അടുത്തറിയാം സൂര്യനെയും സൗര പ്രതിഭാസങ്ങളെയും

അതിശക്തമായ ഗുരുത്വാകർഷണവും കാന്തിക മണ്ഡലവും സൂര്യന്റെ സവിശേഷതകളാണ്

സൗരയൂഥത്തിന്റെ കേന്ദ്രമാണ് സൂര്യന്‍. 450 കോടി വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് സൂര്യന്‍ രൂപീകരിക്കപ്പെടുന്നത്. ആകാശ ഗംഗയുടെ ഓറിയോണ്‍ സ്പറിലാണ് ഇതിന്റെ സ്ഥാനം. പൊടിപടലങ്ങളും മൂലകങ്ങളും ഒക്കെ ചേര്‍ന്നുള്ള മേഘ പടലങ്ങൾ ഘനീഭവിച്ചാണ് സൂര്യനുണ്ടായത്. അതിന്റെ അതിശക്തമായ ഗുരുത്വാകര്‍ഷണ വലയത്തില്‍ സൗരയൂഥം നിലനില്‍ക്കുന്നു. എട്ട് ഗ്രഹങ്ങള്‍ നിരവധി കുള്ളന്‍ ഗ്രഹങ്ങള്‍ 170 ഓളം ഉപഗ്രഹങ്ങളും പിന്നെ അസംഖ്യം ഉല്‍ക്കകളും ഛിന്നഗ്രഹങ്ങളും എല്ലാം സൂര്യന് ചുറ്റുമുണ്ട്.

പൊതുവില്‍ മഞ്ഞക്കുള്ളന്‍ എന്ന് വിളിക്കപ്പെടുന്ന ജി വിഭാഗത്തില്‍പ്പെട്ട നക്ഷത്രമാണ് സൂര്യന്‍. 100 ഭൂമിയുടെ വ്യാസമുണ്ട് സൂര്യന്. ഭൂമിയുടേതിനേക്കാള്‍ 3,30,000 മടങ്ങാണ് ഭാരം. അതായത് സൗരയൂഥത്തിലെ ആകെ പിണ്ഡത്തിന്‌റെ 99 ശതമാനത്തിലേറെയും സൂര്യന്‌റെതാണ്. നമ്മുടെ ഗ്രഹത്തില്‍ നിന്ന് 15 കോടി കിലോമീറ്റര്‍ അകലെയാണ് ഈ നക്ഷത്രം സ്ഥിതി ചെയ്യുന്നത്. എന്നിട്ടും ഇത്ര തിളക്കത്തോടെ സൂര്യനെ കാണാന്‍ സാധിക്കുന്നെങ്കില്‍ അതിന്‌റെ ശോഭ എത്രയുണ്ടാകുമെന്ന് ഒന്ന് ആലോചിച്ച് നോക്കൂ.

സൂര്യന്റെ 73 ശതമാനത്തോളം ഹൈഡ്രജനും 25 ശതമാനത്തോളം ഹീലിയവുമാണ്. നൈട്രജനും കാര്‍ബണുമടക്കമുള്ള ഭാരമേറിയ മൂലകങ്ങള്‍ ശേഷിക്കുന്ന ഒരു ശതമാനത്തോളം വരും. ഉയര്‍ന്ന താപനിലയിലായതിനാല്‍ ഇവയെല്ലാം, പദാര്‍ഥത്തിന്‌റെ നാലാമത്തെ അവസ്ഥയായ പ്ലാസ്മാ രൂപത്തിലാണ്. അതെ, ചുട്ടുപൊള്ളുന്ന പ്ലാസ്മാ ഗോളമാണ് സൂര്യന്‍. ഗോളാകൃതിയില്‍ നമുക്ക് കാണാനാകുമെങ്കിലും ഭൂമിയിലേതുപോലെ പാറകളോ ഖരാവസ്ഥയോ സൂര്യനിലില്ല.

