'എല്ലാം പ്രതീക്ഷിച്ച നിലയിൽ'
ചന്ദ്രോപരിതലത്തിൽ സഞ്ചാരം തുടങ്ങി റോവർ, പേലോഡുകൾ പ്രവർത്തന സജ്ജം

'എല്ലാം പ്രതീക്ഷിച്ച നിലയിൽ' ചന്ദ്രോപരിതലത്തിൽ സഞ്ചാരം തുടങ്ങി റോവർ, പേലോഡുകൾ പ്രവർത്തന സജ്ജം

ചന്ദ്രനിൽ ഇറങ്ങുന്നതിന് മുൻപ് പേടകം പകർത്തിയ ദൃശ്യങ്ങളും ഐഎസ്ആർഒ പങ്കുവച്ചു
Updated on
1 min read

വിജയകരമായ സോഫ്റ്റ് ലാൻഡിങ്ങിനുശേഷം ചന്ദ്രയാൻ മൂന്നിലെ ലാൻഡർ മൊഡ്യൂളിൽനിന്ന് പുറത്തുവന്ന പ്രഗ്യാൻ റോവർ ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ സഞ്ചാരം തുടങ്ങി. എല്ലാ പ്രവർത്തനങ്ങളും പ്രതീക്ഷിച്ചത് പോലെ തന്നെ നടക്കുന്നതായി ഐഎസ്ആർഒ അറിയിച്ചു. സോഫ്റ്റ് ലാൻഡിങ്ങിന് തൊട്ടുമുൻപ് പേടകം പകർത്തിയ ദൃശ്യങ്ങളും ഐഎസ്ആർഒ പങ്കുവച്ചിട്ടുണ്ട്. ലാൻഡർ ഇമേജർ ക്യാമറായാണ് ഈ ദൃശ്യങ്ങൾ പകർത്തിയത്.

ലാൻഡർ മോഡ്യൂളിലെ മൂന്ന് പേലോഡുകൾ ഇന്ന് പ്രവർത്തനമാരംഭിച്ചു. രംഭ ലാങ്‌മെയര്‍ പ്രോബ് (Radio Anatomy of Moon Bound Hypersensitive ionosphere and Atmosphere) , ചാസ്‌തേ (Chandra's Surface Thermophysical Experiment), ഇല്‍സ (Instrument for Lunar Seismic Activity) എന്നീ പേലോഡുകളാണ് ഇന്ന് പ്രവർത്തനസജ്ജമായത്.

ചന്ദ്രനെ ഇപ്പൊഴും വലംവച്ചുകൊണ്ടിരിക്കുന്ന പ്രൊപ്പൽഷൻ മൊഡ്യൂളിലെ ഷേപ്പ് പേലോഡ് ഞായറാഴ്ച പ്രവർത്തനമാരംഭിച്ചിരുന്നു. പ്രൊപ്പൽഷൻ മൊഡ്യൂളിൽനിന്ന് വേർപെട്ടശേഷമാണ് ലാൻഡർ മൊഡ്യൂൾ സോഫ്റ്റ് ലാൻഡിങ് നടത്തിയത്.

ചന്ദ്രനിലെ പ്ലാസ്മ സാന്ദ്രതയെക്കുറിച്ചും അതിന്‌റെ വ്യതിയാനങ്ങളെ കുറിച്ചും പഠിക്കുക എന്നതാണ് രംഭയുടെ ലക്ഷ്യം. ചന്ദ്രോപരിതലത്തിലെ താപനിലയുടെ പ്രത്യേകത പഠിക്കുന്ന ചാസ്‌തേ, തെര്‍മോ ഫിസിക്കല്‍ പരീക്ഷണവും നടത്തും. ഭൂചലനങ്ങള്‍ക്ക് സമാനമായി ചന്ദ്രനിലുണ്ടാകുന്ന ചലനങ്ങളെക്കുറിച്ചും ചന്ദ്രന്‌റെ ഘടനയെക്കുറിച്ചും പഠിക്കുന്ന സെസ്മിക് ആക്റ്റിവിറ്റി ഉപകരണമാണ് ഇല്‍സ.

പ്രൊപ്പല്‍ഷന്‍ മൊഡ്യൂളിലുള്ള സ്‌പെക്ട്രോ പോളാരിമെട്രി ഓഫ് ഹാബിറ്റബിള്‍ പ്ലാനറ്റ് എര്‍ത്ത് (ഷെയ്പ്) മനുഷ്യവാസമുള്ള ഗ്രഹങ്ങളുണ്ടോയെന്ന് കണ്ടെത്താന്‍ സഹായിക്കും വിധം താരതമ്യം ചെയ്യാന്‍ ഭൂമിയുടെ സ്‌പെക്ട്രം പഠിക്കുന്നതിനുള്ള ഉപകരണമാണ്.

വിക്രം ലാൻഡറിൽനിന്ന് പ്രഗ്യാൻ റോവർ ചന്ദ്രനിൽ ഇറങ്ങിയതായി ഐഎസ്ആർഒ നേരത്തെ സ്ഥിരീകരിച്ചിരുന്നു. ഇതോടെ ഇന്ത്യയുടെ ദേശീയ മുദ്രയായ അശോകസ്തംഭവും ഐഎസ്ആർഒയുടെ ലോഗോയും ചന്ദ്രോപരിതലത്തിൽ പതിഞ്ഞു. ചന്ദ്രനിൽ പതിനാല് ദിവസം സഞ്ചരിച്ച് കൃത്യതയാർന്ന വിവരങ്ങൾ ഭൂമിയിൽ എത്തിക്കുക എന്നതാണ് റോവറിന്റെ ലക്ഷ്യം.

ലാന്‍ഡറിലും റോവറിലും പ്രൊപ്പല്‍ഷന്‍ മൊഡ്യൂളിലുമുള്ള ഏഴ് പഠനോപകരണങ്ങള്‍ ചന്ദ്രനിൽനിന്ന് വിവരങ്ങൾ ശേഖരിച്ച് ഭൂമിയിലേക്ക് അയയ്ക്കും. ചന്ദ്രനിൽ സെക്കൻഡിൽ ഒരു സെന്റിമീറ്ററാണ് റോവർ സഞ്ചരിക്കുക. പതിനാല് ദിവസങ്ങൾ കൊണ്ട് 500 മീറ്റർ സഞ്ചരിക്കും. സൗരോര്‍ജത്തിലാണ് പേടകത്തിന്‌റെ പ്രവര്‍ത്തനം.

'എല്ലാം പ്രതീക്ഷിച്ച നിലയിൽ'
ചന്ദ്രോപരിതലത്തിൽ സഞ്ചാരം തുടങ്ങി റോവർ, പേലോഡുകൾ പ്രവർത്തന സജ്ജം
'ചന്ദ്രനിൽ ഇന്ത്യ ചുവടുവച്ചു'; ലാൻഡർ മൊഡ്യൂളിൽ നിന്ന് റോവർ പുറത്തിറങ്ങിയത് സ്ഥിരീകരിച്ച് ഇസ്രോ
logo
The Fourth
www.thefourthnews.in