'റാപ്പ് സ്വഭാവമുള്ള പുതിയ പാട്ടുകൾ മടുപ്പിക്കുന്നത്'; റഫീഖ് അഹമ്മദ് അഭിമുഖം
സിനിമയിൽ ഏറ്റവും കുറഞ്ഞ പ്രതിഫലവും അവഗണനയും പാട്ടെഴുത്തുകാർക്കാണെന്ന് റഫീഖ് അഹമ്മദ്. മറ്റു സ്ഥലങ്ങളിൽ നിന്ന് നമ്മൾ സ്വീകരിച്ച റാപ്പ് പോലുള്ള ശൈലികൾ അതുപോലെ അനുകരിക്കാതെ അത് നമ്മുടേതാക്കി മാറ്റാൻ സാധിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. "ഇന്നത്തെ രാഷ്ട്രീയ സാഹചര്യം നമ്മളെ വല്ലാതെ അസ്വസ്ഥരാക്കുന്നുണ്ട്. അഴുക്കില്ലം പോലൊരു നോവൽ ഇന്ന് എഴുതേണ്ടതില്ല. അത് ഇന്നത്തെ യാഥാർഥ്യം." ദ ഫോർത്ത് റൈറ്റ് നൗവിൽ ഗാനരചയിതാവും കവിയുമായ റഫീഖ് അഹമ്മദ്.
"ആടുജീവിതത്തിലെ ഓമനേ എന്ന പാട്ടിന്റെ ട്യൂൺ ആദ്യമായി കേൾക്കുമ്പോൾ വെള്ളത്തുള്ളികളുടെ കിലുക്കം അതിൽ തോന്നിയിരുന്നു." ഇന്ന് പാട്ടുകൾക്ക് സിനിമയെ ആശ്രയിക്കേണ്ട കാര്യമില്ലെന്നും, ആ സാധ്യത ഉപയോഗപ്പെടുത്തണമെന്നും റഫീഖ് അഹമ്മദ് പറയുന്നു. "കവിതപോലെയല്ല, പാട്ട് ഒരിക്കലും നമ്മുടേത് മാത്രമെന്ന് പറയാൻ സാധിക്കില്ല. അത് ഒരുപാടുപേർ ഒരുമിച്ച് ചേരുന്ന ഒരു കലാസൃഷ്ടിയാണ്." പാട്ട് പലപ്പോഴും ആരെഴുതി എന്ന് ആളുകൾക്കറിയില്ല. 'മരണമെത്തുന്ന നേരത്ത്' എന്ന പാട്ടുപോലും നിങ്ങളാണോ എഴുതിയത് എന്ന് എന്നോട് ആളുകൾ ചോദിച്ചിട്ടുണ്ടെന്നും റഫീഖ് അഹമ്മദ്.
നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങൾ നമ്മളെ വളരെ അസ്വസ്ഥപ്പെടുത്തുന്നുണ്ട്. ഒട്ടും സഹിക്കാൻ സാധിക്കാതെ വരുമ്പോഴാണ് പ്രതികരണമെന്നരീതിയിൽ കവിതയോ ഫേസ്ബുക് പോസ്റ്റോ എഴുതുന്നത്. അങ്ങനെയാണ് പൗരത്വ ഭേദഗതി നിയമത്തത്തെ കുറിച്ച് അപൗരൻ എന്ന കവിത എഴുതിയത്- റഫീഖ് അഹമ്മദ് പറയുന്നു.