ഉസ്താദുമാർക്ക് തീരുമാനിക്കാനുള്ളതാണോ മുസ്ലീം സ്ത്രീയുടെ ജീവിതം?

സ്വന്തം അവകാശങ്ങളെ പറ്റി തികഞ്ഞ ബോധ്യമുള്ളവരാണ് ഇന്നില്‍ ജീവിക്കുന്ന ഭൂരിഭാഗം സ്ത്രീകളും

ഇസ്ലാം മതത്തിലെ ഭാര്യാഭർതൃ ബന്ധത്തെക്കുറിച്ച് ഒരു മതപുരോഹിതൻ നടത്തിയ പ്രസംഗമാണ് ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമാവുന്നത്. പല വേദികളിലായി അവതരിക്കുന്ന പരശതം മതപണ്ഡിതന്മാരില്‍ ഒരാള്‍. സ്ത്രീകളെ തല്ലാന്‍ ഇസ്ലാം മതം അനുവദിക്കുന്ന അഞ്ച് അവസരങ്ങളെക്കുറിച്ചാണ് മഹാ പണ്ഡിതന്റെ പ്രഭാഷണം. അത് കേട്ട് കൈയടിച്ചവരുണ്ടാകാം. അയാള്‍ പറഞ്ഞതുപോലുളള അവസരങ്ങളില്‍ സ്ത്രീകളെ തല്ലിയില്ലെങ്കില്‍ ഇസ്ലാമിന് എന്തോ വലിയ കുഴപ്പം സംഭവിക്കുമെന്ന് കരുതി ഭാര്യയെ മര്‍ദനോപാധിയാക്കി മതവിധേയത്വം പ്രകടിപ്പിക്കാന്‍ ശ്രമിച്ച, അല്‍പ്പ ബുദ്ധികളുമുണ്ടാകും. എന്തായാലും നിയമവാഴ്ച ശരിയായി നടക്കുന്ന സ്ഥലമാണെങ്കില്‍ മതപ്രഭാഷകനെന്ന് സ്വയം വിളിക്കുന്ന ഈ വിദ്വാന്‍ ഇപ്പോള്‍ അറസ്റ്റിലാകേണ്ടതാണ്. എന്നാൽ അതുണ്ടായില്ല.

പ്രിയപ്പെട്ടവരേ ആരാണ് സ്ത്രീ എന്നാണ് നിങ്ങള്‍ ധരിച്ചിരിക്കുന്നത്? ഒരു സ്ത്രീയെ ശാരീരികമായി ഉപദ്രവിക്കാന്‍ നിങ്ങള്‍ക്ക് മുന്നിലുള്ള വിശ്വാസി സമൂഹത്തിന് എന്തവകാശമാണ് നിങ്ങള്‍ കല്പിച്ച് നല്‍കുന്നത്? അവളെ അടിക്കാന്‍ നിങ്ങള്‍ക്കധികാരം തന്നതാരാണ് ?

