കലോത്സവം: ''മത്സരങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാനായി, അപ്പീലുകള്‍ കുറഞ്ഞു''
അജയ് മധു

കലോത്സവം: ''മത്സരങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാനായി, അപ്പീലുകള്‍ കുറഞ്ഞു''

കുടിവെളളവും വൈദ്യസഹായവും ഭക്ഷണ പന്തല്‍ ഉള്‍പ്പെടെ വേദികളെ ബന്ധിപ്പിച്ചുകൊണ്ട് വാഹന സൗകര്യവും ലഭ്യമാക്കിയിട്ടുണ്ടെന്ന് മന്ത്രിമാരായ വി ശിവന്‍കുട്ടിയും പി എ മുഹമ്മദ് റിയാസും
Updated on
1 min read

സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ മത്സരങ്ങള്‍ സമയബന്ധിതമായി ആരംഭിക്കാനും പൂര്‍ത്തിയാക്കാനും കഴിഞ്ഞതായി മന്ത്രിമാര്‍. എല്ലാ വേദികളിലും ആവശ്യത്തിനുളള കുടിവെളളവും വൈദ്യസഹായവും ഭക്ഷണ പന്തല്‍ ഉള്‍പ്പെടെ വേദികളെ ബന്ധിപ്പിച്ചുകൊണ്ട് വാഹന സൗകര്യവും ലഭ്യമാക്കിയിട്ടുണ്ട്. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് അപ്പീലുകളുടെ എണ്ണത്തില്‍ കുറവ് വന്നിട്ടുണ്ടെന്നും മന്ത്രിമാരായ വി ശിവന്‍കുട്ടിയും പി എ മുഹമ്മദ് റിയാസും വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

നാലാം ദിനമായ നാളെ 2161 കുട്ടികളും അവസാന ദിനത്തില്‍ 499 കുട്ടികളും മത്സരങ്ങളില്‍ പങ്കെടുക്കും.

ഇതുവരെ 151 മത്സര ഇനങ്ങളാണ് പൂര്‍ത്തിയാക്കിയത്. ഒന്നാം ദിനം 2309 കുട്ടികള്‍ കലോത്സവത്തില്‍ പങ്കെടുത്തു. രണ്ടാം ദിനം 2590, മൂന്നാം ദിനം 2849 എന്നിങ്ങനെയാണ് പങ്കെടുത്ത കുട്ടികളുടെ എണ്ണം. നാലാം ദിനമായ നാളെ 2161 കുട്ടികളും അവസാന ദിനത്തില്‍ 499 കുട്ടികളും മത്സരങ്ങളില്‍ പങ്കെടുക്കും. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ഇക്കുറി അപ്പീലുകളുടെ കുറവ് വന്നിട്ടുണ്ടെന്നും മന്ത്രിമാര്‍ ചൂണ്ടിക്കാട്ടി. ഇതുവരെ 301 ലോവര്‍ അപ്പീലുകള്‍ ലഭിച്ചു. ഡിഡിഇ -222, ഹൈക്കോടതി -7, ജില്ലാകോടതി -23, മുന്‍സിഫ് കോടതികള്‍ -48, ലോകായുക്ത -1 എന്നിങ്ങനെയാണ് അപ്പീലുകള്‍ ലഭിച്ചത്. 93 ഹയര്‍ അപ്പീലുകളും ലഭിച്ചു. അതില്‍ 63 എണ്ണത്തിന്റെ ഹിയറിംഗ് കഴിഞ്ഞു. വിഭവസമൃദ്ധമായ ഭക്ഷണമാണ് പഴയിടം നമ്പൂതിരിയുടെ നേതൃത്വത്തില്‍ നല്‍കുന്നത്. ആദ്യദിനം മൂന്ന് നേരങ്ങളില്‍ 30,000 ആളുകള്‍ക്കും രണ്ടാം ദിനം 40,000 ആളുകള്‍ക്കും മൂന്നാം ദിനമായ ഇന്ന് 30,000 ആളുകള്‍ക്കും ഭക്ഷണം നല്‍കിയതായും മന്ത്രിമാര്‍ അറിയിച്ചു.

ഫ്രീഡം സ്‌ക്വയറില്‍ നടക്കുന്ന സാംസ്‌ക്കാരിക സായാഹ്നത്തില്‍ കൈതപ്രം ദാമോതരന്‍ നമ്പൂതിരി, സുനില്‍ പി ഇളയിടം, ആലങ്കോട് ലീലാകൃഷ്ണന്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

കലോത്സവത്തോടനുബന്ധിച്ച് ബീച്ചിലെ ഫ്രീഡം സ്‌ക്വയറില്‍ ആറ് വരെ നടക്കുന്ന സാംസ്‌ക്കാരിക സായാഹ്നം പ്രമുഖ സാഹിത്യകാരന്‍ എം മുകുന്ദന്‍ ഉദ്ഘാടനം ചെയ്തു. തുടര്‍ന്നുള്ള ദിവസങ്ങളില്‍ നടക്കുന്ന സാംസ്‌ക്കാരിക സായാഹ്നത്തില്‍ കൈതപ്രം ദാമോതരന്‍ നമ്പൂതിരി, സുനില്‍ പി ഇളയിടം, ആലങ്കോട് ലീലാകൃഷ്ണന്‍ തുടങ്ങിയവര്‍ പങ്കെടുക്കും. കലാപരിപാടികളും അരങ്ങേറും.

കലാമത്സരങ്ങള്‍ വീക്ഷിക്കുന്നതിനായി അത്ഭുതപൂര്‍വ്വമായ തിരക്കാണ് ഓരോ വേദിയിലും അനുഭവപ്പെട്ടുകൊണ്ടിരിക്കുന്നത്. ജനപ്രതിനിധികള്‍, പൗരപ്രമുഖര്‍, വിവിധ വകുപ്പുകള്‍, പൊതുജനങ്ങള്‍ എന്നിവരുടെ മികച്ച സഹകരണത്തോടെയാണ് മേള സംഘടിപ്പിച്ചിട്ടുളളത്. കോഴിക്കോടിന്റെ മുഴുവന്‍ സ്‌നേഹവും, ആതിഥ്യവും മേളയില്‍ പ്രകടമാണ്. കോഴിക്കോട് ജനത ഹൃദയത്തിലേറ്റിയ മേളയാണ് 61-ാമത് സ്‌ക്കൂള്‍ കലോത്സവമെന്നും മന്ത്രിമാര്‍ കൂട്ടിച്ചേര്‍ത്തു.

logo
The Fourth
www.thefourthnews.in