ചില്ലറക്കാരനല്ല ജെയിംസ് വെബ്; പുതിയ ആറ് ഭീമന്‍ ഗ്യാലക്‌സികളെ കണ്ടെത്തി ടെലിസ്‌കോപ്പ്
പ്രപഞ്ചത്തിൻ്റെ ആവിര്‍ഭാവം സംബന്ധിച്ച രൂപീകരണത്തിലേയ്ക്ക് വിരല്‍ ചൂണ്ടുന്ന നിര്‍ണായക കണ്ടുപിടുത്തവുമായി ശാസ്ത്രജ്ഞര്‍. പ്രപഞ്ചം രൂപപ്പെടുത്തിയ ബിഗ് ബാങിന് 500 മുതല്‍ 700 മില്ല്യണ്‍ വര്‍ഷങ്ങള്‍ക്ക് ശേഷം രൂപപ്പെട്ട ആറ് ഭീമന്‍ ഗ്യാലക്‌സികളെയാണ് ശാസ്ത്രജ്ഞര്‍ കണ്ടെത്തിയത്. ജെയിംസ് വെബ് ടെലിസ്‌കോപ്പിലൂടെയാണ് ഗ്യാലക്‌സികളെ കണ്ടെത്തിയത്. നിലവില്‍ കണ്ടെത്തിയതില്‍ വച്ച് ഭീമാകാരമായ ഗ്യാലക്‌സികളാണിതെന്നും ഗവേഷകര്‍ വ്യക്തമാക്കി.
എന്താണ് ഗ്യാലക്‌സികള്‍
ഗുരുത്വാകര്‍ഷണബലത്തിനു വിധേയമായി ഒരു പൊതു കേന്ദ്രത്തെ വലം വച്ചുകൊണ്ടിരിക്കുന്ന കോടിക്കണക്കിന് നക്ഷത്രങ്ങള്‍ ചേര്‍ന്ന വ്യൂഹങ്ങളാണ് ഗ്യാലക്‌സികള്‍. നക്ഷത്രങ്ങളെ ചുറ്റുന്ന ഗ്രഹങ്ങള്‍, ഉപഗ്രഹങ്ങള്‍, നക്ഷത്രാവശിഷ്ടങ്ങള്‍, നെബുലകള്‍ എന്നറിയപ്പെടുന്ന ഭീമന്‍ വാതകപടലങ്ങള്‍ , പൊടി പടലങ്ങള്‍ തമോദ്രവ്യം എന്നിവയെല്ലാം ഗ്യാലക്‌സികളുടെ ഭാഗമാണ്. നഗ്ന നേത്രങ്ങള്‍ക്കൊണ്ട് നമുക്ക് കാണാന്‍ സാധിക്കുന്ന ഗ്യാലക്‌സികളെല്ലാം മില്‍ക്കി വേ എന്ന ഗ്യാലക്‌സിയിലെ അംഗങ്ങളാണ്. എന്നാല്‍ മില്‍ക്കി വേയ്ക്ക് പുറത്ത് ടെലിസ്‌കോപ്പുകളിലൂടെ നോക്കിയാല്‍ അനേകമനേകം ഗ്യാലക്‌സികളെ കാണാം.
ഇത്തരത്തില്‍ നാളിതുവരെ കണ്ടെത്തിയ ഗ്യാലക്‌സികളില്‍ നിന്ന് വളരെ വലുതാണ് ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്ന ഗ്യാലക്‌സിയെന്നാണ് പെന്‍ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയിലെ ആസ്‌ട്രോണമി ആന്‍ഡ് ആസ്‌ട്രോ ഫിസിക്‌സ് വിഭാഗം അസിസ്റ്റന്റ് പ്രഫസര്‍ ജോയല്‍ ലീജ വ്യക്തമാക്കിയിരിക്കുന്നത്. ഈ കണ്ടുപിടിത്തം ഗാലക്‌സികളുടെ ഉത്ഭവത്തെക്കുറിച്ചുള്ള നിലവിലുള്ള സിദ്ധാന്തങ്ങളെ പൂര്‍ണ്ണമായും അട്ടിമറിക്കുന്നുവെന്ന് പഠന വിവരം പ്രസിദ്ധീകരിച്ച നേച്ചര്‍ ജേണല്‍ വ്യക്തമാക്കുന്നു.
