'തിരഞ്ഞെടുപ്പിൽ തോറ്റാൽ ഉപേക്ഷിക്കാവുന്ന മുദ്രാവാക്യമല്ല ജാതി സെൻസസ്'; ഡോ. ടി ടി ശ്രീകുമാർ അഭിമുഖം
ഒരു വിപ്ലവപാർട്ടിയുടെ വീക്ഷണകോണിലൂടെ കോൺഗ്രസ് എന്ന സംഘടനയെ മനസിലാക്കാനാകില്ല. ഒരു തിരഞ്ഞെടുപ്പിൽ തോറ്റു എന്ന് കരുതി ഉപേക്ഷിക്കാവുന്ന മുദ്രാവാക്യമല്ല ജാതി സെൻസസ്. അധികാരവർഗവുമായി പൊതുജനം നേരിട്ട് സംവദിക്കുന്ന രീതി ഹിന്ദുത്വയ്ക്കില്ല. ദ ഫോർത്ത് ഇൻ കോണ്ടക്സ്റ്റിൽ എഴുത്തുകാരനും അക്കാദമീഷ്യനുമായ ഡോ. ടി ടി ശ്രീകുമാർ
അങ്ങേയറ്റത്തെ ഇരുട്ടിലും എന്തെങ്കിലും പ്രതീക്ഷ കണ്ടെത്തുന്നവരാണല്ലോ നമ്മൾ. അത്തരത്തിൽ 2023 പ്രത്യാശ നൽകുന്നുണ്ട്. അതിന് ഏറ്റവും പ്രധാനം കഴിഞ്ഞ കാലത്ത് നടന്ന തിരഞ്ഞെടുപ്പുകളാണ്. ചില സംസ്ഥാനങ്ങളിൽ കോൺഗ്രസ് ജയിച്ചു, ചില സംസ്ഥാനങ്ങളിൽ കോൺഗ്രസ് തോറ്റു എന്ന രീതിയിൽ മാത്രമാണ് ഈ തിരഞ്ഞെടുപ്പുകൾ ആളുകൾ കാണുന്നത്. തോറ്റ സംസ്ഥാനങ്ങളും ജയിച്ച സംസ്ഥാനങ്ങളും പരിശോധിച്ചാൽ, പ്രധാനപ്രതിപക്ഷമായി കോൺഗ്രസ് നിലനിൽക്കുന്നുണ്ട് എന്നത് പ്രധാനമാണ്.
നാൽപ്പത് ശതമാനം വോട്ട് നേടാൻ കഴിവുള്ള പാർട്ടിയായി കോൺഗ്രസ് നിലനിൽക്കുന്നു എന്നത് പ്രധാനപ്പെട്ടതാണ്. പ്രതിപക്ഷ പാർട്ടികളും കോൺഗ്രസും ഒരുമിച്ച് നിൽക്കുകയാണെങ്കിൽ അത്ര സുഗമമായിരിക്കില്ല ബിജെപിയെ സംബന്ധിച്ചിടത്തോളം 2024 എന്നത് ഉറപ്പാണ്. എന്നാൽ ചെറിയ പ്രശ്നങ്ങൾകൊണ്ടുപോലും ആഭ്യന്തര വൈരുധ്യങ്ങളുണ്ടാകുന്ന ഒരു മുന്നണിയാണ് 'ഇന്ത്യ' മുന്നണി.
കോൺഗ്രസിന്റെ ചരിത്രം പരിശോധിച്ചാൽ, അവർക്ക് പല കാര്യങ്ങളിലും വളരെ ലിബറൽ ആയ കാഴ്ചപ്പാടുകളുണ്ടെന്ന് മനസിലാകും. അതിനനുസരിച്ച നിലപാടുകളാണ് അവർ എടുത്തുപോന്നത്. ഹിന്ദുത്വ ശക്തികൾ നടത്തിയ ഇടപെടലുകളെ അംഗീകരിക്കുന്നതിന് തുല്യമാണ് രാമക്ഷേത്രത്തിലെ പ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കുന്നത്. അത്തരത്തിൽ ഒരു ഗുരുതരമായ പ്രശ്നം കോൺഗ്രസ് കാണുന്നില്ലെന്നാണ് തോന്നുന്നത്.
കോൺഗ്രസിനെ സംബന്ധിച്ചിടത്തോളം കോടതി ഉത്തരവുണ്ട്, പരിപാടി സംഘടിപ്പിക്കുന്ന ട്രസ്റ്റ് തങ്ങളെ ക്ഷണിച്ചിട്ടുണ്ട്, അതിൽ ഒരു പ്രതിനിധിയെ അയയ്ക്കുക എന്നത് ഒരു മര്യാദയല്ലേ എന്നാണ് കോൺഗ്രസ് കരുതുന്നത്. ഈ ചരിത്രഘട്ടത്തിലെങ്കിലും ഇതിനെ നിസാരമായി കാണാതിരിക്കാൻ കോൺഗ്രസ് ശ്രദ്ധിക്കേണ്ടതുണ്ട്. 'ഇന്ത്യ' മുന്നണി ഇത്തരമൊരു നിസാര വിഷയത്തിന്റെ പേരിൽ ഭിന്നിക്കപ്പെടേണ്ടവരല്ല.