ചന്ദ്രയാന്‍ ദൗത്യത്തിന് ഇന്ന് നിര്‍ണായകം; ട്രാന്‍സ് ലൂണാര്‍ ഇന്‍ജെക്ഷനൊരുങ്ങി ഐഎസ്ആർഒ

ചന്ദ്രയാന്‍ ദൗത്യത്തിന് ഇന്ന് നിര്‍ണായകം; ട്രാന്‍സ് ലൂണാര്‍ ഇന്‍ജെക്ഷനൊരുങ്ങി ഐഎസ്ആർഒ

ഭൂമിയെ വലയംവയ്ക്കുന്നത് അവസാനിപ്പിച്ച് ചന്ദ്രനിലേക്കുള്ള യാത്ര തുടങ്ങുകയാണ് ഇന്ന് ചന്ദ്രയാൻ 3
Updated on
2 min read

ഐഎസ്ആര്‍ഒയ്ക്കും മൂന്നാം ചന്ദ്രയാനും ഇന്ന് നിര്‍ണായക ദിനം. ഭൂമിയെ വലയംവയ്ക്കുന്നത് അവസാനിപ്പിച്ച് ചന്ദ്രനിലേക്കുള്ള യാത്ര തുടങ്ങുകയാണ് ഇന്ന് ചന്ദ്രയാൻ 3. അര്‍ധരാത്രി 12 മണിക്ക് ശേഷമാണ് നിര്‍ണായകമായ ട്രാന്‍സ് ലൂണാര്‍ ഇന്‍ജെക്ഷന്‍.

ജൂലൈ 14 ന് വിക്ഷേപണം നടന്നതിന് ശേഷം ഇത്രയും ദിവസം ഭൂഗുരുത്വ ബലത്തിന്‌റെ സ്വാധീനത്തിലായിരുന്നു ചന്ദ്രയാന്‍ 3. ആദ്യം ഭൂമിക്ക് അടുത്തുള്ള പാര്‍ക്കിങ് ഓര്‍ബിറ്റിലില്‍ പരിക്രമണം നടത്തിയ പേടകം, പിന്നീട് ഘട്ടംഘട്ടമായി ഭൂമിയില്‍ നിന്ന് ദൂരെയുള്ള ഭ്രമണപഥത്തിലെത്തി. ജൂലൈ 15, 17,18, 20,25 തീയതികളിലായി അഞ്ച് തവണ ഭ്രമണപഥമുയര്‍ത്തി.

ചന്ദ്രയാന്‍ ദൗത്യത്തിന് ഇന്ന് നിര്‍ണായകം; ട്രാന്‍സ് ലൂണാര്‍ ഇന്‍ജെക്ഷനൊരുങ്ങി ഐഎസ്ആർഒ
ചന്ദ്രയാൻ 3ന്റെ അവസാന ഭ്രമണപഥമുയർത്തൽ വിജയകരം; ഇനി ട്രാൻസ് ലൂണാർ ഇൻജെക്ഷൻ

ഭൂമിക്ക് അടുത്ത ദൂരം 170 കിലോമീറ്ററും അകലെയുള്ള ദൂരം 36,500 കിലോമീറ്ററുമുള്ള ദീര്‍ഘവൃത്താകൃതിയിലുള്ള ഭ്രമണപഥമായിരുന്നു പാര്‍ക്കിങ് ഓര്‍ബിറ്റ്. ആദ്യ ഭ്രമണപഥമുയര്‍ത്തലിലൂടെ 173 കി മീ, 41,762 കി മീ പരിധിയുള്ള ഓര്‍ബിറ്റിലിലെത്തി. അഞ്ചാമത്തെയും അവസാനത്തെയും ഓര്‍ബിറ്റ് റൈസിങ്ങിലൂടെ എത്തിയത് 1,27,603 കിലോ മീറ്റര്‍, 236 കിലോമീറ്റര്‍ പരിധിയുള്ള ഭ്രമണപഥത്തില്‍. ഇവിടെ നിന്നാണ് ഭൂമിയുടെ സ്വാധീനത്തില്‍ നിന്ന് പുറത്തുകടക്കുന്നത്.

