ചന്ദ്രയാന്‍ 3 ഇന്ന് ചാന്ദ്രഭ്രമണപഥത്തില്‍
ഭൂമിയുടെ ആകർഷണ വലയത്തിൽനിന്ന് പുറത്തുകടന്ന് ചന്ദ്രനിലേക്ക് കുതിച്ച ചന്ദ്രയാൻ-3 ദൗത്യ പേടകം ഇന്ന് ചാന്ദ്രഭ്രമണപഥത്തിൽ പ്രവേശിക്കും. ചന്ദ്രനിലേക്കുള്ള ദൂരത്തിന്റെ മൂന്നിൽ രണ്ടും പിന്നിട്ടുകഴിഞ്ഞ പേടകം രാത്രി ഏഴോടെ ചാന്ദ്രഭ്രമണപഥത്തിലേക്ക് മാറ്റുമെന്ന് ഐഎസ്ആർഒ അറിയിച്ചു.
ഓഗസ്റ്റ് ഒന്നിന് പുലർച്ചെ നടത്തിയ ട്രാൻസ് ലൂണാർ ഇൻജെക്ഷൻ വിജയകരമായി പൂർത്തിയായതോടെയാണ് പേടകം ഭൂമിയെ വലംവയ്ക്കുന്നത് അവസാനിപ്പിച്ച് ചാന്ദ്രഭ്രമണപഥം ലക്ഷ്യമാക്കി നീങ്ങിത്തുടങ്ങിയത്. രാത്രി 12-ന് ശേഷം ആരംഭിച്ച ഭ്രമണപഥമാറ്റം 22 മിനുറ്റ് കൊണ്ടാണ് പൂർത്തിയായത്. പേടകത്തിലെ പ്രൊപ്പൽഷൻ മൊഡ്യൂളിലെ ലാം എൻജിൻ ജ്വലിപ്പിച്ചാണ് ഭ്രമണപഥമാറ്റം സാധ്യമാക്കിയത്.
തുടർന്നുള്ള നാലുദിവസം ലൂണാർ ട്രാൻസ്ഫർ ട്രജക്റ്ററിയിലൂടെയാണ് പേടകം ചന്ദ്രന്റെ അടുത്തേക്ക് നീങ്ങിയത്. ഇന്ന് രാത്രി പേടകത്തെ ചന്ദ്രന് ചുറ്റുമുള്ള ദീർഘവൃത്താകൃതിയിലുള്ള ഭ്രമണപഥത്തിലേക്ക് മാറ്റും. തുടർന്ന് ഘട്ടം ഘട്ടമായി ഭ്രമണപഥം താഴ്ത്തി ചന്ദ്രന് 100 കിലോ മീറ്റർ അടുത്തുള്ള വൃത്താകൃതിയിലുള്ള ഭ്രമണപഥത്തിലേക്ക് എത്തിക്കും. തുടർന്നാണ് സോഫ്റ്റ് ലാൻഡിങ് നടത്തുക. ഓഗസ്റ്റ് 23നാണ് വൈകീട്ട് 5.47 നാണ് സോഫ്റ്റ് ലാൻഡിങ് നിശ്ചയിച്ചിരിക്കുന്നത്.
ജൂലൈ 14ന് വിക്ഷേപിച്ച ചന്ദ്രയാൻ 3 പതിനേഴ് ദിവസം ഭൂമിയെ വലംവച്ച ശേഷമാണ് ഭൂമിയുടെ ഭ്രമണപഥം വിട്ട് ചാന്ദ്രഭ്രമണപഥത്തിലേക്ക് നീങ്ങിയത്. ഭൂമിക്ക് അടുത്തുള്ള പാർക്കിങ് ഓർബിറ്റിൽ വിക്ഷേപിച്ച പേടകത്തെ അഞ്ച് ഘട്ടമായി ഉയർത്തി ഭൂമിയിൽനിന്ന് ദൂരെയുള്ള ഭ്രമണപഥത്തിലെത്തിക്കുകയായിരുന്നു. ജൂലൈ 15, 17,18, 20,25 തീയതികളിലായാണ് ഭ്രമണപഥമുയർത്തിയത്.
അഞ്ചാമത്തെയും അവസാനത്തെയും ഉയർത്തലിലൂടെ ഭൂമിയിൽനിന്ന് കൂടിയ അകലം 1,27,603 കിലോ മീറ്ററും കുറഞ്ഞ അകലം 236 കിലോമീറ്ററും വരുന്ന ഭ്രമണപഥത്തിലായിരുന്നു പേടകം. ഇവിടെ നിന്നാണ് ട്രാൻസ് ലൂണാർ ഇൻജെക്ഷൻ നടത്തി പേടകത്തെ ചന്ദ്രനിലേക്ക് വഴിതിരിച്ചുവിട്ടത്.