വിദൂര ഗ്രഹത്തെ വിഴുങ്ങി നക്ഷത്രം; ദൃശ്യങ്ങൾ പകർത്തി ശാസ്ത്രജ്ഞർ

വിദൂര ഗ്രഹത്തെ വിഴുങ്ങി നക്ഷത്രം; ദൃശ്യങ്ങൾ പകർത്തി ശാസ്ത്രജ്ഞർ

സൂര്യന്റെ ആയുസ് അവസാനിക്കുമ്പോൾ ഭൂമിയെ കാത്തിരിക്കുന്നതും ഇതേ വിധി തന്നെ
Updated on
2 min read

ശാസ്ത്രലോകത്തെ അത്ഭുതപ്പെടുത്തുന്ന ദൃശ്യങ്ങൾ പുറത്ത്. ഒരു ഗ്രഹത്തിൽ നിന്നും തീവ്രമായ പ്രകാശം വരുന്നതും തുടർന്ന് അതിനെ നക്ഷത്രം വിഴുങ്ങുന്നതുമാണ് ശാസ്ത്രജ്ഞർ പകർത്തിയത്. സൂര്യന്റെ ആയുസ് അവസാനിക്കുമ്പോൾ ഭൂമിയെ കാത്തിരിക്കുന്നതും ഇതേ വിധി തന്നെ.

ആയുസ് അവസാനിക്കാറായ ഒരു നക്ഷത്രം ഇത്രയധികം വലുപ്പം വയ്ക്കുന്ന നിമിഷത്തെ ഗവേഷകർ പകർത്തുന്നത് ഇതാദ്യമാണ്. ഈ സമയത്ത് നക്ഷത്രത്തിന്റെ അടുത്തുള്ള ഗ്രഹം ഉപരിതലത്തിൽ നിന്ന് പുറത്തുകടക്കാൻ ശ്രമിക്കും. തുടർന്ന് വാതകവും പൊടിയും ബഹിരാകാശത്തേക്ക് പുറംതള്ളും. ഒടുവിൽ അഗ്നിജ്വാലയായി മാറും.

ശാസ്ത്രത്തിലെ പല കണ്ടുപിടുത്തങ്ങളെയും പോലെ ഇതും ആകസ്മികമായ ഒന്നായിരുന്നെന്ന് കേംബ്രിഡ്ജ് എംഐടിയിലെ പോസ്റ്റ്ഡോക്ടറൽ ഫെല്ലോ കിഷലേ ഡി വ്യക്തമാക്കി. ഇത് ഒരു പുതിയ തരം പ്രതിഭാസത്തിലേക്ക് നമ്മുടെ കണ്ണുതുറന്നു, ഇതാണ് ഭൂമിയുടെ അന്തിമ വിധി," കിഷലേ ഡി കൂട്ടിച്ചേർത്തു.

2020ൽ കാലിഫോർണിയയിലെ പലോമർ ഒബ്സർവേറ്ററിയിലെ സ്വിക്കി ട്രാൻസിയന്റ് ഫെസിലിറ്റി നടത്തിയ നിരീക്ഷണങ്ങൾക്കിടയിലാണ് വെളിച്ചം പുറംതള്ളുന്ന പ്രതിഭാസം കിഷലേ ഡി ആദ്യമായി കണ്ടത്. കോസ്മിക്ക് ദുരന്തം എന്ന സാധ്യതയ്ക്ക് സൂചന നൽകിയത് ഈ സംഭവമാണ്. 12,000 പ്രകാശവർഷം അകലെ സ്ഥിതി ചെയ്യുന്ന അക്വില നക്ഷത്രസമൂഹത്തിന് സമീപമുള്ള ഒരു നക്ഷത്രത്തിലാണ് പ്രകാശം കണ്ടത്. 10 ദിവസത്തിനുള്ളിൽ നൂറു മടങ്ങായാണ് നക്ഷത്രത്തിന്റെ പ്രകാശം വർദ്ധിച്ചത്.

ഒരു നക്ഷത്രം അതിന്റെ ഭ്രമണപഥത്തിൽ മറ്റൊന്നിനെ ആഗിരണം ചെയ്യുന്ന നക്ഷത്ര ലയനമാണിതെന്ന് ഗവേഷകർ സംശയിച്ചു. എന്നാൽ ഹവായിയിലെ കെക്ക് ഒബ്സർവേറ്ററിയിൽ നിന്നുള്ള തുടർ നിരീക്ഷണങ്ങൾ ഈ വാദത്തിൽ സംശയമുയർത്തി. മിക്ക നക്ഷത്ര ലയനങ്ങളും ഹൈഡ്രജനും ഹീലിയവുമാണ് പുറന്തള്ളുക. എന്നാൽ ഈ പ്രതിഭാസത്തിൽ രണ്ട് മൂലകങ്ങളുടെയും സാന്നിധ്യം ഉണ്ടായിരുന്നില്ല.

