തട്ടം മാറ്റിയാൽ പുരോഗമനം ?
"മലപ്പുറത്ത് വരുന്ന പുതിയ പെൺ കുട്ടികളെ കാണൂ നിങ്ങൾ .. തട്ടം തലയിലിടാൻ വന്നാൽ അത് വേണ്ടെന്ന് പറയുന്ന പെൺകുട്ടികൾ മലപ്പുറത്തുണ്ടായത് ഈ കമ്മ്യൂണിസ്റ്റ് പാർട്ടി കേരളത്തിൽ വന്നതിന്റെ ഭാഗമായി തന്നെ വിദ്യാഭ്യാസം ഉണ്ടായതിന്റെ ഭാഗമായി തന്നെ എന്ന് ഞങ്ങൾ വിശ്വസിക്കുന്നു "
കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സംഭാവനയായി സിപിഎം സംസ്ഥാന കമ്മിറ്റി അംഗം നടത്തിയ വിലയിരുത്തലാണിത്. മുസ്ലീം സ്ത്രീകള്‍ ഇപ്പോൾ തട്ടം ഇടാതിരിക്കുന്നുണ്ടെങ്കിൽ അത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പ്രവർത്തനം കൊണ്ടാണെന്ന്. ഇത്തരമൊരു ചരിത്ര വിശകലനം ഇതുവരെ കണ്ടിട്ടില്ല. പ്രത്യേകിച്ചും കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ കാര്യത്തില്‍. എന്തുകൊണ്ടെന്നാല്‍ സ്വയം അവിശ്വാസികളും വൈരുദ്ധ്യാധിഷ്ടിത ഭൗതിക വാദത്തില്‍ വിശ്വസിക്കുന്നവരുമായിരിക്കുമ്പോഴും, കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ചെയ്തുവെച്ചിട്ടുള്ള ചില കാര്യങ്ങള്‍ ഉണ്ട്.
എന്താണന്നല്ലേ, ഒരോരുത്തര്‍ക്കും അവരുടെ വിശ്വാസത്തിന് അനുസരിച്ച് ജീവിക്കാനുള്ള സ്വാതന്ത്ര്യത്തിന് വേണ്ടി അവര്‍ പ്രവർത്തിച്ചിട്ടുണ്ട്. അല്ലെങ്കില്‍ സഖാവ് പി കൃഷ്ണപ്പിള്ളയും എ കെ ഗോപാലനുമൊക്കെ ഗുരുവായൂര്‍ പോയി സവര്‍ണ ഗുണ്ടകളുടെ അടി കൊണ്ടത് അവര്‍ക്ക് പ്രാര്‍ത്ഥിക്കാന്‍ വേണ്ടിയായിരുന്നില്ലല്ലോ? എന്നാല്‍ അതൊന്നുമല്ല അനില്‍കുമാറിനും അദ്ദേഹത്തെ പോലെ വെറുതെ യുക്തിവാദം പറഞ്ഞാല്‍ മാര്‍ക്‌സിസമാകുമെന്ന ധാരണ പുലര്‍ത്തുന്നവര്‍ക്കുള്ളത്.
അല്ലെങ്കിലും തട്ടം പിടിച്ചു കളിക്കുകയെന്നത് ഇസ്ലാമാഫോബിയയുടെ കാലത്തെ ഏറ്റവും വലിയ വിനോദമാണ്. മുസ്ലീം പെണ്‍കുട്ടികള്‍ തട്ടം ഇടുന്നതാണ് ചിലര്‍ക്ക് യാഥാസ്ഥികത്വം, മറ്റു ചിലര്‍ക്ക് അത് ഭീകരവാദം പോലുമാണ്. ഇതൊന്നും സിപിഎമ്മിന്റെ അഭിപ്രായമാവില്ല. ഇങ്ങനെ പാര്‍ട്ടിയുടെ ചരിത്രപരമായ സംഭാവനകളെക്കുറിച്ച് വികലമായ ധാരണകള്‍ പുലര്‍ത്തുന്നവരാണ് പാര്‍ട്ടിയുടെ യുവ നേതാക്കള്‍ എന്നുമാത്രം.
മത സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള നിലപാടും മതയഥാസ്ഥിതികത്വത്തിനെതിരായ നിലപാടും രണ്ടാണെന്ന കാര്യമാണ് ഇവിടെ പലരും മറക്കുന്നത്. സിപിഎം മത സ്വാതന്ത്ര്യത്തിന് വേണ്ടി നിലപാടെടുക്കുന്ന പാര്‍ട്ടിയാണ്. എന്നാല്‍ മത യഥാസ്ഥിതികത്വത്തെ അങ്ങനെ അലോസരപ്പെടുത്താറില്ല. അത് തിരഞ്ഞെടുപ്പ് രാഷ്ട്രീയം. കാന്തപുരം അബൂബക്കർ മുസ്ല്യാർ മുടിയുമായി വന്നപ്പോൾ അത് ബോഡി വെയ്‌സ്റ്റാണെന്ന് അന്നത്തെ പാര്‍ട്ടി സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞത് മാത്രമാണ് ഇപ്പോൾ ഓര്‍മ്മവരുന്നത്.
