'കുഞ്ഞുങ്ങള്‍ക്ക് കോഴിക്കോട് ബിരിയാണി നല്‍കണം എന്നുണ്ടായിരുന്നു'; അടുത്ത തവണ മാംസാഹാരവും ഉണ്ടാകുമെന്ന് വി ശിവന്‍കുട്ടി

'കുഞ്ഞുങ്ങള്‍ക്ക് കോഴിക്കോട് ബിരിയാണി നല്‍കണം എന്നുണ്ടായിരുന്നു'; അടുത്ത തവണ മാംസാഹാരവും ഉണ്ടാകുമെന്ന് വി ശിവന്‍കുട്ടി

കലോത്സവ മാന്വലും വിധികര്‍ത്താക്കളെ തിരഞ്ഞെടുക്കുന്നതും പരിഷ്കരിക്കും
Published on

സംസ്ഥാന സ്‌കൂള്‍ കലോത്സവ മെനുവില്‍ അടുത്ത വര്‍ഷം മുതല്‍ മാംസാഹാരവും ഉണ്ടാകുമെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. ''ന്‌റെ കുഞ്ഞുങ്ങള്‍ക്ക് കോഴിക്കോട് ബിരിയാണി നല്‍കണം എന്നുണ്ടായിരുന്നു. അടുത്ത തവണ വെജിറ്റേറിയനും നോണ്‍ വെജിറ്റേറിയനുമുണ്ടാകും'' - കലോത്സവം സമാപന സമ്മേളനത്തില്‍ മന്ത്രി വ്യക്തമാക്കി. കലോത്സവ മാന്വലിലും വിധികര്‍ത്താക്കളെ തിരഞ്ഞെടുക്കുന്നതിലും പരിഷ്‌കരണമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

കോഴിക്കോടുകാര്‍ കലോത്സവത്തെ കലയുടെ മഹോത്സവമാക്കി മാറ്റിയെന്ന് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ വ്യക്തമാക്കി.സമയബന്ധിതമായി പരിപാടികള്‍ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞതാണ് ഇത്തവണത്തെ കലോത്സവത്തിന്റെ വിജയമെന്ന് മന്ത്രി മുഹമ്മദ് റിയാസ് അഭിപ്രായപ്പെട്ടു. ഗായിക കെ എസ് ചിത്രയായിരുന്നു സമാപന സമ്മേളനത്തില്‍ മുഖ്യാതിഥി.

61-ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ ആതിഥേയരായ കോഴിക്കോടിനാണ് കിരീടം. 945 പോയിന്റുമായാണ് കോഴിക്കോടിന്റെ കിരീടനേട്ടം. 925 പോയിന്റോടെ നിലവിലെ ജേതാക്കളായ പാലക്കാടും കണ്ണൂരും രണ്ടാംസ്ഥാനം പങ്കിട്ടു. 915 പോയിന്റോടെ തൃശൂരാണ് മൂന്നാംസ്ഥാനത്ത്.

logo
The Fourth
www.thefourthnews.in