ഈ സാഹചര്യത്തിലാണ് ഇന്ത്യന്‍ മുസ്ലീം ഇപ്പോള്‍ അനുഭവിക്കുന്ന പ്രധാന വെല്ലുവിളി ഭാര്യയെ തല്ലാനുള്ള കാരണങ്ങള്‍ കണ്ടുപിടിക്കലാണെന്ന് പ്രചരിപ്പിക്കാന്‍ മത പണ്ഡിതന്റെ വേഷത്തില്‍ ചിലര്‍ എത്തുന്നത്. ഇയാള്‍ ആദ്യത്തേത് അല്ല, അവസാനത്തേതുമാവില്ല. സ്വര്‍ഗത്തില്‍ പോയാലുള്ള ജീവിതത്തിന്റെ വര്‍ണനകളും സ്ത്രീകളെ വീട്ടിൽ തളച്ചിടേണ്ടതിന്റെ മതന്യായങ്ങളും, ജ്യൂസ് കുടിക്കുന്നത് ജൂതന്മാരെ പിന്തുണയ്ക്കുന്നതിന് തുല്യമാണെന്നതും പോലുള്ള നിരവധി മനുഷ്യത്വ വിരുദ്ധമായ അപഹാസ്യ വചനങ്ങള്‍ ഇസ്ലാമിന്റെ പേരില്‍ കെട്ടി എഴുന്നളിക്കുന്ന പ്രഭാഷകരുണ്ട്. ഇവരില്‍ നിന്നാണ് ഇസ്ലാമിന് മോചനം വേണ്ടത്. ഇസ്ലാമോഫോബിയ പടര്‍ത്തുന്നതില്‍ സംഘപരിവാറിനോളം സംഭാവന ഈ പ്രഭാഷകര്‍ നല്‍കുന്നുണ്ട്. അവര്‍ യഥാർഥത്തിൽ സംഘപരിവാറിന്റെ ജോലി ചെയ്യുന്നവരാണ്. യഥാര്‍ഥത്തില്‍ സ്വന്തം അവകാശങ്ങളെ പറ്റി തികഞ്ഞ ബോധ്യമുള്ളവരാണ് ഇന്നില്‍ ജീവിക്കുന്ന ഭൂരിഭാഗം സ്ത്രീകളും.

ലളിതമായ കുറച്ച് ചോദ്യങ്ങള്‍ ഈ പ്രഭാഷകനോടും അയാളെ പിന്തുണക്കുന്ന വിശ്വാസി സമൂഹത്തോടും ഞാന്‍ ചോദിക്കട്ടെ. പ്രിയപ്പെട്ടവരേ ആരാണ് സ്ത്രീ എന്നാണ് നിങ്ങള്‍ ധരിച്ചിരിക്കുന്നത്? ഒരു സ്ത്രീയെ - അത് ഭാര്യയോ, സഹോദരിയോ അമ്മയോ സുഹൃത്തോ കാമുകിയോ ആരുമാകട്ടെ - ശാരീരികമായി ഉപദ്രവിക്കാന്‍ നിങ്ങള്‍ക്ക് മുന്നിലുള്ള വിശ്വാസി സമൂഹത്തിന് എന്തവകാശമാണ് നിങ്ങള്‍ കൽപ്പിച്ച് നല്‍കുന്നത്? അവളെ അടിക്കാന്‍ നിങ്ങള്‍ക്കധികാരം തന്നതാരാണ് ? ഏത് മതത്തിന്റെ പേരിലായാലും ഇത്തരം പ്രതിലോമതകള്‍ പ്രചരിപ്പിക്കുന്നവരുടെ സ്ഥാനം ജയിലാണ്. ഇന്ത്യയില്‍ ഇസ്ലാം സമുദായം ഇത്തരം സ്ത്രീ വിരുദ്ധ - നീതി വിരുദ്ധ പ്രഭാഷകരില്‍ നിന്ന് മോചനം നേടുക തന്നെ ചെയ്യും. അതിനായി അഭ്യസ്ഥവിദ്യരായ, മത വിശ്വാസികളും അല്ലാത്തവരുമായ മുസ്ലീം സ്ത്രീകള്‍ മുന്നോട്ടുവരുമെന്ന കാര്യത്തില്‍ സംശയമില്ല. ലോകം, അത് ഏത് മത പ്രഭാഷകന്‍ ശ്രമിച്ചാലും, മുന്നോട്ടു തന്നെയാണ് പോകുക. അതുകൊണ്ട് സ്ത്രീകളെ തല്ലിയൊതുക്കി വീട്ടിലടച്ച് മത സംരക്ഷകരായി മാറാമെന്ന് ആരും കരുതേണ്ട. ഇപ്പോള്‍ നിങ്ങളുടെ മുന്നില്‍ കേട്ടിരിക്കുന്ന വിശ്വാസി സമൂഹം തന്നെ നിങ്ങളെ നേരിട്ടുകൊള്ളും.

Related Stories

No stories found.
logo
The Fourth
www.thefourthnews.in