പിന്നീടെല്ലാം സമരസപ്പെടലായിരുന്നു. ശബരിമലയില്‍ പുറത്തെടുത്ത നവോഥാന നീക്കങ്ങള്‍ ഒരു തിരഞ്ഞെടുപ്പ് പരാജയത്തോടെ അവസാനിപ്പിച്ചതും, ഷംസീറിന്റെ മിത്ത് വിവാദത്തിന്റെ പരിണിതിയും മതേതര പുരോഗമന കേരളം കണ്ടതാണ്. അതുകൊണ്ട് തട്ടം തട്ടിമാറ്റി അതിന്റെ രാഷ്ട്രീയതിരിച്ചടി നേരിടാനൊന്നും സിപിഎം തയ്യാറാവില്ല. അനില്‍കുമാര്‍ സിപിഎം നേതാവെന്നത് മറന്ന്, ഒരു കേവല യുക്തിവാദി ലൈനില്‍ പറഞ്ഞുവെന്ന് മാത്രം അതിനെ കണ്ടാല്‍ മതി. അതുകൊണ്ടാണ് പാര്‍ട്ടി സെക്രട്ടറി തന്നെ അനില്‍കുമാറിന്റെ പ്രസ്താവന പാര്‍ട്ടി നിലപാടല്ലെന്ന് പറഞ്ഞത്. എന്നാല്‍ അങ്ങനെ പോരെന്നാണ് മറ്റ് ചിലരുടെ നിലപാട്.
കേരളത്തില്‍ മുസ്ലിം സ്ത്രീകളെ ആരാണ് തട്ടം അഴിപ്പിച്ചതെന്ന് ചോദിച്ച് എല്ലാ മത സംഘടനകളും രംഗത്തെത്തിയിട്ടുണ്ട്. മത സംഘടനകള്‍ക്ക് പ്രധാനം വിശ്വാസികളുടെ ജീവിത പ്രശ്‌നമല്ലെന്ന് അവര്‍ എത്രയോ തവണ കാണിച്ചു തന്നതാണ്. സ്ത്രീകള്‍ പൊതുവേദികളില്‍ കയറുന്നുണ്ടോ, പെണ്‍കുട്ടി ആണ്‍കുട്ടിയുടെ വേഷം ധരിക്കുന്നുണ്ടോ തുടങ്ങിയ കാര്യങ്ങളിലായിരുന്നു എന്നും അവരുടെ കൗതുകം. ഏത് വിവാദത്തെയും മതയാഥാസ്ഥിതികത്വത്തെ ഒന്നു കൂടി ഉറപ്പിക്കാനുളള അവസരം മാത്രമായാണ് ഇവര്‍ കാണുക.
അനില്‍കുമാറിന്റെ പ്രസ്താവനയിലെ രാഷ്ട്രീയ ധാരണ വിമര്‍ശിക്കപ്പെടേണ്ടത് തന്നെ. എന്നാല്‍ അതിനെ ഒരവസരമാക്കുന്നവരെ സമുദായത്തിലെ തട്ടമിട്ടവരും അല്ലാത്തവരുമായ പെണ്‍കുട്ടികള്‍ ഒന്ന് മാര്‍ക്ക് ചെയ്ത് വെക്കുക തന്നെ ചെയ്യണം.
തട്ടം ഇട്ടാലും ഇട്ടിലേലും ഒന്നും സംഭവിക്കില്ല. എന്നാല്‍ സമകാലിക ഇന്ത്യയില്‍ അതൊരു പ്രതിരോധത്തിന്റ ചിഹ്നം കൂടിയാണ്. ആ സാഹചര്യത്തിലാണ് അനില്‍കുമാറിന്റെ പ്രസ്താവന രാഷ്ട്രീയ അസംബന്ധമാകുന്നത്. തട്ടം അഴിപ്പിക്കാന്‍ നടക്കുന്നവര്‍ക്കിടയില്‍ തട്ടം ഇട്ടു നടക്കലില്‍ ഒരു രാഷ്ട്രീയം കൂടിയുണ്ട്. അനില്‍കുമാറിനെ പോലുള്ളവര്‍ എന്ത് പറഞ്ഞാലും തല്‍ക്കാലം തട്ടം ഇടാനാണ് തീരുമാനം.