുന്ന വധുവിന്റെ തീരുമാനം എല്ലാവരേയും ഞെട്ടിക്കുന്നതായിരുന്നു. ഒരു പെണ്‍കുട്ടിക്ക് വേണ്ട മിനിമം സ്വകാര്യത പോലുമില്ലാത്ത ഈ വീട്ടില്‍ കഴിയാന്‍ താന്‍ തയ്യാറല്ലെന്നായിരുന്നു വധു പറഞ്ഞത്. ഇതൊരു സാധാരണ പ്രശ്നമായി കണ്ട് പ്രശ്നം പരിഹരിക്കാനുള്ള വധുവിന്റെയും വരന്റേയും ബന്ധുക്കളുടെ ശ്രമം പെൺകുട്ടിയുടെ ഉറച്ചനിലപാടിൽ പരാജയപ്പെടുകയായിരുന്നു.

വിഷയത്തിൽ സമൂഹമാധ്യമങ്ങളിൽ വലിയ ചര്‍ച്ചയാണ് നടന്നത്. ഒരുപക്ഷം വരനൊപ്പവും മറുപക്ഷം പെണ്‍കുട്ടിക്കൊപ്പവും നിന്നു. കൂലിപ്പണിക്കാരെ സ്വീകരിക്കാന്‍ തയ്യാറാകാത്ത പെണ്‍കുട്ടികളെ കുറിച്ചും വലിയ വീടില്ലാത്തതിനാല്‍ പെണ്ണ് കിട്ടാത്ത മലയാളി പുരുഷന്മാരെക്കുറിച്ചും ഒരിക്കല്‍ കൂടി ചര്‍ച്ചയുയര്‍ന്നു.

ആണധികാരം പേറുന്ന മലയാളി വീടുകള്‍

സ്വതന്ത്രമായും മാന്യമായും ജീവിക്കാനുള്ള അവകാശം സ്ത്രീകള്‍ക്കുണ്ടെന്ന് പറയുമ്പോഴും അത് എത്രത്തോളം വിനയോഗിക്കാന്‍ സാധിക്കുന്നുണ്ടെന്ന ചര്‍ച്ച ഇന്നും ചെറു ന്യൂനപക്ഷത്തിലൊതുങ്ങുകയാണ്. വരന്റെ സഹോദരങ്ങളുടെ വിവാഹം നടന്നത് ഈ വീട്ടിലാണെന്നും ഈ പെൺകുട്ടിക്ക് മാത്രം എന്താണ് പ്രശ്നമെന്നുമാണ് തൃശൂരിലെ യുവാവിന്റെ ബന്ധുക്കൾ ഉയർത്തുന്ന ചോദ്യം.

അതൊരു ഒറ്റപ്പെട്ട ചോദ്യമല്ല. ജനനം മുതല്‍ സമൂഹം കല്‍പ്പിച്ചു കൊടുക്കുന്ന വരകളിലൂടെ ജീവിക്കാന്‍ നിര്‍ബന്ധിതരായ സ്ത്രീകളുടെ ശബ്ദമുയരുമ്പോള്‍ അസഹിഷ്ണുത തോന്നുന്നത് സ്വാഭാവികം മാത്രമാണ്. പെണ്ണായതിന്റെ പേരില്‍ സമൂഹത്തില്‍ നേരിടേണ്ടി വന്ന അനീതികളുടെ പട്ടികയിലേക്കാണ് ഈ പ്രശ്നവും ചെന്നെത്തുന്നത്.

ലിവിങ് ടുഗദറും ലിവ് ഇന്‍ റിലേഷന്‍ഷിപ്പുമൊക്കെ സ്വാഭാവികമായ ഈ കാലത്ത് വരനെ തിരഞ്ഞെടുക്കാന്‍ പോലും അവകാശമില്ലാത്ത, വിവാഹത്തിന് മുന്‍പ് ആണ്‍ വീട് കാണാനുള്ള അവകാശം നിഷേധിക്കപ്പെടുന്ന പെണ്‍കുട്ടികള്‍ പുരോഗമന കേരളത്തിന്റെ മുഖം കൂടിയാണ്. സ്ത്രീധനത്തിന്റെ പേരില്‍ കെട്ടിത്തൂങ്ങേണ്ടി വന്നാലും അഡ്ജസ്റ്റ് ചെയ്യെണമെന്ന് പഠിപ്പിക്കുന്ന രക്ഷിതാക്കളുടെ മുന്നില്‍ എനിക്കിത് പറ്റില്ലെന്ന് ഉറക്കെ പറയുന്നതും സമകാലിക രാഷ്ട്രീയം തന്നെയാണ്. പെണ്‍കുട്ടികള്‍ 'പുര നിറഞ്ഞ്' നില്‍ക്കുന്നത് കണ്ട് വേവലാതിപ്പെട്ട് കെട്ടിച്ചുവിടാന്‍ സമൂഹമാണ് ഇന്നും നമ്മുടേത്.

