കേരളത്തിലെ ഗ്രാമങ്ങളിൽ നിന്ന് ലോകോത്തര വ്യവസായങ്ങളുണ്ടാകും: അനൂപ് അംബിക അഭിമുഖം
കൃത്യമായി വേതനവും ബഹുമാനവും നൽകിയാൽ കേരളീയരേക്കാൾ നന്നായി ജോലിചെയ്യുന്നവർ മറ്റാരുമില്ല. എഐ മനുഷ്യരെ അപ്രസക്തരാക്കുമെന്ന് കരുതുന്നില്ല. രണ്ടു വർഷം എടുത്ത് നമ്മൾ ചെയ്തിരുന്ന കാര്യങ്ങൾ ചിലപ്പോൾ ഒരു ദിവസം കൊണ്ട് ചെയ്യാൻ സാധിക്കും. വ്യവസായങ്ങൾ വിജയിപ്പിക്കാൻ എളുപ്പവഴികളൊന്നുമില്ല. ദ ഫോർത്തിൽ കേരള സ്റ്റാർട്ട് അപ്പ് മിഷൻ സിഇഒ അനൂപ് അംബിക.
ഗ്രാമങ്ങളിൽ വ്യവസായത്തിനാവശ്യമായ ആവാസവ്യവസ്ഥ രൂപപ്പെട്ടുവരുന്നേ ഉള്ളു. കേരളം ഒരു വലിയ നഗരമാണ്, എല്ലായിടങ്ങളും ഇന്റർനെറ്റ് വഴി ബന്ധപ്പെട്ടു കിടക്കുന്ന സ്ഥലമാണ്. വ്യാവസായിക അന്തരീക്ഷം എല്ലായിടങ്ങളിലും സൃഷ്ടിക്കുക എന്നതാണ് സ്റ്റാർട്ട് അപ്പ് മിഷന്റെ ഉദ്ദേശ്യം. എല്ലാ ജില്ലകളിലും അതിനാവശ്യമായ കേന്ദ്രങ്ങൾ നിർമ്മിക്കാനാണ് ഇപ്പോൾ ശ്രമിക്കുന്നത്. കേരളത്തിലെ സ്റ്റാർട്ടപ്പുകളുടെ എണ്ണം വർധിച്ചുകൊണ്ടിരിക്കുകയാണ്. എല്ലാ മാസവും ഇരുന്നൂറോളം സ്റ്റാർട്ട് അപ്പുകൾ രജിസ്റ്റർ ചെയ്യപ്പെടുന്നുണ്ട്.
എന്റെ ജോലി യൂണിക്കോണുകളെ ഉണ്ടാക്കുകയല്ല. സുസ്ഥിരമായി പ്രവർത്തിക്കുന്ന വ്യവസായ സ്ഥാപനങ്ങൾ ഉണ്ടാക്കാനാണ് ശ്രമിച്ചുകൊണ്ടിരിക്കുന്നത്. കേരളത്തിൽ നിന്ന് പുറത്തേക്ക് പോകുന്ന കുട്ടികൾ സ്വയം ആലോചിക്കണം തങ്ങൾ എന്തിനാണ് പുറത്ത് പോകുന്നതെന്ന്. അവരിൽ പലരും ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിനാണ് മറ്റു രാജ്യങ്ങളിലേക്ക് പോകുന്നത്. അവർക്കു വേണ്ടത് ഇവിടെ തന്നെ കൊടുക്കാൻ കഴിഞ്ഞാൽ എല്ലാവരും തിരിച്ചുവരും.