ഹൈഡ്രജന്‍ സംയോജിച്ച് ഹീലിയമുണ്ടാകുന്ന തെര്‍മോ ന്യൂക്ലിയര്‍ ഫ്യൂഷനാണ് സൂര്യനിലെ അടിസ്ഥാന ഊര്‍ജ പ്രക്രിയ. ഓരോ സെക്കന്‍ഡിലും 70 കോടി ടണ്‍ ഹൈഡ്രജന്‍ 69.5 കോടി ടണ്‍ ഹീലിയമായി മാറുന്നു. ഈ പ്രക്രിയില്‍ ഉണ്ടാകുന്ന ഏതാണ്ട് 0.5 കേടി ടണ്‍ പിണ്ഡനഷ്ടം ഊര്‍ജമായി പുറന്തള്ളപ്പെടുന്നു. റേഡിയേഷന്‍, സോളാര്‍ വിന്‍ഡ്, പ്രകാശം, ചൂട് അങ്ങനെ വിവിധ രൂപത്തില്‍ അവ പുറത്തെത്തുന്നു. ഭൂമിയിലെ പ്രധാന ഊര്‍ജ സ്രോതസായി സൂര്യന്‍ മാറുന്നത് അങ്ങനെയാണ്. 650 കോടി വര്‍ഷത്തേക്ക് കൂടിയുള്ള ഹൈഡ്രജന്‍ മാത്രമേ സൂര്യനിൽ ഉള്ളൂ. പിന്നീട് വികസിച്ച് ഭൂമി അടക്കമുള്ള സമീപ ഗ്രഹങ്ങളെ വിഴുങ്ങി, പതിയെ വൈറ്റ് ഡ്വാര്‍ഫായി ചുരുങ്ങും.

ആറ് പാളികളുണ്ട് സൂര്യന്. ഏറ്റവും അകത്തുള്ള കോറിലാണ് അണുസംയോജനം നടക്കുന്നത്. ഈ ഊര്‍ജമാണ് വിവിധ രീതികളില്‍ ഓരോ പാളിയും കടന്ന് പുറത്തേക്ക് എത്തുന്നത്. സൂര്യന്‌റെ ഏറ്റവും ചൂടുകൂടിയ ഭാഗവും കോറാണ്. റേഡിയേറ്റീവ് സോണാണ് രണ്ടാമത്. റേഡിയേഷന്‍ രൂപത്തിലാണ് ഇവിടെ ഊര്‍ജ പ്രസരണം. മൂന്നാമതായി കണ്‍വെക്റ്റീവ് സോണ്‍. സംവഹന രീതിയിൽ ഈ ഭാഗത്ത് ഊർജ കൈമാറ്റം നടക്കുന്നു. അതായത് ചാർജുള്ള കണങ്ങളുടെ സഞ്ചാരം മൂലം. ഫോട്ടോസ്ഫിയർ എന്ന, നമുക്ക് ദൃശ്യമായ സൂര്യന്റെ പാളിയാണ് അടുത്തത്. അതിന് പുറമെ ക്രോമോസ്ഫിയറും കൊറോണയും. ഗ്രഹണ സമയത്ത് ഫോട്ടോസ്ഫിയർ മറയ്ക്കപ്പെടുമ്പോഴാണ് പുറം പാളിയായ കൊറോണ ദൃശ്യമാകുന്നത്. 1.5 കോടി ഡിഗ്രീ സെൽഷ്യൽ താപനിലയാണ് കോറിന്. ഉപരിതലത്തിലെ ചൂട് 4000 ഡിഗ്രി സെൽഷ്യസ് വരെയാണ്.

അതിശക്തമായ ഗുരുത്വാകർഷണവും കാന്തിക മണ്ഡലവും സൂര്യന്റെ സവിശേഷതകളാണ്. കൺവെക്റ്റീവ് സോണിലെ ചാർജുള്ള കണങ്ങളുടെ സഞ്ചാരമാണ് കാന്തിക ക്ഷേത്രം ഉണ്ടാക്കുന്നത്. അങ്ങനെ സൂര്യനൊരു വലിയ കാന്തമായി മാറുന്നു. എന്നാൽ സൂര്യന്റെ കാന്തിക മണ്ഡലം സ്ഥിരമല്ല. 11 വർഷത്തിൽ ഇത് ദിശ മാറുന്നു. 11 വർഷം സൂര്യന്റെ ദക്ഷിണാർധ ഗോളത്തിലാകും കാന്തിക മണ്ഡലത്തിന്റെ ദക്ഷിണ ധ്രുവം. അടുത്ത 11 വർഷം ഉത്തരാർധ ഗോളത്തിലാക്കും ദക്ഷിണ ധ്രുവം. അങ്ങനെ 22 വർഷത്തെ ഈ ചാക്രികമാറ്റ കാലമാണ് സോളാർ സൈക്കിൾ. സോളാർ സൈക്കിളിന്റെ തുടക്കമാണ് മിനിമം. സൗര പ്രതിഭാസങ്ങൾ ഇവിടെ തരതമ്യേന കുറവാണ്. ഒരു സൈക്കിളിന്റെ പകുതി അഥവ 11 വർഷമാകുമ്പോർ ആക്റ്റിവിറ്റി ഉച്ഛസ്ഥായിയിലാകും. ഇതാണ് മാക്സിമം. സൈക്കിൾ പൂർത്തിയാക്കുമ്പോഴേക്ക് വീണ്ടും മിനിമത്തിലെത്തുന്നു.

