തിരുത്താൻ തയ്യാറാണ് കോൺഗ്രസ്
നിരന്തരം പുതുക്കപ്പെടുന്ന ഒരു രാഷ്ട്രീയപ്പാർട്ടിക്കു മാത്രം സാധിക്കുന്ന കാര്യമാണ്, തങ്ങൾ മുമ്പ് സ്വീകരിച്ച ഒരു നിലപാടിനെ നിലനിൽക്കുന്ന രാഷ്ട്രീയ സാഹചര്യങ്ങൾക്കനുസരിച്ച് പുനർനിർവ്വചിക്കാനോ പുനരവതരിപ്പിക്കാനോ സാധിക്കുക എന്നത്. വനിതാ ബില്ലുമായി ബന്ധപ്പെട്ട ചർച്ചകൾക്ക് തുടക്കം കുറിച്ച് കൊണ്ട് പാർലമെൻറിൽ സോണിയ ഗാന്ധി നടത്തിയ പ്രസംഗം കോൺഗ്രസിന്റെ ചരിത്രത്തിൽ ഇക്കാലം കൊണ്ട് ആ സംഘടന അഞ്ചരിച്ച ദൂരം അടയാളപ്പെടുത്തുന്ന സംഭവമായിരിക്കും. ബില്ലിനെ പിന്തുണയ്ക്കുന്നു എന്നും നടപ്പിലാക്കുന്നത് വൈകിയാൽ സ്ത്രീകളോട് ചെയ്യുന്ന ദ്രോഹമാകുമെന്നും പറഞ്ഞു വെച്ച് സോണിയ ഗാന്ധി തുടർന്നു, "പാർലമെന്റിലും സംസ്ഥാന അസ്സംബ്ലികളിലും സ്ത്രീകൾക്ക് 33 ശതമാനം സംവരണം വാഗ്ദാനം ചെയ്യുന്ന ഈ ബില്ല് പൂർണമാകണമെങ്കിൽ ഇപ്പോൾ നിർദ്ദേശിക്കപ്പെട്ട 33 ശതമാനത്തിനകത്ത് ഓബിസി, എസ് സി, എസ് ടി ഉൾപ്പെടെയുള്ള പിന്നാക്ക വിഭാഗങ്ങളെ കൂടി ഉൾപ്പെടുത്തണം." കോൺഗ്രസ് സ്വന്തം നിലപാട് പുതുക്കുന്ന സുപ്രധാന സന്ദർഭമാണീ പ്രസംഗം.
2010 ൽ കോൺഗ്രസ് കൊണ്ടു വന്ന വനിതാ സംവരണ ബില്ലും സമാനമായിരുന്നു. അന്ന് സമാജ്‌വാദി പാർട്ടിയും, ആർജെഡിയും ബിഎസ്പിയും ബില്ലിനെ എതിർക്കാൻ ഉണ്ടായ പൊതുകാരണവും പിന്നോക്കവിഭാഗങ്ങളിലെ സ്ത്രീകൾക്ക് പ്രാതിനിധ്യം നൽകിയില്ല എന്നതാണ്. അവിടെ നിന്ന് എങ്ങനെയാണ് ഇപ്പോൾ കോൺഗ്രസിന് സ്വയം പുതുക്കാൻ സാധിക്കുന്നത്?
പ്രാദേശിക നേതാക്കളുടെയും പാർട്ടികളുടെയും മാത്രം വിഷയമായിരുന്ന ജാതി സെൻസസ് കോൺഗ്രസ് പോലൊരു പാർട്ടി ഒരു ദേശീയ വിഷയമായി ഉയർത്തിക്കാണിക്കണം എന്ന് എപ്പോഴാണ് തീരുമാനിക്കുന്നത്?
