മുസ്ലിം വ്യക്തി നിയമം ഫലത്തിൽ റദ്ദായോ?

മുസ്ലിം സ്ത്രീയുടെ അവകാശങ്ങൾക്കും മതേതരനിയമങ്ങൾ ബാധകമാണെന്ന് വന്നതോടെ, ഏക സിവിൽ കോഡിനായി ഉന്നയിക്കപ്പെടുന്ന ഒരു വാദം കൂടി ഇല്ലാതാവുകയാണ്

രാജ്യത്തെ മുസ്ലിം സ്ത്രീകളുടെ, പ്രത്യേകിച്ച് വിവാഹമോചിതയായ മുസ്ലിം സ്ത്രീയുടെ അവകാശങ്ങളെ ഉയർത്തിപ്പിടിക്കുന്ന വിധിയായിരുന്നു 2024 ജൂലൈ പത്തിന് സുപ്രീംകോടതി പുറപ്പെടുവിച്ചത്. മുസ്ലിം സ്ത്രീയുടെ അവകാശങ്ങൾ ഊന്നിപ്പറഞ്ഞ കോടതി വിധി ഫലത്തിൽ റദ്ദ് ചെയ്തത്, 1986ൽ രാജീവ് ഗാന്ധി സർക്കാർ പാസാക്കിയ, മുസ്ലിം യാഥാസ്ഥിതിക വിഭാഗത്തെ പ്രീണിപ്പിക്കാനായുള്ള നിയമം കൂടിയായിരുന്നു. മുസ്ലിം സ്ത്രീയുടെ അവകാശങ്ങൾക്കും മതേതരനിയമങ്ങൾ ബാധകമാണെന്ന് വന്നതോടെ, ഏക സിവിൽ കോഡിനായി ഉന്നയിക്കപ്പെടുന്ന ഒരു വാദം കൂടി ഇല്ലാതാവുകയാണ്. അതെന്തായാലും മുസ്ലിം സ്ത്രീ അവകാശങ്ങളിൽ നിർണായകമാണ് ജൂലൈ പത്തിന് പുറത്തുവന്ന വിധി.

സുപ്രീംകോടതി
സുപ്രീംകോടതി

1986ൽ രാജീവ് ഗാന്ധി സർക്കാർ പാസാക്കിയ Muslim Women (Protection of Rights on Marriage) Act പ്രകാരമായിരുന്നു ഇന്ത്യയിലെ മുസ്ലിം സ്ത്രീകളുടെ വിവാഹമോചനത്തിന് ശേഷമുള്ള ജീവനാംശം സംബന്ധിക്കുന്ന നിയമവ്യവഹാരങ്ങൾ നടന്നുപോന്നിരുന്നത്. പിന്നീട് മുത്തലാഖ് നിരോധിച്ച 2019ലെ ഭേദഗതിയും അതിനൊപ്പം കൂട്ടിച്ചേർക്കപ്പെട്ടിരുന്നു.

ആ നിയമപ്രകാരം, ഒരു മുസ്ലിം സ്ത്രീക്ക് ജീവനാംശത്തിനുള്ള അവകാശം 'ഇദ്ദ' കാലയളവ് വരെ മാത്രമാണ്. വിവാഹമോചനം നേടുന്ന മുസ്ലിം സ്ത്രീ അനുഷ്ഠിക്കേണ്ട ഒരു നിശ്ചിത കാലയളവിനെയാണ് ഇദ്ദ കൊണ്ട് ഉദ്ദേശിക്കുന്നത്. മൂന്ന് മാസത്തോളമുള്ള ഇദ്ദ കാലയളവിൽ മറ്റൊരു വിവാഹം മുസ്ലിം വ്യക്തി നിയമപ്രകാരം, നിഷിദ്ധമാണ്.

ജസ്റ്റിസ് ബി വി നാഗരത്ന
ജസ്റ്റിസ് ബി വി നാഗരത്ന

1986ലെ നിയമം മുസ്ലിം സ്ത്രീക്ക് ചെറിയൊരു കാലയളവിലേക്ക് മാത്രമേ ജീവാനാംശത്തിനുള്ള അവകാശം നൽകുന്നുള്ളൂ എന്ന് ചുരുക്കം... മുസ്ലിം സ്ത്രീ അവകാശങ്ങളെ യാഥാസ്ഥിതിക പുരുഷമേധാവിത്വത്തിന് മുന്നിൽ അടിയറവെച്ചുകൊണ്ടാണ് രാജീവ് ഗാന്ധിയുടെ കാലത്ത് ഈ നിയമം കൊണ്ടുവന്നത്.