പലോമർ ഒബ്‌സർവേറ്ററിയിലെ ഇൻഫ്രാറെഡ് ക്യാമറ ഉപയോഗിച്ചായിരുന്നു പിന്നീട് നിരീക്ഷണങ്ങൾ നടത്തിയത്. ഇൻഫ്രാറെഡിന് സമീപം നക്ഷത്രം വളരെയേറെ തെളിച്ചമുള്ളതാണെന്ന് നിരീക്ഷണത്തിൽ കണ്ടെത്തി. പ്രാരംഭത്തിൽ ചൂടുള്ള വെളുത്ത വെളിച്ചമാണ് നക്ഷത്രത്തിൽ നിന്നുണ്ടാകുന്നത്. തുടർന്ന് തണുപ്പുള്ള വാതകം ബഹിരാകാശത്തേക്ക് പുറംതള്ളുകയും അത് ഇൻഫ്രാറെഡ് തരംഗത്തിൽ ദൃശ്യമാകുന്ന പൊടിയായി ഘനീഭവിക്കുകയും ചെയ്തെന്ന് കിഷലേ ഡി പറയുന്നു.

തുടർന്ന് നാസയുടെ ഇൻഫ്രാറെഡ് ബഹിരാകാശ ദൂരദർശിനിയായ നിയോവൈസിൽ നിന്നുള്ള കൂടുതൽ വിവരങ്ങൾ സംഘം വിശകലനം ചെയ്തു. കേന്ദ്രനക്ഷത്രത്തിൽ വീണത് ഒരു നക്ഷത്രത്തേക്കാൾ 1000 മടങ്ങ് ചെറിയ വസ്തുവാണെന്നും പൊട്ടിത്തെറി വളരെ ദുര്‍ബലമായിരുന്നെന്നും കണ്ടെത്തി. ഒരു ഗ്രഹമാണ് അതിന്റെ നക്ഷത്രത്തിൽ ഇടിച്ചതെന്ന് അപ്പോഴാണ് മനസ്സിലാക്കിയതെന്നും കിഷലേ ഡി വ്യക്തമാക്കി.

ഇതുവരെയുള്ള വിവരങ്ങൾ കൂട്ടിവായിക്കുമ്പോൾ, വ്യാഴത്തിന്റെ വലുപ്പമുള്ള ഒരു ഗ്രഹമാണ് ഇതെന്ന് കരുതുന്നു.ഈ ​ഗ്രഹം നക്ഷത്രത്തെ അവിശ്വസനീയമാംവിധം വേഗത്തിൽ ചുറ്റുകയും ഒരു ദിവസത്തിനുള്ളിൽ ഒരു ഭ്രമണപഥം പൂർത്തിയാക്കുകയും ചെയ്തു. പ്രകാശം പൊട്ടിപ്പുറപ്പെടുന്നതിന് ഏകദേശം ഒൻപത് മാസം മുൻപ് ​ഗ്രഹം നക്ഷത്രത്തിന്റെ ഉപരിതലം കുറയ്ക്കാൻ തുടങ്ങിയിരുന്നു.ഒടുവിൽ നക്ഷത്രത്തിലേക്ക് ഇടിച്ചുകയറുന്നതിന് മുൻപ് നൂറുകണക്കിന് ഭ്രമണപഥങ്ങൾ പൂർത്തിയാക്കിയതായും ശാസ്ത്രജ്ഞർ വ്യക്തമാക്കുന്നു.

ഒരു നക്ഷത്രം അതിന്റെ ഇന്ധനം തീർന്ന് ആയുസ് അവസാനിക്കുമ്പോൾ യഥാർത്ഥ വലിപ്പത്തന്റെ ഒരു മില്യൺ ഇരട്ടിയായി വികസിക്കുന്നു.ഈ പ്രക്രിയയിൽ അടുത്തുള്ള ഗ്രഹങ്ങളെ വിഴുങ്ങും.വിദൂര ഭാവിയയിൽ സൂര്യൻ ഈ പോയിന്റിൽ എത്തുമ്പോൾ അത് ബുധനെയും ശുക്രനെയും ഭൂമിയെയും ദഹിപ്പിക്കുമെന്നും ശാസ്ത്രജ്ഞർ ചൂണ്ടിക്കാട്ടുന്നു.

logo
The Fourth
www.thefourthnews.in