പെൺകുട്ടികളുടെ മസ്തിഷ്ക പ്രവർത്തനം ആൺകുട്ടികളേക്കാൾ സങ്കീർണം: പുതിയ പഠനം
പെൺകുട്ടികളുടെ മസ്തിഷ്ക പ്രവർത്തനം ആൺകുട്ടികളേക്കാൾ സങ്കീർണ്ണമാണെന്ന് പഠനം. ജർമനിയിലെ ട്യൂബിംഗൻ സർവ്വകലാശാലയിലെ ജോയൽ ഫ്രോഹ്ലിച്ചും സഹപ്രവർത്തകരും നടത്തിയ പഠനത്തിലാണ് ഇക്കാര്യം കണ്ടെത്തിയത്. ഭ്രൂണങ്ങളിലും ശിശുക്കളിലും നാഡീവ്യൂഹം വികസിക്കുന്നതിനനുസരിച്ച് തലച്ചോറിലെ സിഗ്നലുകളുടെ സങ്കീർണ്ണത കുറയുന്നുവെന്ന് പഠനം കണ്ടെത്തി. എന്നാൽ സ്ത്രീകളെ അപേക്ഷിച്ച് പുരുഷന്മാരിൽ ഇത് വളരെ വേഗത്തിൽ സംഭവിക്കുന്നു. മാഗ്നെറ്റോ എൻസെഫലോഗ്രാഫി (MEG) എന്ന ഇമേജിംഗ് ടെക്നിക് ഉപയോഗിച്ച് ഭ്രൂണങ്ങളിലും ശിശുക്കളിലും മസ്തിഷ്ക വൈദ്യുത പ്രവാഹങ്ങൾ ഉത്പാദിപ്പിക്കുന്ന കാന്തികക്ഷേത്രങ്ങൾ അളന്നുകൊണ്ടാണ് ഗവേഷകർ ഈ നിഗമനത്തിൽ എത്തിയത്.
ന്യൂ സയന്റിസ്റ് മാസികയിൽ പ്രസിദ്ധീകരിച്ച പഠനം പ്രകാരം, ഗർഭവസ്ഥയുടെ അവസാന മൂന്ന് മാസത്തിൽ എത്തിയ 43 ഭ്രൂണങ്ങളിലും 13 മുതൽ 59 ദിവസം വരെ പ്രായമുള്ള 20 കുഞ്ഞുങ്ങളിലും മാഗ്നെറ്റോ എൻസെഫലോഗ്രാഫി ഉപയോഗിച്ച് പഠനം നടത്തിയിരുന്നു. ഈ വിവരങ്ങളാണ് ശാസ്ത്രജ്ഞർ വിശകലനം ചെയ്തത്.
ഗർഭിണിയുടെ വയറിനും എംഇജി സെൻസറുകൾക്കും ഇടയിൽ ഘടിപ്പിച്ച 'സൗണ്ട് ബലൂൺ' ഉപയോഗിച്ച് ഗർഭസ്ഥശിശുവിന് ശബ്ദം കേൾപ്പിച്ചു. ഗർഭസ്ഥശിശുക്കളിലും നവജാതശിശുക്കളിലും ന്യൂറോളജിക്കൽ സിസ്റ്റം വളരുമ്പോൾ, തലച്ചോറിലെ സിഗ്നലുകളുടെ സങ്കീർണ്ണത കുറയുന്നതായി ഡാറ്റ വിശകലനം വ്യക്തമാക്കുന്നു. എന്നാൽ ആൺകുട്ടികളിൽ ഈ സംവിധാനം പെൺകുട്ടികളേക്കാൾ വേഗത്തിൽ വികസിക്കുന്നു.
ശബ്ദ ഉത്തേജനത്തോടുള്ള പ്രതികരണമായി ഗവേഷകർ അവരുടെ കാന്തിക മസ്തിഷ്ക പ്രവർത്തനം അളന്നിട്ടുണ്ട്. എംഇജി സിഗ്നലിൻ്റെ സങ്കീർണ്ണതയെ പ്രതിനിധീകരിക്കുന്ന വിവിധ അളവുകൾ സൃഷ്ടിക്കാൻ ഗവേഷകർ അൽഗോരിതങ്ങൾ സൃഷ്ടിച്ചിട്ടുണ്ട്.
ഭ്രൂണങ്ങൾ വളരുകയും കുഞ്ഞുങ്ങൾക്ക് പ്രായമാകുകയും ചെയ്യുമ്പോൾ മസ്തിഷ്ക സിഗ്നലുകളുടെ സങ്കീർണ്ണത വർദ്ധിക്കുമെന്നാണ് നിലവിൽ ഗവേഷകർ അനുമാനിക്കുന്നത്. എന്നിരുന്നാലും ഇതിന്റെ കാരണം വ്യക്തമല്ല. അനാവശ്യമായ കോശങ്ങളും കണക്ഷനുകളും നീക്കം ചെയ്തുകൊണ്ട് മസ്തിഷ്കം വികസന സമയത്ത് അതിൻ്റെ പ്രക്രിയകൾ ലളിതമാക്കുന്നതാകാം എന്നതാണ് നിലവിൽ സാധ്യമായ വിശദീകരണം.
"വികസിച്ചുകൊണ്ടിരിക്കുന്ന മസ്തിഷ്കം അനാവശ്യമായ കോശങ്ങളെയും കണക്ഷനുകളെയും ഇല്ലാതാക്കുന്നു.മസ്തിഷ്കം പക്വത പ്രാപിക്കുമ്പോൾ, അത് ന്യൂറൽ കണക്ഷനുകളുടെ ക്രമീകരിച്ച പാറ്റേണുകളിലേക്ക് മാറുന്നു. നമ്മുടെ പരീക്ഷണത്തിലെ ബീപ് പോലെയുള്ള ഉത്തേജകങ്ങളോട് പ്രതികരിക്കണമെന്ന് അത് നിർദേശം നൽകുന്നു. ഒരു ഉത്തേജനത്തോട് പ്രതികരിക്കാൻ തലച്ചോറിന് കഴിയുന്ന വഴികളുടെ എണ്ണം നിയന്ത്രിക്കുന്നു. അങ്ങനെ സങ്കീർണ്ണത കുറയും" പഠനത്തിൻ്റെ പ്രധാന രചയിതാവ് ജോയൽ ഫ്രോഹ്ലിച്ച് പറഞ്ഞു,'