62-ാം സംസ്ഥാന സ്കൂൾ കലോത്സവത്തിൽ കപ്പടിച്ച് കണ്ണൂർ; രണ്ടാം സ്ഥാനത്ത് കോഴിക്കോട്
കൊല്ലം ആതിഥേയത്വം വഹിച്ച 62-ാം സംസ്ഥാന സ്കൂൾ കലോത്സവത്തിൽ കിരീടം കണ്ണൂരിന്. അവസാന നിമിഷം വരെ നീണ്ടുനിന്ന ഇഞ്ചോടിഞ്ച് മത്സരത്തിൽ 952 പോയിന്റോടെയാണ് കണ്ണൂർ കിരീടം ഉറപ്പിച്ചത്.
കഴിഞ്ഞ തവണ ചാമ്പ്യന്മാരായ കോഴിക്കോടാണ് 949 പോയിന്റുമായി രണ്ടാം സ്ഥാനത്ത്. മൂന്നാമതെത്തിയ പാലക്കാടിന് 938 പോയിന്റാണുള്ളത്. സ്കൂളുകളിൽ ബിഎസ്എസ് ഗുരുകുലം എച്ച്എസ്‌എസ് ആലത്തൂരാണ് ഒന്നാമത് (249 പോയിന്റ്).
രണ്ട് ദശാബ്ദങ്ങൾക്ക് ശേഷമാണ് കൗമാരകിരീടം കണ്ണൂരിലെത്തുന്നത്. 1956 ആരംഭിച്ച കലോത്സവത്തിൽ കണ്ണൂരിന്റെ നാലാം കിരീടനേട്ടമാണിത്. കണ്ണൂർ നൽകിയ അപ്പീലിൽ ലഭിച്ച പോയിന്റാണ് അവരെ കൊല്ലത്ത് നടന്ന കലോത്സവത്തിൽ ഓവറാൾ ചാമ്പ്യന്മാരാക്കിയത്. നാടോടി നൃത്തം, പരിചമുട്ട്, വഞ്ചിപ്പാട്ട്, ട്രിപ്പിൾ ജാസ് തുടങ്ങിയ മത്സരങ്ങളായിരുന്നു സമാപന ദിവസം വേദിയിൽ അരങ്ങേറിയത്. വൈകിട്ട് നടക്കുന്ന സമാപന സമ്മേളനത്തിൽ നടൻ മമ്മൂട്ടിയാണ് മുഖ്യാതിഥി. പ്രതിപക്ഷ നേതാവ് വി ഡി സതീശൻ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്യും.