നാസയുടെ സ്റ്റാര്‍ലൈനര്‍ സുരക്ഷിതമായി ഭൂമിയിലെത്തി; സുനിതയും വിൽമോറും ബഹിരാകാശനിലയത്തിൽ തുടരും

നാസയുടെ സ്റ്റാര്‍ലൈനര്‍ സുരക്ഷിതമായി ഭൂമിയിലെത്തി; സുനിതയും വിൽമോറും ബഹിരാകാശനിലയത്തിൽ തുടരും

പേടകത്തിന്റെ 28 ത്രസ്റ്ററുകളില്‍ (ദിശ മാറ്റാൻ സഹായിക്കുന്ന ചെറിയ റോക്കറ്റ്) അഞ്ചെണ്ണം തകരാറിലായിരുന്നു. ഇത് ഹീലിയത്തിന്റെ ചോർച്ചയിലേക്ക് നയിക്കുകയായിരുന്നു
Updated on
1 min read

ബഹിരാകാശ സഞ്ചാരികളായ സുനിത വില്യംസും ബച്ച് വില്‍മോറും ഇല്ലാതെ ബോയിങ്ങിന്റെ ബഹിരാകാശ പേടകം സ്റ്റാർലൈനർ സുരക്ഷിതമായി ഭൂമിയില്‍ മടങ്ങിയെത്തി. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍നിന്നു വെള്ളിയാഴ്ച വൈകീട്ട് ആറിനു പുറപ്പെട്ട പേടകം ആറു മണിക്കൂർ നീണ്ട യാത്രയ്ക്കൊടുവിൽ ന്യൂ മെക്സിക്കോ മരുഭൂമിയിലെ വൈറ്റ് സാൻഡ്സ് സ്പേസ് ഹാർബറിലാണ് ലാൻഡ് ചെയ്തത്.

സുനിതയെയും വിൽമോറിനെയും സ്റ്റാര്‍ലൈനറിൽ തിരിച്ചുകൊണ്ടുവരുന്നത് ഏറെ ദുഷ്കരമാണെന്ന് നാസ വിലയിരുത്തിയതിനെത്തുടർന്നാണ് സ്റ്റാര്‍ലൈനര്‍ തനിച്ച് മടങ്ങിയത്. ചില ബഹിരാകാശ ഉപകരണങ്ങൾ മാത്രമാണ് പേടകത്തിലുണ്ടായിരുന്നത്.

ജൂണിൽ ബഹിരാകാശത്തെത്തിയ സുനിത വില്യംസും ബച്ച് വില്‍മോറും ഫെബ്രുവരിയിൽ മടങ്ങുമെന്നാണ് നാസയുടെ ഏറ്റവും ഒടുവിൽ അറിയിച്ചിരിക്കുന്നത്. ഇലോൺ മസ്കിന്റെ ഉടമസ്തതയിലുള്ള സ്പേസ് എക്സ് പേടകത്തിലായിരിക്കും ഇവർ മടങ്ങുക.

ജൂണ്‍ അഞ്ചിനായിരുന്നു ബോയിങ് സ്റ്റാർലൈനറില്‍ വില്‍മോറും സുനിതയും ബഹിരാകാശ നിലയത്തിലേക്കുള്ള യാത്ര ആരംഭിച്ചത്. എട്ട് ദിവസത്തെ ദൗത്യത്തിമായിരുന്നു നിശ്ചയിച്ചിരുന്നത്. സഞ്ചാരത്തിന്റെ ആദ്യ 24 മണിക്കൂറിനുള്ളില്‍ തന്നെ പേടകത്തിന്റെ പ്രൊപ്പല്‍ഷൻ സിസ്റ്റത്തില്‍ തകരാറുകള്‍ കണ്ടത്തിയിരുന്നു. പേടകത്തിന്റെ 28 ത്രസ്റ്ററുകളില്‍ (ദിശ മാറ്റാൻ സഹായിക്കുന്ന ചെറിയ റോക്കറ്റ്) അഞ്ചെണ്ണം തകരാറിലായിരുന്നു. ഇത് ഹീലിയത്തിന്റെ ചോർച്ചയിലേക്കു നയിക്കുകയായിരുന്നു.

നാസയുടെ സ്റ്റാര്‍ലൈനര്‍ സുരക്ഷിതമായി ഭൂമിയിലെത്തി; സുനിതയും വിൽമോറും ബഹിരാകാശനിലയത്തിൽ തുടരും
സുനിത വില്യംസിന്റെയും ബച്ച് വിൽമോറിന്റെയും യാത്ര വൈകും; ഒരു മാസംകൂടി ബഹിരാകാശത്ത് തങ്ങേണ്ടി വരുമെന്ന് നാസ

ഫെബ്രുവരിയില്‍ സ്പേസ്‌ എക്സിന്റെ പേടകത്തിലായിരിക്കും ഇരുവരും ഭൂമിയിലേക്ക് തിരിച്ചെത്തുകയെന്ന് നാസ നേരത്തെ അറിയിച്ചിരുന്നു. നാസ തലവൻ ബില്‍ നെല്‍സണാണ് ഇക്കാര്യം സ്ഥിരീകരിച്ചിരിക്കുന്നത്. പ്രൊപ്പല്‍ഷൻ സിസ്റ്റത്തില്‍ തകരാറുള്ളതിനാല്‍ ബോയിങ് സ്റ്റാര്‍ലൈനറില്‍ ഇരുവരെയും തിരിച്ചെത്തിക്കുക ദുർഘടമായിരിക്കുമെന്നാണ് ബില്‍ വ്യക്തമാക്കിയത്.

logo
The Fourth
www.thefourthnews.in