ആദിത്യയുടെ ആദ്യഘട്ടം വിജയം; ഒന്നാംഘട്ട ഭ്രമണപഥമുയർത്തൽ വിജയകരമെന്ന് ഇസ്രോ
ഇന്ത്യയുടെ ആദ്യ സൗരപഠന ദൗത്യമായ ആദിത്യ എൽ 1ന്റെ ആദ്യ ഭ്രമണപഥമുയർത്തൽ വിജയകരമായി പൂർത്തിയായി. ഭൂമിയോട് അടുത്ത ദൂരം 245 കിലോമീറ്ററും അകലെയുള്ള ദൂരം 22459 കിലോമീറ്ററുമുള്ള രണ്ടാം ഭ്രമണപഥത്തിലേക്കാണ് ആദിത്യയെ ഉയർത്തിയത്. എക്‌സിലെ ഔദ്യോഗിക പേജിലൂടെയാണ് ഐഎസ്ആർഒ ഇക്കാര്യം പങ്കുവച്ചത്.
ബെംഗളൂരുവിലെ മിഷൻ ഓപ്പറേഷൻസ് കേന്ദ്രത്തിൽ നിന്നാണ് ഭ്രമണപഥം ഉയർത്തൽ നിയന്ത്രിക്കുന്നത്. അടുത്ത ഘട്ടം ഉയർത്തൽ സെപ്റ്റംബർ അഞ്ചിന് പുലർച്ചെ മൂന്നോടെയാകും നടക്കുക. ഉപഗ്രഹത്തിന്റെ പ്രവർത്തനം കാര്യക്ഷമമാണെന്നും ഇസ്രോ അറിയിച്ചു. സൂര്യനിലേക്കുള്ള സഞ്ചാരം ആരംഭിക്കും മുൻപ് ഭൂമിയെ ചുറ്റിയുള്ള സഞ്ചാരത്തിൽ അഞ്ചുതവണ ഇത്തരം ഭ്രമണപഥമുയർത്തൽ നടക്കും.
ആദിത്യ എൽ1,16 ദിവസം ഭൗമ ഭ്രമണപഥത്തിലാകും തുടരുക. ഈ പതിനാറ് ദിവസങ്ങളിൽ, ഉപഗ്രഹത്തിന് ആവശ്യമായ വേഗത കൈവരിക്കുന്നതിനായി അഞ്ച് ഭൗമാന്തര ഫയറിംഗ് അഭ്യാസങ്ങളും നടത്തും. ഷെഡ്യൂൾ ചെയ്ത ഭ്രമണപഥം ഉയർത്തൽ പ്രക്രിയ പൂർത്തിയായ ശേഷമാണ് ആദിത്യ എൽ1 സൂര്യനു സമീപമുള്ള എൽ1 ബിന്ദുവിലേക്കുള്ള യാത്ര ആരംഭിക്കുന്നത്. എൽ1 പോയിന്റിൽ എത്തിയ ശേഷം, ആദിത്യ എൽ വണ്ണിനെ ട്രാൻസ്-ലഗ്രാഞ്ചിയൻ 1ലേക്ക് എത്തിക്കും. അവിടെ നിന്നാകും 110 ദിവസം ദൈർഘ്യമുള്ള സഞ്ചാരം ആരംഭിക്കുന്നത്.
ഭൂമിയിൽ നിന്ന് ഏകദേശം 15.1 കോടി കിലോമീറ്റർ അകലെയണ് സൂര്യൻ സ്ഥിതി ചെയ്യുന്നത്. സൂര്യന്റെയും ഭൂമിയുടെയും ഇടയിലുള്ള ആദ്യത്തെ ലഗ്രാഞ്ച് (എൽ 1) പോയിന്റിലെ ഹാലോ പരിക്രണപഥത്തിലാണ് ആദിത്യ എൽ1 പേടകത്തെ സ്ഥാപിക്കുക. വിവിധ പഠനങ്ങൾക്കായി 7 പേലോഡുകളാണ് പേടകത്തിൽ സജ്ജീകരിച്ചിരിക്കുന്നത്. ഇതിൽ നാലെണ്ണം സൂര്യനെ കുറിച്ചും മൂന്നെണ്ണം ലഗ്രാഞ്ച് -1 എന്ന പോയിന്റിന്റെ സവിശേഷതകളെ കുറിച്ചും പഠിക്കും. 15 ലക്ഷം കിലോമീറ്റർ പേടകം സഞ്ചരിക്കുന്ന പാതയിലെ അന്തരീക്ഷത്തെ കുറിച്ച് പഠിക്കുന്നതിനും സജ്ജീകരണമുണ്ട്.