സംസ്ഥാന സ്കൂൾ കലോത്സവത്തിനൊരുങ്ങി കോഴിക്കോട്; മാസ്കും സാനിറ്റൈസറും നിർബന്ധം
രണ്ട് വർഷത്തെ കോവിഡ് ഇടവേളയ്ക്ക് ശേഷം 61-ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിന് അരങ്ങുണരുകയാണ്. കുരുന്നുകളുടെ കലാമേളയ്ക്ക് കോഴിക്കോടാണ് ഇക്കുറി വേദിയാകുന്നത്. ഏഴ് വർഷത്തിന് ശേഷമാണ് സംസ്ഥാന സ്കൂൾ കലോത്സവം കോഴിക്കോട് എത്തുന്നത്. ജനുവരി 3 മുതല്‍ 7 വരെ നടക്കുന്ന കലോത്സവം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.
കലോത്സവ വേദിയില്‍ മാസ്‌ക് നിര്‍ബന്ധമാക്കുമെന്നും സാനിറ്റൈസർ ഉറപ്പാക്കുമെന്നും പൊതുവിദ്യാഭ്യാസവകുപ്പ് മന്ത്രി വി ശിവൻകുട്ടി വ്യക്തമാക്കി. ഗ്രീന്‍ പ്രോട്ടോകോള്‍ പാലിച്ചായിരിക്കും ഇത്തവണത്തെ കലോത്സവം. ജനുവരി 2 ന് രാവിലെ 11 മണി മുതല്‍ രജിസ്‌ട്രേഷന്‍ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.
എ ഗ്രേഡ് നേടുന്ന മത്സരാര്‍ത്ഥികള്‍ക്ക് ഒറ്റത്തവണ സ്‌കോളര്‍ഷിപ്പ് 1,000 രൂപ
239 ഇനങ്ങളിലായി 14,000ത്തോളം വിദ്യാർഥികളാണ് ഇക്കുറി കലോത്സവത്തില്‍ മാറ്റുരയ്ക്കുക. എ ഗ്രേഡ് നേടുന്ന മത്സരാര്‍ഥികള്‍ക്ക് ഒറ്റത്തവണ സ്‌കോളര്‍ഷിപ്പ് 1,000 രൂപ വീതം നല്‍കുമെന്നും അടുത്ത തവണ മുതല്‍ സ്‌കോളര്‍ഷിപ്പ് വര്‍ധിപ്പിക്കുമെന്നും മന്ത്രി അറിയിച്ചു. കലോത്സവത്തിന് നാടന്‍ കലാരൂപങ്ങള്‍ക്കാകും ഇത്തവണ പ്രാധാന്യം നല്‍കുക. കലോത്സവ നടത്തിപ്പിനായി ഇത്തവണ 21 കമ്മിറ്റികൾ ഉണ്ടായിരിക്കും. രണ്ടാം തീയതി മുതല്‍ കലോത്സവത്തിനായി എത്തുന്ന മത്സരാര്‍ഥികൾക്കായി റെയില്‍വേ സ്റ്റേഷനില്‍ വാഹനം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
17,000 പേര്‍ക്ക് ഭക്ഷണം ഏർപ്പെടുത്തിയെന്ന് മന്ത്രി
റെയില്‍വേ സ്റ്റേഷനില്‍ ഹെല്‍പ്പ് ഡെസ്കും ഏര്‍പ്പെടുത്തിയിട്ടുണ്ട്. മത്സരക്രമീകരണവും റൂട്ട് മാപ്പും ഇവിടെ ലഭിക്കും. കലോത്സവത്തിൽ പങ്കെടുക്കാനെത്തുന്ന വിദ്യാര്‍ഥികള്‍ക്കായി 10 സ്കൂളുകളില്‍ താമസ സൗകര്യം ഉറപ്പാക്കുമെന്നും 17,000 പേര്‍ക്ക് ഭക്ഷണം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി. നിലവിലെ ചാമ്പ്യൻമാരായ പാലക്കാട് ടീമിൽ നിന്ന് കപ്പ് കോഴിക്കോട് ജില്ല അതിർത്തിയിൽ സ്വീകരിക്കും.