ഗൗരി പാടുന്നു; ചിലര്‍ പാടുപെടുന്നു
ഒരു വര്‍ഷം മുമ്പ് പുറത്തിറങ്ങിയ ഗൗരി ലക്ഷ്മിയുടെ മുറിവ് എന്ന പാട്ടാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയമായി മാറിയിരിക്കുന്നത്. ഗൗരി ലക്ഷ്മി എന്ന ആര്‍ട്ടിസ്റ്റിനെതിരെ വലിയ സൈബര്‍ ബുള്ളിയിങ് ആണിപ്പോള്‍ നടക്കുന്നത്. അതിനൊപ്പം അവര്‍ക്ക് ഐക്യദാര്‍ഡ്യം പ്രകടിപ്പിച്ചുകൊണ്ടും ആളുകള്‍ രംഗത്തെത്തുന്നുണ്ട്. ഈ പാട്ടിനോട് പ്രതികരിക്കുന്ന മലയാളികള്‍ എത്രതരമുണ്ടാകും? എന്താണവരുടെ സോഷ്യല്‍ മീഡിയ റസ്‌പോണ്‍സുകള്‍? നോക്കാം
കുടുംബത്തില്‍ നിന്നും തൊഴിലിടങ്ങളില്‍ നിന്നും, എന്തിനു ഒരു ബസില്‍പോലും സ്ത്രീകള്‍ നേരിടേണ്ടി വരുന്ന ദുരനുഭവങ്ങള്‍ തുറന്നു പറയുകയും ചര്‍ച്ചയാവുകയും ചെയ്യുന്ന കാലമാണിത്. ആ ചര്‍ച്ചയില്‍ അസ്വസ്ഥരാകുന്നവരാണ് പാട്ടിലും അസ്വസ്ഥരാകുന്നത്. ജന്‍ഡര്‍ രാഷ്ട്രീയം മുന്നോട്ടു വയ്ക്കുന്ന പാട്ട് ഒരു സ്ത്രീതന്നെ വീണ്ടും വേദികളില്‍ ആവര്‍ത്തിച്ച് പാടുമ്പോള്‍ മേല്‍പറഞ്ഞവര്‍ അസ്വസ്ഥരാകും. ട്രോളുകളായും നെഗറ്റീവ് കമന്റുകളായും അതവർ പ്രകടിപ്പിക്കുകയും ചെയ്യും. സ്വാഭാവികം.
രണ്ട് തരം കമന്റുകളാണ് പൊതുവേ ഈ വീഡിയോയ്ക്ക് കീഴില്‍ കാണാന്‍ സാധിക്കുന്നത്. പുരുഷന്മാരും ഇതേ അനുഭവങ്ങളിലൂടെ കടന്നു പോയിട്ടുണ്ടെന്നും അപ്പോള്‍ പാട്ടുകളൊന്നുമിറങ്ങിയില്ലെന്നുമാണ് ഒരു കമന്റ്. എന്നാല്‍ ഇതേ അനുഭവങ്ങള്‍ പെണ്‍കുട്ടികള്‍ക്ക് മാത്രമേ ഉള്ളു എന്ന ധാരണ ആര്‍ക്കും ഇല്ല, ലൈംഗികപരമായി ദുരുപയോഗം ചെയ്യപ്പെടുന്ന പുരുഷന്മാരും ഒരുപാടുണ്ട് എന്നാല്‍ ഗൗരി ആ പാട്ടില്‍ പറയുന്നത് പെണ്‍കുട്ടികള്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ ആണ്. അത് സത്യവുമാണെന്ന് ഇതേ കമന്റ് ബോക്‌സില്‍ തന്നെ സ്വന്തം അനുഭവങ്ങള്‍ തുറന്ന് പറയുന്ന സ്ത്രീകളുമുണ്ട്.
മറ്റൊന്ന് സ്ത്രീകള്‍ പ്രതികളായ കേസുകള്‍ പൊക്കിപ്പിടിച്ചു വരുന്നവരാണ്. ഏതെങ്കിലും സ്ത്രീകള്‍ കുറ്റം ചെയ്യുന്നുണ്ടെങ്കില്‍ അതിന്റെ മൊത്തം ഉത്തരവാദിത്തവും എങ്ങനെ ആണ് സ്ത്രീ സമൂഹത്തിന്റെ തലയില്‍ വരുന്നത്? അവര്‍ ചെയ്ത കുറ്റങ്ങള്‍ സ്ത്രീകള്‍ക്ക് നേരെയുള്ള അക്രമങ്ങളെ നോര്‍മലൈസ് ചെയ്യാന്‍ ഉള്ള ടൂള്‍ ആണോ..? അക്രമങ്ങള്‍ നേരിട്ടുവെന്ന് തുറന്ന് പറയാന്‍ പാടില്ലെന്നാണോ ഈ ആല്‍ഫ മെയിലുകളുടെ അഭിപ്രായമെന്നതും ഒരു ചോദ്യമാണ്.
ഗൗരിയുടെ പാട്ടിലെ ഒഴിച്ച് കൂടാനാവാത്ത ഒരു വരി ഉണ്ട്... 'നാളിതെത്ര പോയാലും മാഞ്ഞിടാത്ത മുറിവ്,' കുട്ടിക്കാലത്തും വളരുമ്പോഴുമെല്ലാം ഉണ്ടാകുന്ന ലൈംഗികമായ അക്രമങ്ങളും ചെഷ്ടകളും എന്തിനു നോട്ടങ്ങള്‍ പോലും പലരുടെയും മനസ്സില്‍ എന്നും ഒരു ട്രോമയായി നിലനില്‍ക്കും. മറ്റൊരാളെ ആത്മവിശ്വാസത്തോടെ നോക്കാന്‍ പോലും സാധിക്കാത്ത രീതിയില്‍ അത് അവരെ വേട്ടയാടുന്നുണ്ട്. അത്തരം അനുഭവം ഉള്ളവര്‍ക്ക് പെട്ടെന്നു കണക്ട് ചെയ്യാന്‍ സാധിക്കുന്ന ഈ പാട്ട് ചിലര്‍ക്ക് തമാശയാകാം, ട്രോളാനുള്ള വസ്തുവാകാം. പാട്ടിനെ വേണമെങ്കില്‍ വിമര്‍ശിക്കാം. പക്ഷെ വ്യക്തിഹത്യ ചെയ്യാനുള്ള അവകാശം ആര്‍ക്കുമില്ല