രാഷ്ട്രീയമായും ചരിത്രപരമായും കോൺഗ്രസ് ഒരു നിർണ്ണായകസന്ധിയിലാണ്. അടുത്ത കാലത്ത് നടന്ന ചില കാര്യങ്ങളിൽ നിന്ന് മാത്രം അത് മനസ്സിലാക്കാനാകും. കർണാടക തെരഞ്ഞെടുപ്പിൽ എങ്ങനെ കോൺഗ്രസിന്റെ പ്രചരണ വിഷയം ഓബിസി, ദളിത് വിഭാഗങ്ങളുടെ പിന്നോക്കാവസ്ഥയും തൊഴിലില്ലായ്മയുമായി? പ്രാദേശിക നേതാക്കളുടെയും പാർട്ടികളുടെയും മാത്രം വിഷയമായിരുന്ന ജാതി സെൻസസ് കോൺഗ്രസ് പോലൊരു പാർട്ടി ഒരു ദേശീയ വിഷയമായി ഉയർത്തിക്കാണിക്കണം എന്ന് എപ്പോഴാണ് തീരുമാനിക്കുന്നത്?
സംഘ്പരിവാറിനെതിരെ പോരാടുന്നതിൽ കോൺഗ്രസിന് ഒരു തെളിച്ചം കിട്ടിയിരിക്കുന്നു എന്ന് മനസിലാക്കണം. 2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ നരേന്ദ്രമോദി നേതൃത്വം നൽകിയ എൻഡിഎ മുന്നോട്ടു വെക്കുന്ന അതിദേശീയതയെ എങ്ങനെ പ്രതിരോധിക്കണം എന്നറിയാതെ നിസ്സഹായമായി നിന്ന കോൺഗ്രസ് ഇപ്പോൾ കൈവരിച്ച കരുത്തിലേക്ക് കോൺഗ്രസ് ഒരുപാട് ദൂരം സഞ്ചരിച്ചിട്ടുണ്ട് എന്നുറപ്പാണ്. അതിന്റെ ആദ്യപടവായിരുന്നു ഭാരത് ജോഡോയും, കോൺഗ്രസ് പ്രസിഡന്റ് തിരഞ്ഞെടുപ്പും. കോൺഗ്രസ് പ്രവർത്തകരെ അടിമുടി ബാധിക്കുന്ന ഒരു മാറ്റത്തിന്റെ തുടക്കമാണിത് എന്ന ഉറപ്പിലാണ് രാഹുൽ ഗാന്ധി എന്ന നേതാവ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ നിന്ന് പൂർണ്ണമായും മാറി നിൽക്കാമെന്നും, ഭാരത് ജോഡോ എന്ന ചരിത്ര യാത്രയിലൂടെ കോൺഗ്രസ് പ്രവർത്തകരെ ഓരോരുത്തരെയും സ്വാധീനിക്കാൻ സാധിക്കുന്ന തരത്തിൽ ഒരു മുഖ്യ പ്രചാരകനായി മാറാമെന്നും തീരുമാനിക്കുന്നത്.
തുടക്കത്തിൽ ദേശീയ മാധ്യമങ്ങൾ പൂർണ്ണമായും തള്ളിക്കളഞ്ഞ, കളിയാക്കപ്പെട്ട ഒരു യാത്ര. കോൺഗ്രസ് ശക്തികേന്ദ്രങ്ങളിലൊന്നായ കേരളം വിട്ടു കഴിഞ്ഞാൽ ആളുണ്ടാകില്ലെന്ന് പരിഹസിക്കപ്പെട്ടപ്പോഴും പതറാതെ, ഇനി സർക്കാർ സാങ്കേതികത്വങ്ങൾ പറഞ്ഞ് പിടിച്ച് നിർത്താൻ നോക്കിയാൽ അതും നേരിടാം എന്ന ധൈര്യത്തിൽ ആ മനുഷ്യൻ നടന്നു തുടങ്ങി. ചുറ്റും നടക്കുന്ന ബഹളങ്ങൾക്ക് ചെവികൊടുക്കാതെ, ആളുകളെ കണ്ടും സംസാരിച്ചും കെട്ടിപ്പിടിച്ചും അയാൾ മുന്നോട്ട് നടന്നു.