സമൂഹം നാടുകടത്തുന്ന പെണ്‍ ജന്മങ്ങള്‍

A woman must have money and a room of her own if she is to write fiction.”

Virginia Woolf

19-ാം നൂറ്റാണ്ടിലെ സ്ത്രീ മുന്നേറ്റങ്ങളില്‍ എടുത്തു പറയുന്ന പേരാണ് വെര്‍ജീനിയ വൂള്‍ഫ്. 1923 ല്‍ പ്രസിദ്ധീകരിച്ച A Room Of One's Own എന്ന തന്റെ പുസ്തകത്തില്‍ വൂള്‍ഫ് എഴുതുന്നതും സ്വന്തമായി ഒരു മുറിയെങ്കിലും സ്ത്രീയുടെ സര്‍ഗാത്മകതക്ക് ആവശ്യമാണെന്നായിരുന്നു. സാങ്കേതിക വിപ്ലവത്തിന്റെ 21-ാം നൂറ്റാണ്ടില്‍ ഇന്നും നമ്മള്‍ സംസാരിക്കുന്നത് ഈ അവകാശത്തെ കുറിച്ചു തന്നെയാണെന്ന വസ്തുത മറച്ചുവയ്ക്കാനാകുന്നതല്ല.

അതുവരെ ജീവിച്ചുപോന്ന വീട്ടില്‍നിന്നും ചുറ്റുപാടുകളില്‍നിന്നും പങ്കാളിയുടെ വീട്ടിലേക്ക് നാടു കടത്തപ്പെടുന്ന പെണ്‍കുട്ടികള്‍ക്ക് ഇനി ജീവിക്കേണ്ട ഇടം പരിചയപ്പെടാനുള്ള അവസരം നാട്ടുനടപ്പിന്റെ മേലങ്കിയണിഞ്ഞ് ഇനിയും എത്രകാലം നിഷേധിക്കാനാവും? കണ്ട് ഇഷ്ടപ്പെട്ടാൽ പോലും പല ഘടകങ്ങളും ആലോചിച്ചല്ലേ നാം ഒരു വാടക വീട് എടുക്കുക. ഏറ്റവും കുറഞ്ഞത് ആ യുക്തിയെങ്കിലും പെൺകുട്ടിക്ക് ആൺവീട് കാണാനുള്ള അവകാശത്തിന്റെ കാര്യത്തിൽ വകവച്ചുകൊടുക്കേണ്ടതല്ലേ?

പുതുതലമുറ ഈ നാട്ടുനടപ്പിനെ പൊളിച്ചെഴുതാന്‍ ശ്രമിക്കുന്നുവെന്നത് പ്രതീക്ഷാവഹമാണ്. കോഴിക്കോട് നടുവണ്ണൂര്‍ സ്വദേശി ചാന്ദ്നി വര്‍ഷയ്ക്ക് പറയാനുള്ളത് അത്തരമൊരു കഥയാണ്. വിവാഹത്തിനു മുന്‍പ് വരന്റ വീടു കാണാന്‍ മാതാപിതാക്കള്‍ക്കൊപ്പം പോയ കഥയുണ്ട് ചാന്ദ്നിക്ക് പറയാന്‍. വിവാഹിതരാകുന്ന പെണ്‍കുട്ടികളുടെ പ്രാഥമിക ആവശ്യം അതാണെന്ന് ചാന്ദിനി പറയുന്നു. പെണ്ണുകാണല്‍ ചടങ്ങുകള്‍ മാത്രം അരങ്ങേറുന്ന മലയാളി അകത്തളങ്ങള്‍ക്ക് ഈ സമ്പ്രദായം പുതുമയുള്ളതായിരിക്കും. ഇത്തരം മാറ്റങ്ങള്‍ സംഭവിക്കണമെങ്കില്‍ ശബ്ദം ഉയരുക തന്നെ വേണം.

അമ്മാവന്‍ കോംപ്ലക്‌സുകളില്‍ പടുത്തയര്‍ത്തിയ സാമ്പ്രദായിക കാഴ്ചപ്പാടുകളും സമീപനങ്ങളും മാറുന്ന പൊളിറ്റിക്കല്‍ കറക്ടനസിന്റെ കാലഘട്ടത്തില്‍, ഈ മാറ്റത്തെ ഉള്‍ക്കൊള്ളേണ്ടത് സമൂഹത്തിന്റെ ആവശ്യമാണ്.തൃശ്ശൂരിലെ പെണ്‍കുട്ടിയുടെ ശബ്ദം കേരളത്തിലെ ഓരോ പെണ്‍കുട്ടിയുടേതുമാകുന്ന കാലം വരേണ്ടതുണ്ട്. പെണ്ണുകാണല്‍ മാത്രമാകുന്നതില്‍നിന്ന് ആണുകാണലിലേക്കും പരസ്പരമുള്ള കാണലുകളിലേക്കും കേരളം വളരേണ്ടതുണ്ട്.

Related Stories

No stories found.
logo
The Fourth
www.thefourthnews.in