കലോത്സവ ഊട്ടുപുരയില്‍ അടുത്ത വർഷം മുതൽ മാംസാഹാരവും; വിവാദങ്ങള്‍ക്ക് പിന്നില്‍ ഗൂഢ ലക്ഷ്യമെന്ന് വി ശിവന്‍കുട്ടി
സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ അടുത്ത വർഷം മുതൽ നോൺ വെജിറ്റേറിയൻ വിഭവങ്ങളും വിളമ്പുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. സ്കൂൾ കലോത്സവത്തില്‍ വെജിറ്റേറിയൻ ഭക്ഷണം മാത്രം നൽകുന്നതുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് തീരുമാനം.
''വൈവിധ്യങ്ങളുടെ ഉത്സവമാണ് സംസ്ഥാന സ്കൂൾ കലോത്സവം. വൈവിധ്യങ്ങളെ പ്രോത്സാഹിപ്പിക്കുന്ന നടപടികൾ തന്നെയാകും വിദ്യാഭ്യാസ വകുപ്പിൽ നിന്ന് ഉണ്ടാവുക. അടുത്തവര്‍ഷം മുതല്‍ നോണ്‍ വെജിറ്റേറിയന്‍ വിഭവങ്ങളും ഉണ്ടാകും. ഈ വർഷം തന്നെ മാറ്റങ്ങള്‍ കൊണ്ടുവരാനാകുമോ എന്നത് പരിശോധിക്കും'' - മന്ത്രി വ്യക്തമാക്കി.
ഇതുമായി ബന്ധപ്പെട്ട ആരോഗ്യകരമായ ചർച്ചകളെ സ്വാഗതം ചെയ്യുന്നു. എന്നാൽ രാഷ്ട്രീയ ലക്ഷ്യങ്ങളോടെയുള്ള വിവാദങ്ങള്‍ക്ക് പിന്നിൽ ഗൂഢലക്ഷ്യങ്ങളുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
പഴയിടം മോഹനൻ നമ്പൂതിരിയുടെ നേതൃത്വത്തിലാണ് സ്കൂള്‍ കലോത്സവത്തിനായുള്ള ഭക്ഷണം തയ്യാറാക്കുന്നത്. മെനുവില്‍ അതിൽ നോൺ വെജ് ഭക്ഷണം ഉൾക്കൊള്ളിക്കാത്തതിനെ ചൊല്ലി ചൂടു പിടിച്ച ചർച്ചകളായിരുന്നു സമൂഹമാധ്യമങ്ങളിൽ നടന്നത്. സര്‍ക്കാര്‍ തീരുമാനിച്ച മെനു പ്രകാരമാണ് ഭക്ഷണം നല്‍കുന്നതെന്നായിരുന്നു പഴയിടം മോഹന്‍ നമ്പൂതിരി നല്‍കിയ വിശദീകരണം.