385 കോടി വര്‍ഷത്തിലധികം പഴക്കുള്ള ഗര്‍ത്തത്തിലിറങ്ങി ചന്ദ്രയാന്‍ 3 റോവര്‍; മറ്റ് ദൗത്യങ്ങളൊന്നും സന്ദര്‍ശിച്ചിട്ടില്ലാത്ത സ്ഥലമെന്ന് ശാസ്ത്രജ്ഞര്‍
ഇന്ത്യയുടെ ചാന്ദ്രദൗത്യമായ ചന്ദ്രയാന്‍3 ചന്ദ്രനിലെ 385 കോടി വര്‍ഷം പഴക്കമുള്ള ഗര്‍ത്തത്തില്‍ ഇറങ്ങിയതായി ശാസ്ത്രജ്ഞര്‍. ചന്ദ്രോപരിതലത്തിലെ ഏറ്റവും പഴക്കമുള്ള ഗര്‍ത്തങ്ങളിലൊന്നാണിത്. ചന്ദ്രയാന്‍ 3 ഇറങ്ങിയ ഗര്‍ത്തം ഏകദേശം 385 കോടി വര്‍ഷം മുമ്പ് നെക്ടേറിയന്‍ കാലത്ത് രൂപപ്പെട്ടതാണെന്ന് അഹമ്മദാബാദ് ഐഎസ്ആര്‍ഒയിലെയും ഫിസിക്കല്‍ റിസര്‍ച്ച് ലബോറട്ടറി അഹമ്മദാബാദിയും ഗവേഷകര്‍ പറഞ്ഞു
പ്രഗ്യാന്‍ റോവര്‍ ചന്ദ്രനില്‍ മറ്റ് ദൗത്യങ്ങളൊന്നും സന്ദര്‍ശിച്ചിട്ടില്ലാത്ത സ്ഥലത്തേക്കാണ് പോയതെന്ന് ഫിസിക്കല്‍ റിസര്‍ച്ച് ലബോറട്ടറിയിലെ പ്ലാനറ്ററി സയന്‍സ് വിഭാഗം അസോസിയേറ്റ് പ്രഫസര്‍ എസ് വിജയന്‍ പറഞ്ഞു. 'മറ്റ് ദൗത്യങ്ങളൊന്നും നടന്നിട്ടില്ലാത്ത സവിശേഷ ഭൂഗര്‍ഭ സജ്ജീകരണത്തിലാണ് ചന്ദ്രയാന്‍ 3 ലാന്‍ഡിങ് സൈറ്റ്. ദൗത്യത്തിന്‌റെ പ്രഗ്യാന്‍ റോവറില്‍നിന്നുള്ള ചിത്രങ്ങളാണ് ഈ അക്ഷാംശത്തില്‍ ചന്ദ്രന്‌റെ ആദ്യ ഓണ്‍-സൈറ്റ് ചിത്രങ്ങള്‍. ചന്ദ്രന്‍ എങ്ങനെ പരിണമിച്ചുവെന്ന് ഇവ വെളിപ്പെടുത്തുന്നു' അദ്ദേഹം പിടിഐയോട് പറഞ്ഞു.
ഒരു ഛിന്നഗ്രഹം മറ്റൊരു വലിയ ഗ്രഹത്തില്‍ ഇടിക്കുമ്പോള്‍ ഒരു ഗര്‍ത്തം രൂപപ്പെടുന്നു. സ്ഥാനഭ്രംശം സംഭവിച്ച പദാര്‍ഥത്തെ ഇജെക്ട എന്ന് വിളിക്കുന്നു. ചന്ദ്രനിലെ ഏറ്റവും വലുതും അറിയപ്പെടുന്നതുമായ ഇംപാക്ട് ബേസിനായ ദക്ഷിണ ധ്രുവ എയ്‌റ്റെകെന്‍ ബേസിനില്‍നിന്ന് പുറത്തേക്ക് വലിച്ചെറിയപ്പെട്ട വസ്തുക്കളോ അല്ലെങ്കില്‍ ഇജെക്ടയുടെയോ കീഴിലാണ് ഗര്‍ത്തത്തിന്‌റെ പകുതിയെന്നും ചന്ദ്രന് എങ്ങനെ പരിണാമം സംഭവിച്ചുവെന്ന ചിത്രങ്ങള്‍ വെളിപ്പെടുത്തുന്നു.
300 കിലോമീറ്ററിലധികം വ്യാസമുള്ള ഒരു സങ്കീര്‍ണ ഗര്‍ത്തമാണ് ഇംപാക്ട് ബേസിന്‍, അതേസമയം ഒരു ഗര്‍ത്തം 300 കിലോമീറ്ററില്‍ താഴെ വ്യാസമുള്ളതാണ്. ഏകദേശം 160 കിലോമീറ്റര്‍ വ്യാസമുള്ള ഒരു ഗര്‍ത്തത്തില്‍ ഇറങ്ങിയതായി അര്‍ധവൃത്താകൃതിയിലുള്ള ഘടനയായി ചിത്രത്തില്‍ കണ്ടെത്തി.
ദൗത്യത്തില്‍ നിന്നും ഉപഗ്രഹങ്ങളില്‍ നിന്നുമുള്ള ചിത്രങ്ങള്‍ ഒരുമിച്ച് ചന്ദ്രയാന്‍ 3 ലാന്‍ഡിങ് സൈറ്റില്‍ ചന്ദ്രന്‌റെ വിവിധ ഭാഗങ്ങളില്‍നിന്ന് നിക്ഷേപിച്ച വസ്തുക്കളുണ്ടെന്ന് കാണിക്കുന്നതായി വിജയന്‍ പറഞ്ഞു.
2023 ഓഗസ്റ്റ് 23നാണ് ചന്ദ്രന്‌റെ ദക്ഷിണധ്രുവത്തില്‍ ചന്ദ്രയാന്‍ സോഫ്റ്റ് ലോഞ്ചിങ് നടത്തിയത്. ചന്ദ്രന്‌റെ തെക്കുഭാഗത്ത് ഇറങ്ങിയ ഒരേഒരു ദൗത്യമാണിത്. ലാന്‍ഡിങ് പോയിന്‌റിനെ ശിവശക്തി പോയിന്‌റ് എന്നാണ് വിശേഷിപ്പിക്കുന്നത്.