1930 ല്‍ പ്ലൂട്ടോ കണ്ടുപടിച്ചതിന് ശേഷം സൗരയൂഥത്തില്‍ ഒന്‍പത് ഗ്രഹങ്ങളെന്നാണ് നമ്മള്‍ പഠിച്ചുപോന്നത്. എന്നാല്‍ തൊണ്ണൂറുകളുടെ അവസാനത്തില്‍ പ്ലൂട്ടോ ഒരു തര്‍ക്ക വിഷയമായി. 2006 ലാണ് ആ വിവാദ തീരുമാനം വരുന്നത്. പ്ലൂട്ടോ ഗ്രഹമല്ല, കുള്ളന്‍ ഗ്രഹം മാത്രം. അങ്ങനെ സൂര്യന് ചുറ്റുമുള്ള ഗ്രഹങ്ങളുടെ എണ്ണം എട്ടായി.
2006ല്‍ ഇന്റര്‍ നാഷണല്‍ ആസ്‌ട്രോണോമിക്കല്‍ യൂണിയന്‍ ഗ്രഹങ്ങള്‍ക്ക് കൃത്യമായ നിര്‍വചനം നല്‍കി
എന്താണ് പ്ലൂട്ടോയുടെ ഈ തരംതാഴ്ത്തലിന് പിന്നില്‍?
എട്ടാമത്തെ ഗ്രഹമായ നെപ്റ്റിയൂണിന് പുറത്ത് ചെറു ആകാശ വസ്തുക്കള്‍ കൂട്ടത്തോടെ കാണപ്പെടുന്ന വലയമുണ്ട് . ഇതാണ് കൈപ്പര്‍ വലയം. ഈ മേഖലയിലാണ് പ്ലൂട്ടോ. കൈപ്പര്‍ വലയത്തിന് ചുറ്റും സ്‌കാറ്റേര്‍ഡ് ഡിസ്‌ക് (ശിഥില വലയം )എന്ന മേഖലയും, വ്യാഴത്തിനും ചൊവ്വയ്ക്കും ഇടയില്‍ ഛിന്നഗ്രഹ വലയം എന്ന മേഖലയും ഉണ്ട്. ഈ ഭാഗങ്ങളിലെല്ലാം പതിനായിരക്കണക്കിന് ആകാശ വസ്തുക്കള്‍ കാണപ്പെടുന്നു. പ്ലൂട്ടോയ്ക്ക് സമാനമായ വലിപ്പമുള്ള കൂടുതല്‍ ആകാശ ഗോളങ്ങള്‍ കണ്ടുപിടിക്കപ്പെട്ടതോടെ അവയ്ക്കും ഗ്രഹ പദവി നല്‍കണമെന്ന പ്രതിസന്ധി ഉണ്ടായി. ഇതോടെ ഗ്രഹത്തിന് കൃത്യമായ നിര്‍വചനം നല്‍കണമെന്ന ആവശ്യം ഉയര്‍ന്നു.
എന്താണ് ഗ്രഹം?
2006ല്‍ ഇന്റര്‍ നാഷണല്‍ ആസ്‌ട്രോണോമിക്കല്‍ യൂണിയന്‍ ഗ്രഹങ്ങള്‍ക്ക് കൃത്യമായ നിര്‍വചനം നല്‍കി
1. ഭാരമേറിയ ഗോളങ്ങളാകണം
2. മറ്റ് ഗ്രഹങ്ങളുടെ ഉപഗ്രഹം ആകാതെ സ്വതന്ത്രമായി സൂര്യന് ചുറ്റും പരിക്രമണം ചെയ്യണം.