ഷാ ബാനു കേസ്

മധ്യപ്രദേശിലെ ഇൻഡോറിൽ അഭിഭാഷകനായിരുന്ന മുഹമ്മദ് അഹമ്മദ് ഖാനിൽനിന്ന് വിവാഹമോചനത്തിന് ശേഷം ജീവനാംശം ആവശ്യപ്പെട്ടാണ് 62 കാരിയായ ഷാ ബാനു കോടതിയെ സമീപിക്കുന്നത്. വിവാഹം കഴിഞ്ഞ് 42 വർഷങ്ങൾക്ക് ശേഷം വിവാഹമോചിതയായ തനിക്ക് അധ്വാനിച്ച് ജീവിക്കാനുള്ള സാഹചര്യമില്ലെന്നും അതിനാൽ ജീവനാംശം നല്കണമെന്നുമായിരുന്നു ഷാ ബാനുവിന്റെ ആവശ്യം. ഒടുവിൽ 1985 ഏപ്രിൽ 23ന്, വൈ വി ചന്ദ്രചൂടിന്റെ ബെഞ്ച് പരിഗണിച്ച കേസിൽ ഷാ ബാനുവിന് അനുകൂലമായ വിധിയുണ്ടായി.

ഷാ ബാനു
ഷാ ബാനു

മുസ്ലിം സ്ത്രീകളുടെ ദുരവസ്ഥയ്ക്ക് ഒരു താങ്ങാകുമെന്ന് കരുതിയിരുന്ന വിധിക്കെതിരെ, പക്ഷേ മുസ്ലിം യാഥാസ്ഥിതിക വിഭാഗം ഒന്നടങ്കം രംഗത്തിറങ്ങി. അക്കാലത്ത് ബോംബെയിൽ നടന്ന പ്രതിഷേധറാലിയിൽ ഏകദേശം അഞ്ച് ലക്ഷത്തോളം മുസ്ലിങ്ങൾ പങ്കെടുത്തുവെന്നാണ് കണക്ക്. അത്രത്തോളം വലിയ പ്രതിഷേധമായിരുന്നു രാജ്യത്താകമാനം ഷാ ബാനു കേസിലെ വിധിക്കെതിരെ അലയടിച്ചത്. പ്രതിഷേധങ്ങൾക്ക് നേതൃത്വം നൽകിയത് പുരുഷ യാഥാസ്ഥിതിക ശക്തികളും.

ഈ സമയത്താണ് തങ്ങളുടെ മുസ്ലിം വോട്ടുകളിൽ ചോർച്ചയുണ്ടാകുന്നുവെന്ന് ധരിച്ച രാജീവ് ഗാന്ധിയുടെ കോൺഗ്രസ് സർക്കാർ, മുസ്ലിം വോട്ട് ബാങ്ക് തിരികെപ്പിടിക്കാനുള്ള തന്ത്രവുമായി രംഗത്തിറങ്ങുന്നത്. ഷാ ബാനു കേസിലെ സുപ്രീംകോടതി വിധിയെ അക്ഷരാർഥത്തിൽ റദ്ദാക്കുന്ന ഒരു നിയമനിര്‍മാണമായിരുന്നു അതിനുള്ള പോംവഴിയായി കണ്ടെത്തിയത്. 1986ലെ Muslim Women (Protection of Rights on Marriage) Act പാസാക്കുന്നത് അങ്ങനെയാണ്.

ഈ നിയമപ്രകാരം, നേരത്തെ പറഞ്ഞ ഇദ്ദ കാലയളവിലേക്ക് മാത്രമാണ് വിവാഹമോചിതയായ മുസ്ലിം സ്ത്രീക്ക് ജീവനാംശത്തിനുള്ള അവകാശം. അതിന് ശേഷമുള്ള ഉത്തരവാദിത്വം, സ്ത്രീയുടെ കുടുംബത്തിനോ അവർക്ക് സാധിച്ചില്ല എങ്കിൽ വക്കഫ് ബോർഡിനോ ആണ്. അങ്ങനെ മുസ്ലിം യാഥാസ്ഥിതിക വിഭാഗത്തെ പ്രീണിപ്പിക്കുന്ന സമീപനമായിരുന്നു ഈ നിയമത്തിലൂടെ രാജീവ് ഗാന്ധിയും സംഘവും സ്വീകരിച്ചത്. ഇതിനെതിരെ കോൺഗ്രസിലുള്ളവർ തന്നെ വലിയ തോതിൽ പ്രതിഷേധിച്ചിരുന്നു. അന്ന് അതിന്റെ ഭാഗമായി കോൺഗ്രസ് വിട്ട വ്യകതിയാണ് നിലവിലെ കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ.