യാത്രയുടെ ഇടയിലാണ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടക്കുന്നത്. മല്ലികാർജ്ജുൻ ഖാർഗെയും ശശി തരൂരും നേർക്കുനേർ. ഖാർഗെയാണ് ഔദ്യോഗിക സ്ഥാനാർത്ഥിയെന്നും, ഖാർഗെ മാത്രമേ ജയിക്കൂ എന്നും എല്ലാ കോൺഗ്രെസ്സുകാർക്കും അറിയാമായിരുന്നു. അപ്പോഴും ആ തെരഞ്ഞെടുപ്പിൽ അശോക് ഖേലോട്ട് അല്ല ദളിത് വിഭാഗത്തിൽ നിന്നുള്ള ഖാർഗെയാണ് ഔദ്യോഗിക സ്ഥാനാർഥി എന്ന് തീരുമാനിക്കുന്നിടത്ത് തന്നെ എങ്ങനെ മാറണം എന്ന് കോൺഗ്രസ് തീരുമാനിച്ചിരുന്നു. ഖാർഗെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെടുന്നിടത്ത് നിന്ന്, കാശ്മീരിൽ വെറുപ്പിന്റെ ചന്തയിൽ സ്നേഹത്തിന്റെ കട തുറക്കുമെന്ന് രാഹുൽ ഗാന്ധി പ്രസംഗിക്കുന്നത് മുതൽ ആ വ്യക്തതയും ചുവടുമാറ്റവും കാണാം.
' ബജ്‌രംഗ് ദള്ളിനെ നിരോധിക്കുമെന്ന് കോൺഗ്രസ് പറഞ്ഞു. ബിജെപി ആവനാഴിയിലെ അവസാനത്തെ അസ്ത്രം പുറത്തെടുത്തു. പ്രധാനമന്ത്രി തന്നെ ബജ്‌രംഗ് ബലി വിളിച്ചു. പക്ഷെ രക്ഷപ്പെടാനായില്ല
ഭാരത് ജോഡോയുടെ ചൂട് മാറുന്നതിന് മുമ്പാണ് കർണാടക തിരഞ്ഞെടുപ്പ്. എപ്പോഴത്തെയും പോലെ ഡബിൾ എഞ്ചിൻ സർക്കാരിനെ കുറിച്ച് മോദി പ്രസംഗിച്ചു. കയ്യിലുണ്ടായിരുന്ന ഭരണമുപയോഗിച്ച് സംസ്ഥാനത്ത് മുസ്ലിങ്ങൾക്ക് ലഭിച്ചിരുന്ന സംവരണം എടുത്ത് മാറ്റി പ്രബലരായ ലിംഗായത്ത് വൊക്കലിംഗ വിഭാഗങ്ങൾക്ക് നൽകി. വർഗ്ഗീയമായി ഭിന്നിപ്പിക്കാൻ കഴിയാവുന്നതെല്ലാം ചെയ്തു. കോൺഗ്രസ് ഒന്നിലും കൊത്തിയില്ല. തിരഞ്ഞെടുപ്പ് പൊതുയോഗങ്ങളിൽ സിദ്ധരാമയ്യ പ്രസംഗിച്ചു. 'ഞാൻ പ്രശസ്തനാണെന്ന് പ്രധാനമന്ത്രി പറയുന്നു, നിങ്ങൾ പ്രശസ്തനാണെന്ന് ഞങ്ങൾക്കറിയാം. ഇവിടെ അതല്ല വിഷയം.' ബജ്‌രംഗ് ദള്ളിനെ നിരോധിക്കുമെന്ന് കോൺഗ്രസ് പറഞ്ഞു. ബിജെപി ആവനാഴിയിലെ അവസാനത്തെ അസ്ത്രം പുറത്തെടുത്തു. പ്രധാനമന്ത്രി തന്നെ ബജ്‌രംഗ് ബലി വിളിച്ചു. പക്ഷെ രക്ഷപ്പെടാനായില്ല.