സൂര്യനിൽ നിന്ന് സാധാരണയായി പ്ലാസ്മ പുറന്തള്ളപ്പെടുന്നതിനെ സൗരക്കാറ്റ് എന്നാണ് വിളിക്കുന്നത്. ഗുരുത്വ ബലത്തിൽ പിടിച്ച് നിർത്താനാകാത്ത പ്ലാസ്മ ഇങ്ങനെ പുറത്തേക്ക് പോകുന്നു. സൂര്യന്റെ ഉപരിതലത്തില്‍ കാണപ്പെടുന്ന ശക്തമായ കാന്തിക പ്രദേശമാണ് സണ്‍സ്‌പോട്‌സ്. കറുത്ത കുത്തുകളായി ഇവ കാണപ്പെടുന്നു. ഇവയ്ക്ക് ചുറ്റുമുള്ള കാന്തിക ക്ഷേത്രത്തിൽ പൊടുന്നനെയുണ്ടാകുന്ന മാറ്റo മൂലം ഉണ്ടാകുന്ന ഊർജത്തിന്റെ പുറന്തള്ളലാണ് സോളാർ ഫ്ലെയർ. ഇത് എക്സ്റേയോ പ്രകാശമോ വൈദ്യുത കന്ത്രിക തരംഗമോ ആണ്. പ്രകാശത്തിന്റെ വേഗതയിൽ എട്ട് മിനിറ്റിൽ ഭൂമിയിലെത്തും. അതിശക്തമായ സ്ഫോടനത്തോടെ കൊറോണയിൽ നിന്നുള്ള പ്ലാസ്മാ കണങ്ങളും കാന്തികമണ്ഡലങ്ങളും വേർപെട്ട് പോകുന്നതാണ് കൊറോണൽ മാസ് ഇ ജക്ഷൻ സ്രി എം ഇ) ഒറ്റ ദിശയിൽ പ്രകാശത്തേക്കാൾ കുറഞ്ഞ വേഗതയിൽ ഇത് സഞ്ചരിക്കുന്നു. ഭൂമിയിലെത്താൻ രണ്ട് ദിവസം വരെ എടുക്കാം. ഭൂമിയുടെയും മറ്റ് ചില ഗ്രഹങ്ങളുടെയും അന്തരീക്ഷ ആറോറ എന്ന ദൃശ്യവിരുന്ന് ഉണ്ടാകുന്നത് ഇവയാണ്.

സോളാർ ഫ്ലെയറുകൾ ഭൗമാന്തരീക്ഷത്തിൽ റേഡിയോ തരംഗങ്ങളെയാണ് ബാധിക്കുക. ഏറ്റവും മോശമായ സ്ഥിതിയിൽ ആശയ വിനിമയ ശൃംഖലയെ ഇവ ദോഷകരമായി ബാധിക്കും. എന്നാൽ കൂടുതൽ അപകടകാരികളാണ് കൊറോണൽ മാസ് ഇജക്ഷൻ. തീവ്രത കൂടിയ സി എം ഇയുടെ കാന്തിക പ്രഭാവം ഇലക്ട്രോണിക് ഇലക്ട്രിക് സംവിധാനങ്ങളെ തകരാറിലാക്കും. ജി പി എസ് സംവിധാനങ്ങൾ താറുമാറാക്കും. 1859 ലാണ്  ഇതുവരെയുള്ള ശതമായ സി എം ഇ ഭൂമിയിൽ പതിച്ചത്. അന്നത്തെ ഏറ്റവും ഉയർന്ന സങ്കേതിക വിദ്യയായ ടെലഗ്രാഫ് ആണ് സംവിധാനം നിശ്ചലമാക്കിയത്.

2025 ലാണ് അടുത്ത സോളാർ മാക്സിമം. അതിനാൽ ഇത്തരം പുറം തള്ളലുകൾ സമീപ വർഷങ്ങളിൽ കൂടുതലായിരിക്കും.  പാര്‍ക്കര്‍ സോളാര്‍ പ്രോബ് അടക്കം സൂര്യനെ കുറിച്ച് പഠിക്കാൻ നിരവധി ദൗത്യങ്ങൾ ഇന്നുണ്ട്. അപകടകാരികളായ കൊറോണൽ മാസ്  ഇജക്ഷനെ കുറിച്ച് അവ നൽകുന്ന മുന്നറിയിപ്പ് തയ്യാറെടുപ്പിന് 12 മണിക്കൂർ എങ്കിലും സമയം തരും.

Related Stories

No stories found.
logo
The Fourth
www.thefourthnews.in