ചന്ദ്രയാൻ 3-ന്റെ യാത്ര
ചന്ദ്രയാൻ 3-ന്റെ യാത്രഐഎസ്ആർഒ

ട്രാന്‍സ് ലൂണാര്‍ ഇന്‍ജെക്ഷന്‍

പ്രൊപ്പല്‍ഷന്‍ മൊഡ്യൂള്‍, ലാന്‍ഡര്‍ മൊഡ്യൂള്‍, ലാന്‍ഡറിനകത്ത് സ്ഥിതിചെയ്യുന്ന റോവര്‍ എന്നിവയാണ് പേടകത്തില്‍ ഉളളത്. ഈ മൂന്നും ചേര്‍ന്നതിനെ സംയോജിത മൊഡ്യൂള്‍ എന്നാണ് വിളിക്കുക. പ്രൊപ്പല്‍ഷന്‍ മൊഡ്യൂളിലെ എന്‍ജിന്‍ പ്രവര്‍ത്തിപ്പിച്ചാണ് ഭ്രമണപഥമുയര്‍ത്തല്‍ നടത്തിയത്. കവണകൊണ്ട് കല്ലെറിയുന്നത് പോലെ ഇനി പേടകത്തെ ഭൂമിയുടെ ആകര്‍ഷണ വലയത്തില്‍ നിന്ന് പുറത്തെത്തിക്കുന്ന പ്രക്രിയയാണ് ട്രാന്‍സ് ലൂണാര്‍ ഇന്‍ജെക്ഷന്‍. തുടർന്ന് ലൂണാര്‍ ട്രാന്‍സ്ഫര്‍ ട്രജക്റ്ററിയിലൂടെ ചന്ദ്രന് അടുത്തേക്ക് പേടകം നീങ്ങും. ഈ സഞ്ചാരത്തിനിടെയാണ് ചന്ദ്രന്റെ ആകര്‍ഷണ വലയത്തില്‍ പേടകം എത്തുക.

ചന്ദ്രയാന്‍ ദൗത്യത്തിന് ഇന്ന് നിര്‍ണായകം; ട്രാന്‍സ് ലൂണാര്‍ ഇന്‍ജെക്ഷനൊരുങ്ങി ഐഎസ്ആർഒ
ബഹിരാകാശത്ത് അതിവേഗം നീങ്ങുന്ന പൊട്ടുപോലെ ചന്ദ്രയാന്‍ 3; അത്യപൂര്‍വ ദൃശ്യം പുറത്തുവിട്ട് പോളിഷ് ടെലസ്‌കോപ്

ടിഎൽഐയ്ക്ക് ശേഷം

ഇന്ന് അര്‍ധരാത്രിക്കും ചൊവ്വാഴ്ച പുലര്‍ച്ചെ ഒരുമണിക്കുമിടയിലാണ് ട്രാന്‍സ് ലൂണാര്‍ ഇന്‍ജെക്ഷന്‍. ഇതും പ്രൊപ്പൽഷൻ മൊഡ്യൂളിന്റെ പ്രവർത്തനത്താലാണ് സാധ്യമാക്കുന്നത്. ഓഗസ്റ്റ് അഞ്ചിന് ചന്ദ്രന് ചുറ്റുമുള്ള ഭ്രമണപഥത്തില്‍ സഞ്ചാരം തുടങ്ങും. ഘട്ടം ഘട്ടമായി ഭ്രമണപഥം താഴ്ത്തുന്ന പ്രക്രിയ പിന്നീട് നടക്കും. ഓഗസ്റ്റ് 17 ന്, ചന്ദ്രന് 100 കിലോമീറ്റര്‍ ദൂരെയുള്ള വൃത്താകൃതിയിലുള്ള ഭ്രമണപഥത്തില്‍ സഞ്ചരിക്കവെ, പ്രൊപ്പല്‍ഷന്‍ മൊഡ്യൂളില്‍ നിന്ന് ലാന്‍ഡര്‍ മൊഡ്യൂള്‍ വേര്‍പെടും. ഇതോടെ ലാന്‍ഡര്‍ ലാന്‍ഡിങ്ങിന് തയ്യാറാണ്. ഓഗസ്റ്റ് 23 വൈകുന്നേരം 5.47 നാണ് നിലവില്‍ സോഫ്റ്റ് ലാന്‍ഡിങ് നിശ്ചയിച്ചിരിക്കുന്നത്.

logo
The Fourth
www.thefourthnews.in