കർണാടകയിലെ കോലാറിലെ തിരഞ്ഞെടുപ്പ് യോഗത്തിൽ രാഹുൽ ഗാന്ധി സംസാരിക്കുകയാണ്. "നമുക്ക് ഇന്ന് ഓബിസിയെ കുറിച്ച് സംസാരിക്കാം." ചെറുതാണെങ്കിലും അയാളുടെ രാഷ്ട്രീയ ചരിത്രത്തിൽ ആദ്യമായിരിക്കും ഇങ്ങനെ ഒരു പ്രസംഗം ആരംഭിക്കുന്നത്. വലിച്ച് നീട്ടിയ പ്രഭാഷണമായിരുന്നില്ല അത്. 'ഗവണ്മെന്റ് ജോലികളിൽ ഇപ്പോൾ ഓ.ബി.സി ദളിത് വിഭാഗങ്ങളിൽ നിന്നുള്ള പ്രാതിനിധ്യം കേവലം 7 ശതമാനം മാത്രമാണ്.' അദ്ദേഹത്തിന് പറയാനുണ്ടായിരുന്നത്, ഈ ഒറ്റക്കാര്യമായിരുന്നു. ഒരേയൊരു കാര്യം. അടുത്ത ചോദ്യം രാജ്യത്ത് ഈ വിഭാഗങ്ങളിൽപ്പെട്ട എത്ര പേരുണ്ട് എന്നതാണ്. ആ കണക്ക് സർക്കാരിന്റെ കയ്യിൽ പോലുമില്ല. പിന്നോക്കവിഭാഗങ്ങളിൽപ്പെട്ട ആളുകൾക്ക് വേണ്ടി പദ്ധതികൾ ആവിഷ്‌ക്കരിക്കാൻ ഈ കണക്കുകൾ അനിവാര്യമാണ്. അതുകൊണ്ട് രാജ്യത്ത് ജാതി സെൻസസ് നടത്തണം. വളരെ ചുരുക്കി അദ്ദേഹം കാര്യത്തിലേക്കെത്തി. 2001 ൽ വാജ്‌പേയി സർക്കാരുണ്ടായിരുന്നപ്പോഴാണ് ആദ്യം ജാതി സെൻസസ് വേണമെന്ന ആവശ്യം ഉയരുന്നത്. അന്നത്തെ ആഭ്യന്തരമന്ത്രി എൽകെ അദ്വാനി അത് തടഞ്ഞു. പിന്നീട് സെൻസസ് നടക്കുന്നത് 2011 ൽ രണ്ടാം യു.പി.എ സർക്കാരിന്റെ സമയത്താണ്. ജാതി സെൻസസിന്റെ ആവശ്യം മനസിലാക്കാൻ സോണിയ ഗാന്ധി പ്രണബ് മുഖർജിയുടെ നേതൃത്വത്തിൽ ഒരു സമിതിയെ രൂപീകരിക്കുന്നു. സമിതി ജാതി സെൻസസ് വേണമെന്ന തീരുമാനത്തിലേക്കെത്തുന്നു. എന്നാൽ ആ സെൻസസിൽ ലഭിച്ച വിവരങ്ങൾ 2014 ൽ ഭരണത്തിൽ വന്ന ബിജെപി സർക്കാർ പൂഴ്ത്തിവെച്ചു. ഇപ്പോഴും അതാരും അറിയാതെ തന്നെ നിൽക്കുന്നു.
രാമക്ഷേത്ര നിർമ്മാണം ആരംഭിക്കുന്ന സമയത്ത് അത് ഏറ്റെടുക്കേണ്ടതുണ്ട്, ഇല്ലെങ്കിൽ ബി.ജെ.പി പൂർണ്ണമായും ഉപയോഗപ്പെടുത്തും എന്ന് ചിന്തിച്ച സംഘടനകൂടിയാണ് കോൺഗ്രസ്. രാമക്ഷേത്രത്തിൽ അവകാശവാദമുന്നയിച്ച് കോൺഗ്രസ് നേതാവ് പ്രിയങ്കഗാന്ധി ശക്തമായി രംഗത്തുണ്ടായിരുന്നു. അയോധ്യയിലേക്ക് നടക്കണോ എന്ന് സംശയിച്ചിരുന്നിടത്ത് നിന്നാണ് ദളിത് പെൺകുട്ടി ഗാങ് റേപ്പിനു വിധേയമായി കൊല്ലപ്പെട്ട ഹത്രാസിലേക്ക് തന്റെ വാഹനവ്യൂഹം കടത്തി വിടാതിരുന്നപ്പോൾ, പൊള്ളുന്ന വെയിലത്ത് രാഹുൽ ഗാന്ധി നടന്നു ചെന്നത്. അതെല്ലാം അയാൾക്ക് തിരിച്ചറിവായിരുന്നിരിക്കണം.
