സംസ്ഥാന സ്‌കൂള്‍ കലോത്സവം: കൃതികളിലൂടെ അനശ്വരമായ ദേശനാമങ്ങളുടെ കഥ പറയുന്ന വേദികൾ
ലോകത്തിന് മുന്നില്‍ മലയാളത്തെ അടയാളപ്പെടുത്തിയ സാഹിത്യ കൃതികളിലെ സ്ഥലനാമങ്ങളാണ് അറുപത്തിയൊന്നാം സംസ്ഥാന സ്‌കൂള്‍ കലോത്സവവേദികള്‍ക്ക് നല്‍കിയിരിക്കുന്നത്. മഹത്തായ സാഹിത്യകാരന്മാര്‍ക്കുള്ള കോഴിക്കോടിന്റെ ആദരവാണ് വേദികള്‍ക്ക് പുതുമയേറിയ ഈ പേരുകള്‍. ദേശത്തിന്റെ കഥാകാരന്‍ എസ് കെ പൊറ്റക്കാടിന്റെ അതിരാണിപ്പാടത്ത് എട്ടാം തവണ കലയുടെ കേളികൊട്ട് ഉയരുമ്പോള്‍ 24 വേദികളുടെയും പേരുകള്‍ മത്സരാര്‍ഥികളും കാണികളും മറക്കാനിടയില്ല.
ഒന്നാം വേദിയായ വെസ്റ്റ്ഹില്ലിലെ ക്യാപ്റ്റന്‍ വിക്രം മൈതാനത്തിന് തെരുവിന്റെ കഥാകാരന്‍ അനശ്വരമാക്കിയ അതിരാണിപ്പാടത്തേക്കാള്‍ മികച്ച പേര് എന്തുണ്ട്? നാടകം കൊണ്ട് അരങ്ങുകള്‍ കീഴടക്കിയ കോഴിക്കോടിന്റെ നാടകകാരന്‍ കെ ടി മുഹമ്മദിന്റെ കൃതിയായ 'ഇത് ഭൂമിയാണെന്നതില്‍' നിന്ന് കടം കൊണ്ടതാണ് രണ്ടാമത്തെ വേദിയായ ഭൂമി. 'സാമൂതിരി സ്‌കൂളാണ്' രണ്ടാം വേദി. നാടകം തന്നെയാണ് ഇവിടെ ആദ്യത്തെ മത്സരവും. എം ടിയുടെ പ്രിയപ്പെട്ട ഇടം 'കൂടല്ലൂരെന്ന' പേരിലാണ് മൂന്നാം വേദി അറിയപ്പെടുന്നത് സാമൂതിരി സ്‌കൂള്‍ തന്നെയാണ് മൂന്നാം വേദിയും.
ബസ് കാത്തിരിക്കുന്ന രവിയുടെ ഇഷ്ടഗ്രാമം ഇതിഹാസം പിറന്ന 'തസ്രാക്കാണ്' നാലാമത് വേദിയായ പ്രൊവിഡന്‍സ് സ്‌കൂള്‍. അഞ്ചാം വേദി ബേപ്പൂരിന്റെ സുല്‍ത്താനുള്ള സമര്‍പ്പണം. നാരകപൂരവും, സേതുവിന്റെ പാണ്ഡവപുരമെല്ലാം പിന്നാലെ വരുന്നുണ്ട്. തുടര്‍ന്നുള്ളത് തൃക്കോട്ടൂരിന്റെ പെരുമ വിളിച്ചോതിയെ യു എ ഖാദറിനെയും, പാലേരിയുടെ കഥാകാരന്‍ ടിപി രാജീവനെയും അനുസ്മരിക്കുന്ന കലാവേദികള്‍.
തിക്കോടിയിലും, മൂപ്പിലശ്ശേരിയിലും തീരുന്നില്ല. മാധവിക്കുട്ടിയിലൂടെ മലയാളികളുടെ പ്രിയപ്പെട്ട ഇടമായി മാറിയ പുന്നയൂര്‍ക്കുളം, ഒന്‍എന്‍വിയുടെ ഉജ്ജയിനിയും പി വത്സലയുടെ സാഹിത്യകൃതികള്‍ക്ക് പരിസരമായ തിരുനെല്ലിയും മുകുന്ദന്റെ മയ്യഴിയും കടന്ന് യു കെ കുമാരന്റെ തക്ഷന്‍കുന്ന്. മണ്‍മറഞ്ഞ് പോയവര്‍ക്ക് ഒപ്പം സഹിത്യലോകത്ത് ചിരപ്രതിഷ്ഠ നേടിയ പ്രശസ്തരായ ആധുനിക എഴുത്തുകാരെയും സംഘാടകര്‍ മറന്നില്ല. മനുഷ്യന് ആമുഖം കുറിച്ച കഥാകാരന്റെ പ്രിയപ്പെട്ട തച്ചനക്കരയാണ് ഇരുപത്തിരണ്ടാം വേദിയായ നടക്കാവ് ഗേള്‍സ് സ്‌കൂള്‍. അടുത്തതായി വരുന്നത് എന്‍എസ് മാധവന്റെ ലന്തന്‍ ബത്തേരി. ബത്തേരി കടന്നാല്‍ വയനാട്ടിലെ കനവിലുള്ള കെ ജെ ബേബിയുടെ സ്വന്തം മാവേലി മന്റം.
കേവലം പേരുകളിലൊതുങ്ങില്ല കലയും സാഹിത്യവും തമ്മിലുള്ള ബന്ധം. സ്‌കൂള്‍ യുവജനോത്സവത്തില്‍ മുഖ്യാതിഥികളായി ആയി എത്തുന്നവര്‍ക്ക് കോഴിക്കോട്ടെ സാഹിത്യകാരന്മാരുടെ കൈയ്യൊപ്പോടുകൂടിയ പുസ്തകങ്ങളാണ് സമ്മാനമായി നല്‍കുന്നത്. കൈനിറയെ സാഹിത്യവും, കലയും, മധുരവും പകര്‍ന്നു തരാന്‍ കാത്തിരിക്കുകയാണ് കോഴിക്കോട്.