IN&OUT; Beyond the borders

ലോകം പ്രവചനാതീതമെന്ന് കരുതുന്ന രീതിയില്‍ മുന്നോട്ട് പോകുകയാണ്

ഇത് പ്രതിസന്ധിയുടെ കാലഘട്ടമെന്നാണ് വിവിധ മേഖലകളിലുള്ളവര്‍ അഭിപ്രായപ്പെടുന്നത്. ഡാവോസില്‍ നടക്കുന്ന ലോക സാമ്പത്തിക ഉച്ചകോടിയിലെ ചര്‍ച്ചയും അതു തന്നെയാണ്. അതേ സമയം ജനാധിപത്യത്തിനും നീതിയ്ക്കുമായി നിലകൊള്ളുന്നവരെ ആശ്വസിപ്പിക്കുന്ന ചില സംഭവങ്ങളും ഉണ്ടാകുന്നുണ്ട്. ബ്രസീലിലെ തിരഞ്ഞെടുപ്പ് ഫലം അത്തരത്തിലൊന്നായിരുന്നു. ആ മുന്നേറ്റത്തെ അട്ടിമറിക്കാന്‍ അവിടുന്ന് തന്നെ നീക്കങ്ങള്‍ നടക്കുന്നു. യുക്രെയ്നില്‍ യുദ്ധം തുടരുകയാണ്. ലോകം പ്രവചനാതീതമെന്ന് കരുതുന്ന രീതിയില്‍ മുന്നോട്ട് പോകുകയാണ്. ഇതിന്റെയൊക്കെ അകവും പുറവും എന്തെന്ന് പരിശോധിക്കേണ്ടതുണ്ട്.

ബ്രസീലില്‍ അധികാരത്തിലേറിയ പ്രസിഡന്റ് ലൂയിസ് ഇനാസിയോ ലൂല ദ സെല്‍വ അഭിമുഖീകരിക്കാനിരിക്കുന്ന പ്രതിസന്ധികളും, ഇസ്രായേലില്‍ അധികാരത്തിലേറിയ തീവ്ര വലതുപക്ഷ നേതാവ് ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ഭരണവുമെല്ലാം ലോകത്ത് ചര്‍ച്ചാ വിഷയമാണ്. അതിനോടൊപ്പം തന്നെ ട്വിറ്റര്‍ ഉടമസ്ഥനായ എലോണ്‍ മസ്‌കും എന്നും വാര്‍ത്തകളില്‍ ഇടം നേടുന്ന വ്യക്തിയാണ്. ഏറ്റവും കുറച്ച് കാലത്തിനുള്ളില്‍ സമ്പത്തില്‍ ഇടിവ് സംഭവിച്ച വ്യക്തിയെന്ന നിലയിലാണ് എലോണ്‍ മസ്‌ക് ഇപ്പോള്‍ അറിയപ്പെടുന്നത്.

എന്നാല്‍ മസ്‌കിന് സമാനനായ മറ്റൊരു വ്യക്തി ചരിത്രത്തിലുണ്ട്. 19ാം നൂറ്റാണ്ടില്‍ വാഹന വ്യവസായ രംഗത്ത് വലിയ സ്വാധീനം ചെലുത്തിയ ഹെന്റി ഫോര്‍ഡാണ് മസ്‌കിന്റെ മുന്‍ഗാമി. മസ്‌കിനെപ്പോലെ തീവ്ര വലതുപക്ഷ ആഭിമുഖ്യം പുലര്‍ത്തിയ വ്യക്തിയായിരുന്നു ഫോര്‍ഡ്. ഹിറ്റ്ലറിന്റെ കടുത്ത ആരാധകനായിരുന്ന ഫോര്‍ഡ് ജൂത വിരുദ്ധമായ പുസ്തകങ്ങളും പത്രങ്ങളും പുറത്തിറക്കി. പിന്നീട് വാഹന വ്യവസായ രംഗത്ത് ഫോര്‍ഡ് നേരിട്ട തകര്‍ച്ചയെല്ലാം മസ്‌കിന്റെ ഇപ്പോഴത്തെ സാഹചര്യങ്ങളുമായി ഒരുപാട് സാമ്യമുള്ളവയാണ്.

ഇസ്രാലേയല്‍ പലസ്തീനില്‍ നടത്തുന്ന അധിനിവേശത്തെ അപലപിച്ചു കൊണ്ട് ഐക്യരാഷ്ട്രസഭയില്‍ പ്രമേയം പാസാക്കിയിരിക്കുകയാണ്. അന്താരാഷ്ട്ര നീതിന്യായ കോടതി ഇതില്‍ ഇടപെടണമെന്നാണ് ഐക്യരാഷ്ട്രസഭയുടെ പ്രധാന ആവശ്യം. എന്നാല്‍ പല തവണ ഐക്യരാഷ്ട്രസഭയുടെ നിര്‍ദേശങ്ങളെല്ലാം ഇസ്രായേല്‍ കാറ്റില്‍ പറത്തിയതാണ്. ഐക്യരാഷ്ട്ര സഭയും പലസ്തീനുമായിട്ടുള്ള ബന്ധം നമ്മള്‍ ഈ സാഹചര്യത്തിലാണ് പരിശോധിക്കേണ്ടത്. ഐക്യരാഷ്ട്ര സഭ തന്നെയാണ് പലസ്തീനിന്റെയും ഇസ്രായേലിന്റെയും വിഭജനത്തിന് നേതൃത്വം നല്‍കിയത്. 32 ശതമാനം വരുന്ന ജൂതസമൂഹത്തിന് 56 ശതമാനം ഭൂമിയും 68 ശതമാനം വരുന്ന പലസ്തീന്‍ ജനതയ്ക്ക് 42 ശതമാനം ഭൂമിയുമാണ് വീതിച്ച് നല്‍കിയത്. വിഭജനത്തെ ജൂതന്മാര്‍ അംഗീകരിച്ചെങ്കിലും തങ്ങളുടെ ഭൂമിയില്‍ നടന്ന ഏകപക്ഷീയമായ തീരുമാനത്തെ ഇപ്പോഴും പലസ്തീന്‍കാര്‍ എതിര്‍ത്ത് പോരുകയാണ്.

Related Stories

No stories found.
logo
The Fourth
www.thefourthnews.in