ഹിന്ദുത്വത്തോട് യുദ്ധം പ്രഖ്യാപിച്ച് കര്‍ണാടക

ഹിന്ദുത്വ അജണ്ടകളിൽ നിന്നെല്ലാം കർണാടകയെ മോചിപ്പിക്കുമെന്ന പ്രഖ്യാപനവുമായി കോൺഗ്രസ് സർക്കാർ

ബിജെപി സർക്കാർ ഹൈന്ദവ ധ്രുവീകരണം ലക്ഷ്യമിട്ട് കർണാടകയിൽ നടപ്പാക്കിയ  നിയമങ്ങളെല്ലാം പൊളിച്ചെഴുത്തിന് വിധേയമാക്കുകയാണ് കോൺഗ്രസ് സർക്കാർ. കന്നുകാലി കശാപ്പ് നിരോധന നിയമം,പാഠപുസ്തകങ്ങളിലെ കാവിവത്കരണം,ഹിജാബ് നിരോധനം തുടങ്ങിയ ഹിന്ദുത്വ അജണ്ടകളിൽ നിന്നെല്ലാം കർണാടകയെ മോചിപ്പിക്കുമെന്ന പ്രഖ്യാപനമാണ്  സർക്കാർ നടത്തിയിരിക്കുന്നത് . 

2020 ൽ ബൊമ്മെ സർക്കാർ കന്നുകാലി കശാപ്പ് നിരോധന നിയമത്തിൽ വരുത്തിയ  ഭേദഗതി പിൻവലിക്കാൻ സിദ്ധരാമയ്യ സർക്കാർ ഒരുങ്ങുകയാണ്. പശുക്കടത്ത്  ആരോപിച്ച് ഒരു വിഭാഗത്തിന് നേരെ അതിക്രമം അഴിച്ചുവിടാൻ സംഘപരിവാർ സംഘടനകൾ ആയുധമാക്കിയത്  ഈ നിയമത്തിലെ ഭേദഗതി ആയിരുന്നു  . പശു എന്ന വിഭാഗത്തിൽ പാൽ തരുന്ന എല്ലാ കന്നുകാലികളെയും ഉൾപ്പെടുത്തിയും അറക്കാൻ പ്രായപരിധി നിശ്ചയിച്ചുമായിരുന്നു ബിജെപി സർക്കാർ ഭേദഗതി കൊണ്ടുവന്നത്. കറവ വറ്റിയ കന്നുകാലികളെ കശാപ്പിനായി വിൽക്കാനാവാതെ നിയമത്തിലെ ശിക്ഷാവ്യവസ്ഥകൾ പേടിച്ചു തീറ്റിപോറ്റേണ്ട  ഗതികേടിലാണ് കർഷകർ. ഭേദഗതി പിൻവലിച്ചു 1964ലെ കന്നുകാലി കശാപ്പ് നിയമത്തിലേക്ക് മടങ്ങിയാൽ നിയമം കൂടുതൽ കർഷക സൗഹൃദമാകുമെന്നാണ് കോൺഗ്രസ് സർക്കാർ കരുതുന്നത് 

പാഠപുസ്തകങ്ങളിലെ കാവിവത്കരണത്തിന് തടയിടലാണ് അടുത്ത നടപടി. സ്കൂൾ പാഠപുസ്തകങ്ങളിൽ ബിജെപി സർക്കാർ  തിരുകിക്കയറ്റിയ പാഠഭാഗങ്ങൾ ഈവർഷം പഠിപ്പിക്കില്ല. ശ്രീനാരായണ ഗുരുവിനേയും ബസവേശ്വരയെയും  ബി ആർ അംബേദ്കറിനേയും ടിപ്പു സുൽത്താനെയും പാഠപുസ്തകങ്ങളിൽ നിന്ന് പുറത്താക്കിയായിരുന്നു കഴിഞ്ഞ  നാല് കൊല്ലം കൊണ്ടാണ് ബിജെപി സർക്കാർ പാഠപുസ്തക പരിഷ്‌കരണം നടപ്പിലാക്കിയത്. പകരം വി ഡി സവർക്കറും ആർഎസ്‌എസ്‌ സ്ഥാപകൻ ഹെഡ്ഗേവാറും കയറിക്കൂടി . വിദ്യാർഥി മനസുകളെ വിഷലിപ്തമാക്കുന്ന ഒന്നും പാഠപുസ്തകങ്ങളിൽ ഉണ്ടാകില്ലെന്ന പ്രഖ്യാപനം നടത്തിയിരിക്കുകയാണ്  വിദ്യാഭ്യാസ മന്ത്രി എസ്‌  മധു ബംഗാരപ്പ. ഈ അധ്യയനവർഷം പുസ്തകങ്ങളുടെ അച്ചടി പൂർത്തിയായതിനാൽ പാഠഭാഗങ്ങൾ പഠിപ്പിക്കേണ്ടതില്ലെന്ന നിർദേശം അധ്യാപകർക്ക്  നൽകാനാണ് തീരുമാനം . ബിജെപി ഇതിനെതിരെ പ്രതിഷേധിക്കുന്നുണ്ടെങ്കിലും കാര്യമാക്കാതെ മുന്നോട്ട് പോകുകയാണ് കോൺഗ്രസ് .