ഗവേഷണ സമയത്ത് വലിപ്പം കുറഞ്ഞ ചെറിയ ഗ്യാലക്‌സികളെയാണ് പ്രതീക്ഷിച്ചതെന്നും എന്നാല്‍ കണ്ടെത്തിയത് പ്രതീക്ഷക്കപ്പുറമുള്ളതാണെന്നും ഗവേഷകരിലൊരാളായ ജോയല്‍ ലീജ പറയുന്നു. പ്രപഞ്ച രൂപീകരണത്തോളം പഴക്കം വരുന്ന ഗ്യാലക്‌സിയാണ് കണ്ടെത്തിയിരിക്കുന്നതെന്നാണ് ശാസ്ത്രജ്ഞരുടെ പഠനം
പ്രപഞ്ചത്തിൻ്റെ രൂപീകരണ സമയത്ത് തന്നെ ഭീമാകാരമായ ഗാലക്‌സി രൂപീകരണം ആരംഭിച്ചു എന്നത് പ്രപഞ്ചം എങ്ങനെ രൂപപ്പെട്ടു എന്നതുമായി ബന്ധപ്പെട്ട പഠനങ്ങളെ പൊളിച്ചെഴുതുന്നതാണെന്നും ലീജ പറയുന്നു. പ്രപഞ്ചം എങ്ങനെ രൂപപ്പെട്ടു എങ്ങനെ അത് നിലനിലനില്‍ക്കുന്നു എന്നത് സംബന്ധിച്ച് വീണ്ടും ഒരു പഠനത്തിൻ്റെ ആവശ്യകതയുണ്ടെന്നും പുതിയ കണ്ടെത്തലിലൂടെ ഗവേഷകര്‍ ചൂണ്ടി കാട്ടുന്നു. കാലക്രമേണ വളര്‍ന്നുവരുന്ന നക്ഷത്രങ്ങളുടെയും പൊടിപടലങ്ങളുടെയും ചെറിയ മേഘങ്ങളായിട്ടാണ് ഗാലക്‌സികള്‍ രൂപപ്പെട്ടതെന്നാണ് ഗ്യാലക്‌സിയുടെ രൂപീകരണവുമായി ബന്ധപ്പെട്ട് ഇപ്പോള്‍ നിലനില്‍ക്കുന്ന പഠനം. അപ്രതീക്ഷിതമായി കണ്ടെത്തിയ പുതിയ ഗ്യാലക്‌സി പ്രപഞ്ച രൂപീകരണവുമായി ബന്ധപ്പെട്ട മുഴുവന്‍ പഠനങ്ങളേയും പൊളിച്ചെഴുതുന്നതാണെന്നും ലീജ വ്യക്തമാക്കി.
31 വര്‍ഷമായി ബഹിരാകാശത്തുള്ള ഹബ്ബിള്‍ ടെലിസ്‌കോപ്പിനെക്കാള്‍ ഏറെ സാങ്കേതിക മേന്മയാണ് പുതിയ ഗ്യാലക്സിയെ കണ്ടെത്തിയ ജയിംസ് വെബിനുള്ളത്. ജയിംസ് വെബ് ഇന്‍ഫ്രാ റെഡ് കിരണങ്ങള്‍ ഉപയോഗിച്ചാണു പ്രവര്‍ത്തിക്കുന്നത്. ടെലിസ്‌കോപ്പിലെ ഭീമന്‍ സോളര്‍ പാനലുകളാണ് ഊര്‍ജ്ജം നല്‍കുന്നത്. ഭൂമിയില്‍ നിന്നു 15 ലക്ഷം കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന എല്‍2 ഭ്രമണപഥത്തിലാണു ജയിംസ് വെബ് സ്ഥിതി ചെയ്യുന്നത്.