ആദിത്യ-എൽ 1ന് പിന്നാലെ എസ്എസ്എൽവി - ഡി3യും പിഎസ്എൽവിയും; സ്വപ്നപദ്ധതികളുമായി ഐഎസ്ആർഒ
സൂര്യനെക്കുറിച്ച് പഠിക്കാനുള്ള ഇന്ത്യയുടെ പ്രഥമ ദൗത്യം ആദിത്യ-എൽ 1 വിക്ഷേപണത്തിന് സജ്ജമായിരിക്കുകയാണ്. ആദിത്യ-എൽ 1ന് പിന്നാലെ എസ്എസ്എൽവി - ഡി3, പിഎസ്എൽവി എന്നിവയുൾപ്പെടെ വിവിധ വിക്ഷേപണങ്ങൾ ഉടനുണ്ടാകുമെന്നാണ് ഐഎസ്ആർഒ മേധാവി എസ് സോമനാഥ് അറിയിച്ചിരിക്കുന്നത്. ആദിത്യ-എൽ 1ന്റെ വിക്ഷേപണത്തിന് മുന്നോടിയായി ആന്ധ്രാപ്രദേശിലെ ശ്രീ ചെങ്കാലമ്മ പരമേശ്വരി ക്ഷേത്രം സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കവെയാണ് പ്രതികരണം. നാളെ രാവിലെ 11.50നാണ് ആദ്യത്യ എൽ-1ന്റെ വിക്ഷേപണം.
"അടുത്ത വിക്ഷേപണം ആദിത്യ എൽ1 ആണ്, ഒക്ടോബറിൽ ഗഗൻയാൻ ഇൻ-ഫ്ലൈറ്റ് ക്രൂ എസ്കേപ്പ് സിസ്റ്റം ഡെമോ ടിവി-ഡി1, പിന്നീട് ജിഎസ്എൽവി ഇൻസാറ്റ് 3DS, ശേഷം എസ്എസ്എൽവി-ഡി3, പിന്നാലെ പിഎസ്എൽവി, പിന്നെ എൽവിഎം3 അങ്ങനെ പലതും..." ഐഎസ്ആർഒയുടെ പുതിയ ദൗത്യങ്ങളെക്കുറിച്ച് സോമനാഥ് പറഞ്ഞു. ചന്ദ്രയാൻ-3ന്റെ പ്രവർത്തനങ്ങൾ തടസങ്ങളില്ലാതെ നടക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആദിത്യ-എൽ 1ന്റെ വിക്ഷേപണം രാവിലെ 11:20 മുതൽ ഐഎസ്ആർഒ വെബ്സൈറ്റായ https://isro.gov.in, ഫേസ്ബുക്ക് https://facebook.com/ISRO, യുട്യൂബ് https://youtube.com/watch?v=_IcgGYZTXQw, ഡിഡി നാഷണൽ ടിവി ചാനൽ എന്നിവയിലൂടെ തത്സമയം കാണാം.
സൂര്യനെക്കുറിച്ച് പഠിക്കുന്ന ആദ്യ ഇന്ത്യൻ ബഹിരാകാശ ദൗത്യമാണ് നാളെ വിക്ഷേപിക്കാൻ തീരുമാനിച്ചിരിക്കുന്ന ആദിത്യ-എൽ1. ഭൂമിയിൽ നിന്ന് ഏകദേശം 1.5 ദശലക്ഷം കിലോമീറ്റർ (930,000 മൈൽ) അകലെയുള്ള സൂര്യ-ഭൗമ വ്യവസ്ഥയുടെ ലഗ്രാഞ്ച് പോയിന്റ് 1ന്(L1) ചുറ്റുമുള്ള ഒരു ഭ്രമണപഥത്തിലാണ് പേടകം സ്ഥാപിക്കുക. ലഗ്രാഞ്ച് പോയിന്റ് ഗുരുത്വാകർഷണഫലം സന്തുലിതമാക്കുകയും ബഹിരാകാശ പേടകത്തിന്റെ ഇന്ധന ഉപഭോഗം കുറയ്ക്കുകയും ചെയ്യുന്നു. സൗരോർജ്ജ പ്രവർത്തനങ്ങളും ബഹിരാകാശ വ്യവസ്ഥയിൽ അവയുടെ സ്വാധീനവും തത്സമയം നിരീക്ഷിക്കുകയാണ് ദൗത്യത്തിന്റെ ലക്ഷ്യം. 2019ൽ, ആദിത്യ-എൽ1 ദൗത്യത്തിന് ഏകദേശം 46 മില്യൺ ഡോളറിന് തുല്യമായ തുക സർക്കാർ അനുവദിച്ചിരുന്നു.