മതനിയമത്തിന് പുരോഗമനപരവും ശരിയായതുമായ വ്യാഖ്യാനമാണ് ഷാ ബാനു കേസിൽ സുപ്രീംകോടതി നടത്തിയത് എന്നായിരുന്നു ആരിഫ് മുഹമ്മദ് ഖാന്റെ പക്ഷം. ദരിദ്രരും നിരക്ഷരരുമായ സ്ത്രീകൾക്ക് ഇഹലോകത്തെ നരകമാക്കി, സ്വർഗത്തിലേക്കുള്ള കുറുക്കുവഴി തേടുകയാണ് മുസ്ലിം യാഥാസ്ഥിതിക വിഭാഗം എന്നായിരുന്നു ആരിഫ് മുഹമ്മദ് ഖാൻ അന്ന് പ്രതിഷേധങ്ങളോട് പ്രതികരിച്ചത്.

ആരിഫ് മുഹമ്മദ് ഖാൻ
ആരിഫ് മുഹമ്മദ് ഖാൻ

പക്ഷേ പാർട്ടിക്കകത്തെ പ്രതിഷേധങ്ങളൊന്നും പരിഗണിക്കപ്പെട്ടില്ല, നിയമം കോൺഗ്രസ് പാസാക്കുക തന്നെ ചെയ്തു. അതിനുശേഷം കൃത്യം 39 വർഷങ്ങൾ വിവാഹമോചിതരായ മുസ്ലിം സ്ത്രീകളുടെ ജീവനാംശം സംബന്ധിച്ച് ഈ നിയമമായിരുന്നു പാലിക്കപ്പെട്ടത്. അതിനാണ് നിലവിലൊരു തീർപ്പ് വന്നിരിക്കുന്നത്.

മുഹമ്മദ് അബ്ദുൽ സമദ് vs സ്റ്റേറ്റ് ഓഫ് തെലങ്കാന

അബ്ദുൽ സമദ് എന്നയാൾക്കെതിരെ മുൻ ഭാര്യ നൽകിയ പരാതിയാണ് ജൂലൈ പത്തിലെ വിധിയിലേക്ക് നയിച്ചത്. 2017ൽ വിവാഹമോചിതയായ തനിക്ക് രാജ്യത്തെ ഏതൊരു സ്ത്രീക്കും ജീവനാംശത്തിനുള്ള അവകാശം നൽകുന്ന സിആർപിസി 125 പ്രകാരം, ജീവനാംശം വേണമെന്നായിരുന്നു കേസ്. വിചാരണക്കോടതിയിലെത്തിയപ്പോൾ 20,000 രൂപ ജീവനാംശം നൽകണമെന്ന് വിധിക്കുകയും ഹൈക്കോടതി അത് 10,000 ആയി ചുരുക്കുകയും ചെയ്തു. എന്നാൽ ഈ വിധിപ്രകാരം, ജീവനാംശം നൽകാൻ കഴിയില്ലെന്ന് വാദിച്ച് അബ്ദുൽ സമദ് സുപ്രീംകോടതിയെ സമീപിച്ചു.

മുസ്ലിം വ്യക്തിഗത നിയമപ്രകാരം, നിക്കാഹ് നടന്നതിനാൽ 1986ലെ നിയമമാണ് കേസിൽ ബാധകമാകുക എന്നതായിരുന്നു അബ്ദുൽ സമദിന്റെ വാദം. പക്ഷേ ഇതിനെയെല്ലാം പൊളിച്ചെഴുതി കൊണ്ടായിരുന്നു സുപ്രീംകോടതി വിധി.

1986ലെ നിയമം അനുസരിച്ചാണോ സി ആർ പി സി 125 പ്രകാരമാണോ ജീവനാംശം ആവശ്യപ്പെടേണ്ടത് എന്ന തീരുമാനം സ്ത്രീയുടെ മാത്രം അവകാശമാണെന്നായിരുന്നു ജസ്റ്റിസ് ബി വി നാഗരത്‌ന അടങ്ങിയ ബെഞ്ച് വിധിച്ചത്. മറ്റൊരു സുപ്രധാന കാര്യം കൂടി സുപ്രീംകോടതി ഉത്തരവിലൂടെ തീർപ്പ് കല്പിക്കപ്പെട്ടിട്ടുണ്ട്. മുസ്ലിം വ്യക്തിഗത നിയമപ്രകാരമാണ് നിക്കാഹ് നടന്നതെങ്കിലും വിവാഹമോചനത്തിന് വേണമെങ്കിൽ സിആർപിസി 125 പ്രകാരമുള്ള ജീവനാംശത്തിന് മുസ്ലിം സ്ത്രീക്ക് അവകാശമുണ്ട് എന്നതാണ് അത്. അങ്ങനെ ഏറ്റവുമൊടുവിൽ മുസ്ലിം സ്ത്രീകളുടെ ഒരുകാലത്ത് ഹനിക്കപ്പെട്ട, അവകാശത്തെയാണ് വിധിയിലൂടെ സുപ്രീംകോടതി ഉയർത്തിപ്പിടിക്കുന്നത്.

Related Stories

No stories found.
logo
The Fourth
www.thefourthnews.in