സംസ്ഥാനത്ത് ഏറ്റവും അധികം കോളിളക്കമുണ്ടാക്കിയ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഹിജാബ് നിരോധന വിഷയത്തിലും സർക്കാർ ഇടപെടും. കേസ് കോടതിയുടെ പരിഗണനയിലിരിക്കുന്നതിനാൽ  നിരോധനം പിൻവലിക്കുന്ന വിഷയത്തിൽ നിയമോപദേശം തേടിയിരിക്കുകയാണ് സർക്കാർ.2021ലായിരുന്നു കർണാടകയിൽ ഹിജാബ് നിരോധിച്ചുകൊണ്ട് സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കിയത്. കർണാടക ഹൈക്കോടതി ഈ ഉത്തരവ് ശരിവയ്ക്കുകയും ചെയ്തിരുന്നു . ഹിജാബ് ഇസ്ലാം മത വിശ്വാസത്തിന്റെ അവിഭാജ്യ ഘടകമല്ലെന്നായിരുന്നു  കോടതിയുടെ നിരീക്ഷണം. വിധി ചോദ്യം ചെയ്ത വിദ്യാർഥികളുടെ ഹര്‍ജിയിൽ സുപ്രീംകോടതി ഭിന്നവിധിയായിരുന്നു  പുറപ്പെടുവിച്ചത് . 

സംസ്ഥാനത്തെ കുത്തഴിഞ്ഞ ക്രമസമാധാന പാലനത്തിലും സദാചാര ഗുണ്ടായിസത്തിലുമൊക്കെ നേരിട്ട് ഇടപെടാൻ തന്നെയാണ് സർക്കാരിന്റെ തീരുമാനം . ബിജെപി ഭരണ കാലത്തിലെ പോലെ വിദ്വേഷ പ്രസംഗം  നടത്താനോ സദാചാര പോലീസിങ്ങിനോ അവസരം നൽകില്ല. മതസ്പർദ്ധ വളർത്തൽ ലക്ഷ്യമിട്ട് ഏതെങ്കിലും വിഭാഗം നടത്തുന്ന  നീക്കങ്ങൾക്ക്  കർശനശിക്ഷ ഉറപ്പാക്കും. സാമൂഹ്യ മാധ്യമങ്ങളിലൂടെ നടക്കാറുള്ള വിദ്വേഷ പ്രചാരണവും  ഇനി വച്ചുപൊറുപ്പിക്കില്ല. ആർക്കും ആരെയും എന്തും പറയാമെന്ന സാഹചര്യം കർണാടകയിൽ ഇതോടെ മാറും. 

പോലീസിലെ കാവിവത്കരണത്തിനും കോൺഗ്രസ് സർക്കാർ  മൂക്കുകയറിട്ടു കഴിഞ്ഞു. കാവിഷാളും കയ്യിൽ ചരടും കെട്ടി  ജോലിക്ക്  എത്തരുതെന്നു സംസ്ഥാന പോലീസിന് നിർദേശം നൽകിയിട്ടുണ്ട്. ജാതിയും മതവും നോക്കി കേസെടുക്കുന്ന രീതിയും അവസാനിപ്പിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. ഹലാൽ വിരുദ്ധത , ലവ് ജിഹാദ് , ഏക സിവിൽ കോഡ് നടപ്പിലാക്കൽ , സംവരണം പിൻവലിക്കൽ - അട്ടിമറിക്കൽ  ഇവയൊക്കെ പഴങ്കഥയാകും. ഭയത്തിന്റെ അന്തരീക്ഷം മാറ്റി പൊതുജനങ്ങൾക്ക് ജീവിക്കാൻ സമാധാനമുണ്ടാക്കുക, നാടിനെ പുരോഗതിയിലേക്ക് നയിക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ്  സർക്കാർ നീങ്ങുന്നത് . 

Related Stories

No stories found.
logo
The Fourth
www.thefourthnews.in