സൗരദൗത്യ യാത്രയ്ക്കിടെ സെല്‍ഫിയെടുത്ത് ആദിത്യ എല്‍1; ചിത്രങ്ങൾ പങ്കുവച്ച് ഐഎസ്ആർഒ

സൗരദൗത്യ യാത്രയ്ക്കിടെ സെല്‍ഫിയെടുത്ത് ആദിത്യ എല്‍1; ചിത്രങ്ങൾ പങ്കുവച്ച് ഐഎസ്ആർഒ

ഭൂമിയുടെയും ചന്ദ്രന്റെയും മനോഹരമായ ചിത്രങ്ങളും ആദിത്യ എല്‍1 പകര്‍ത്തിയിട്ടുണ്ട്
Updated on
1 min read

സൂര്യന്റെ രഹസ്യങ്ങൾ തേടിയുള്ള യാത്രയ്ക്കിടെ സെൽഫിയെടുത്ത് ഇന്ത്യയുടെ ആദ്യ സൗരപഠന ദൗത്യമായ ആദിത്യ എല്‍1. ഭൂമിയുടെയും ചന്ദ്രന്റെയും മനോഹരമായ ചിത്രങ്ങളും പേടകം പകര്‍ത്തി.

പേടകത്തിലെ ഏറ്റവും വലിയ പേലോഡായ വിസിബിള്‍ എമിഷന്‍ ലൈന്‍ കൊറോണോഗ്രാഫ് (വിഇഎല്‍സി) സോളാര്‍ അള്‍ട്രാവൈലറ്റ് ഇമേജിങ് ടെലിസ്‌കോപ്പ് (എസ്‌യുഐടി) എന്നിവയുടെ ചിത്രങ്ങളാണ് ആദിത്യ എല്‍1 പകര്‍ത്തിയത്. ഇതിനൊപ്പം ഭൂമിയുടെയും ചന്ദ്രന്റെയും ചിത്രങ്ങളും പേടകം പകർത്തി.

15 ലക്ഷം കിലോമീറ്റര്‍ അകലെയുള്ള ലഗ്രാഞ്ച് പോയിന്റ് ഒന്നിലേക്കുള്ള യാത്രയ്ക്കിടെ സെപ്റ്റംബര്‍ നാലിനാണ് ആദിത്യ എൽ1 ഈ ചിത്രങ്ങൾ പകർത്തിയത്. രണ്ടിനായിരുന്നു ആദിത്യ എൽ1ന്റെ വിക്ഷേപണം. നാല് മാസത്തോളം നീളുന്നതാണ് ലഗ്രാഞ്ച് പോയിന്റ് 1ലേക്കുള്ള പേടകത്തിന്റെ യാത്ര.

ഭൂമിയിൽനിന്ന് കുറഞ്ഞ ദൂരം 282 കിലോമീറ്ററും കൂടിയത് 40,225 കിലോമീറ്ററും വരുന്ന ഭ്രമണപഥത്തിലാണ് ആദിത്യ എൽ1 ഇപ്പോൾ ഭൂമിയെ ചുറ്റുന്നത്. അഞ്ച് ഘട്ടമായി ഭ്രമണപഥമുയർത്തിയാണ് പേടകത്തെ ഭൂമിയുടെ സ്വാധീനത്തിൽ നിന്ന് പുറത്തുകടത്തുക.

മൂന്ന്, അഞ്ച് തീയതികളിലാണ് രണ്ട് തവണ ഭ്രമണപഥമുയർത്തിക്കഴിഞ്ഞു. മൂന്നാം ഭ്രമണപഥമുയർത്തൽ പത്തിന് ഉച്ചയ്ക്ക് രണ്ടരയോടെ നടക്കും. ലഗ്രാഞ്ച് പോയിന്റ് ഒന്നിന് ചുറ്റുമുള്ള ഹാലോ ഭ്രമണപഥമാണ് ആദിത്യ എല്‍1ന് നിശ്ചയിച്ചിരിക്കുന്നത്.

സൗരദൗത്യ യാത്രയ്ക്കിടെ സെല്‍ഫിയെടുത്ത് ആദിത്യ എല്‍1; ചിത്രങ്ങൾ പങ്കുവച്ച് ഐഎസ്ആർഒ
സൗര രഹസ്യങ്ങള്‍ തേടിയുള്ള യാത്രയിൽ ഒരുപടി കൂടി മുന്നേറി ആദിത്യ എൽ 1; രണ്ടാം ഭ്രമണപഥമുയർത്തൽ വിജയം

സൂര്യനെക്കുറിച്ചുള്ള വിശദമായ പഠനം ലക്ഷമിടുന്ന ആദിത്യ എല്‍1 ഏഴ് വ്യത്യസ്ത പേലോഡുകള്‍ ഉള്‍പ്പെടുന്നതാണ്. നാല് പേലോഡുകള്‍ എൽ1 സ്ഥാനത്ത് നിന്ന് സൂര്യനെ കുറിച്ച് വിദൂര പഠനം നടത്തും. മറ്റ് മൂന്ന് പേലോഡുകള്‍ എൽ വണ്ണിലെ വിവിധ പരാമീറ്ററുകളെ കുറിച്ചാണ് പഠനം നടത്തുക.

സൂര്യന്റെ അന്തരീക്ഷത്തിലെ ബാഹ്യഭാഗത്തെ താപ വ്യതിയാനം, സൂര്യന്റെ പാളികളായ ഫോട്ടോസ്ഫിയര്‍, ക്രോമോസ്ഫിയര്‍, പുറംപാളിയായ കൊറോണ എന്നിവയെകുറിച്ചുള്ള പഠനം മുതലായവയാണ് ആദിത്യ എൽ1ന്റെ ലക്ഷ്യം.

logo
The Fourth
www.thefourthnews.in