3. ഒരു ഗ്രഹത്തിന് സ്വന്തം ഗുരുത്വകര്‍ഷണബലത്തിന്റെ സഹായത്താല്‍ അതിന്റെ ഭ്രമണപഥത്തിന് ചുറ്റുമുള്ള മേഖലയിലേക്ക് വരുന്ന ചെറു വസ്തുക്കളെ നീക്കം ചെയ്യാന്‍ കഴിയണം. അതായത് ഇത്തരം കുഞ്ഞന്‍ വസ്തുക്കള്‍ ഗ്രഹത്തിലേക്ക് പതിക്കുകയോ, ഉപഗ്രഹമാക്കപ്പെടുകയോ ചെയ്യണം. ആദ്യ രണ്ട് നിബന്ധനയും പ്ലൂട്ടോയ്ക്ക് ശരിയാണെങ്കിലും മൂന്നാമത്തെ മാനദണ്ഡം പാലിക്കുന്നില്ല. അവയ്ക്ക് ചുറ്റും ധാരാളം ആകാശ വസ്തുക്കള്‍ കറങ്ങിനടപ്പുണ്ട്. അങ്ങനെ പ്ലൂട്ടോയെ കുള്ളന്‍ ഗ്രഹത്തിന്റെ ഗണത്തിലേക്ക് മാറ്റി.
പ്ലാനറ്റ് 9
ലക്ഷണമൊത്തൊരു ഒമ്പതാം ഗ്രഹം ഉണ്ടെന്ന പ്രതീക്ഷയിലാണ് ഒരു കൂട്ടം ശാസ്ത്രഞ്ജര്‍. മാത്തമെറ്റിക്കല്‍ തിയറി വെച്ച് നെപ്റ്റിയൂണിനപ്പുറം ഒരു ഗ്രഹം ഉണ്ടെന്ന് ജ്യോതിശാസ്ത്രജ്ഞരായ മൈക്ക് ബ്രൗണും കോണ്‍സ്റ്റാന്‍ന്‌റിന്‍ ബാറ്റിജിനും 2016 ല്‍ പ്രവചിച്ചു. പ്ലൂട്ടോയെ തരംതാഴ്ത്തുന്നതില്‍ പ്രധാന പങ്കുവഹിച്ച ശാസ്ത്രജ്ഞനാണ് മൈക്ക് ബ്രൗണ്‍. ഭൂമിയേക്കാള്‍ പത്ത് മടങ്ങ് ഭാരമുള്ള, നെപ്റ്റിയൂണിനേക്കാള്‍ ഭാരം കുറഞ്ഞ ഒരു ഗ്രഹമാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. സൂര്യനെ ഒരു തവണ ചുറ്റാന്‍ 10,000 മുതല്‍ 20,000 വര്‍ഷം വരെ എടുത്തേക്കുമെന്ന് കണക്ക് കൂട്ടല്‍.
നേരില്‍ കാണാതെ ഇങ്ങനെ ഒരു പ്രവചനം സാധ്യമാണോ?
ടെലസ്‌കോപ്പുവഴി നിരീക്ഷിക്കുന്നതിന് മുന്‍പ് തന്നെ നെപ്റ്റ്യൂണ്‍ എന്ന എട്ടാം ഗ്രഹത്തിന്റെ സാധ്യത കണക്കുകൂട്ടി പ്രവചിക്കാന്‍ ശാസ്ത്ര ലോകത്തിന് ആയിരുന്നു. ഏഴാമത്തെ ഗ്രഹമായ യുറാനസിന്റെ ഭ്രമണപഥം നിരീക്ഷിച്ചായിരുന്നു ഈ കണ്ടെത്തല്‍. ഐസക് ന്യൂട്ടന്റെ ഗുരുത്വാകര്‍ഷണ നിയമത്തില്‍ നിന്ന് ചില വ്യതിചലനം യുറാനസിന്റെ ഭ്രമണപഥം കാണിക്കുന്നുണ്ടെന്നും , ഇത് തൊട്ടടുത്തുള്ള എട്ടാം ഗ്രഹത്തിന്റെ സ്വാധീനത്താലാകാം എന്നുമുള്ള വിലയിരുത്തലാണ് ഈ പ്രവചനത്തിന് ആധാരം. സമാനമായ തിയറിയാണ് ഒന്‍പതാം ഗ്രഹത്തിന്റെ കാര്യത്തിലും ഉപയോഗിച്ചിരിക്കുന്നത്. എന്നാല്‍ പ്ലാനറ്റ് ഒന്‍പതിന്റെ കാര്യത്തില്‍ ശാസ്ത്രലോകം ഇപ്പോഴും പലതട്ടിലാണ്.