സവർണ്ണ സംവരണമെന്ന് വിളിക്കപ്പെട്ട EWS പിന്തുണച്ചുകൊണ്ട് സുപ്രീംകോടതി വിധി വന്നപ്പോൾ അതിനെ പൂർണ്ണമായും സ്വാഗതം ചെയ്തവരാണ് കോൺഗ്രസ്സുകാർ എന്നോർമ്മയുണ്ടല്ലോ. ഈ കഴിഞ്ഞ ദിവസങ്ങളിൽ നടന്ന കോൺഗ്രസ് പ്രവർത്തകസമിതി യോഗത്തിന്റെ പ്ലീനറിയിൽ വനിതാ ബില്ലിനൊപ്പം കോൺഗ്രസ് ചർച്ചചെയ്തത് EWS ൽ പിന്നോക്ക വിഭാഗങ്ങളെ കൂടി ഉൾപ്പെടുത്തണം എന്ന വിഷയമാണ്. എത്ര വേഗത്തിലും വ്യക്തതയോടെയുമാണ് ഒരു സംഘടന അടിമുടി തിരുത്താൻ ശ്രമിക്കുന്നത് എന്ന് ഇതിൽ നിന്ന് മനസിലാക്കാൻ സാധിക്കും.
വനിതാ ബില്ല് ആദ്യം 1996 ൽ ദേവഗൗഡ സർക്കാർ അവതരിപ്പിക്കുമ്പോൾ അതിൽ പിന്നാക്ക വിഭാഗങ്ങളിൽപ്പെടുന്ന സ്ത്രീകൾക്ക് പ്രത്യേക പ്രാതിനിധ്യം നൽകണം എന്ന് വ്യവസ്ഥയുണ്ടായിരുന്നു. എന്നാൽ 2010 ൽ യുപിഎ സർക്കാർ ബില്ല് അവതരിപ്പിക്കുമ്പോൾ അതിൽ നിന്ന് ഈ വ്യവസ്ഥ എടുത്ത് മാറ്റി. അതേ കോൺഗ്രസ്, അന്ന് തലപ്പത്തുണ്ടായിരുന്ന അതേ സോണിയ ഗാന്ധി വനിതാ സംവരണത്തിൽ പിന്നോക്ക വിഭാഗങ്ങൾക്ക് പ്രാതിനിധ്യം വേണമെന്ന് ലോക്സഭയിൽ പ്രസംഗിക്കുന്നു.
കോൺഗ്രസിന്റെ ഇപ്പോഴത്തെ നിലപാടുകൾ ഇന്നത്തെ രാഷ്ട്രീയ ഉത്തരവാദിത്തം തിരിച്ചറിഞ്ഞുകൊണ്ടാണ് എന്നതിനപ്പുറം ഇന്ന് കോൺഗ്രസിന് സ്വീകരിക്കാവുന്ന മികച്ച പൊളിറ്റിക്കൽ സ്ട്രാറ്റജിയാണ് സ്വീകരിച്ചത് എന്നും പറയാം. വലതുപക്ഷത്ത് ശക്തമായി ബിജെപി നിൽക്കുന്നിടത്ത്, മൃതു ഹിന്ദുത്വവുമായി മറ്റൊരാൾക്കവിടെ സ്ഥാനമില്ല എന്നവർ മനസിലാക്കി എന്ന് മാത്രമല്ല, ഭരണഘടനയെ ഉയർത്തിപ്പിടിക്കൽ മാത്രമാണ് ബദൽ എന്ന തിരിച്ചറിവുമുണ്ടായെന്നു പറയാം.