ചന്ദ്രയാന്‍ മൂന്ന് ലാന്‍ഡിങ്ങില്‍ അകന്നുമാറിയത് 2.06 ടണ്‍ പൊടി, വലയം രൂപപ്പെട്ടു; വിവരങ്ങള്‍ പങ്കുവച്ച് ഐ എസ് ആർ ഒ
ചന്ദ്രയാന്‍ -3 സോഫ്റ്റ് ലാൻഡിങ്ങിനിടെ ചന്ദ്രോപരിതലത്തിൽനിന്ന് വൻതോതിൽ പൊടി അകന്നുമാറിയതിന്റെയും അതേത്തുടർന്ന് മനോഹരമായ വലയം സൃഷ്ടിക്കപ്പെട്ടതിന്റെയും വിവരങ്ങൾ പങ്കുവച്ച് ഐ എസ് ആര്‍ ഒ. വിക്രം ലാൻഡർ ഇറങ്ങിയ ദക്ഷിണധ്രുവത്തിന് സമീപമുള്ള സ്ഥലത്തുനിന്ന് 108.4 ചതുരശ്ര മീറ്റര്‍ വിസ്തൃതിയില്‍ ഏകദേശം 2.06 ടണ്‍ പൊടി (എപ്പിറെഗോലിത്ത്)യാണ് അകന്നുമാറിയത്.
വിക്രം ലാൻഡർ ഇറങ്ങിയതിനെത്തുടർന്ന് ചന്ദ്രോപരിതലത്തിലുള്ള പൊടി ഉയർന്നുപൊങ്ങിയതോടെ കൗതുകകരമായ 'എജക്റ്റ ഹാലോ' (പൊടിപടലങ്ങൾ കൊണ്ടുള്ള വലയം) സൃഷ്ടിക്കപ്പെട്ടതായി ഐ എസ് ആർ ഒ സമൂഹമാധ്യമമായ എക്സിൽ അറിയിച്ചു.
ഐ എസ് ആർ ഒയുടെ ബെംഗളുരുവിലെ നാഷണൽ റിമോട്ട് സെൻസിങ് സെന്റർ ശാസ്ത്രജ്ഞരാണ് ലാൻഡറിന് ചുറ്റും രൂപപ്പെട്ട ഈ പ്രതിഭാസം നിരീക്ഷിച്ചത്. ചന്ദ്രയാൻ രണ്ട് ഓർബറ്ററിലെ ഓർബിറ്റർ ഹൈ റെസലൂഷൻ ക്യാമറ (ഒ എച്ച് ആർ സി) പകർത്തിയ ചിത്രങ്ങൾ പഠിച്ചാണ് ശാസ്ത്രജ്ഞർ ഇക്കാര്യം കണ്ടെത്തിയത്. വിക്രം ലാൻഡർ ഇറങ്ങുന്നതിന് മുൻപും ശേഷവും ഒ എച്ച് ആർ സി എടുത്ത ലാൻഡിങ് സ്ഥലത്തിന്റെ ചിത്രങ്ങൾ വിശകലനം ചെയ്താണ് കണ്ടെത്തൽ.
'എജക്റ്റ ഹാലോ'യുടെ വിശദാംശങ്ങള്‍ വ്യക്തമാക്കുന്നതിന് വേണ്ടി ഇതുസംബന്ധിച്ച് സ്വാതി സിങ്ങ്, പ്രകാശ് ചൗഹാന്‍, പ്രിയോം റോയ് തുടങ്ങിയവരെഴുതിയ ലേഖനത്തിന്റെ ലിങ്കും ഇസ്രോ പങ്കുവച്ചു. ജേണല്‍ ഓഫ് ഇന്ത്യന്‍ സൊസൈറ്റി ഓഫ് റിമോട്ട് സെന്‍സിങ്ങിലാണ് ഈ റിപ്പോര്‍ട്ട് ഉള്‍പ്പെടുത്തിയിരിക്കുന്നത്.
ഓഗസ്റ്റ് 23നാണ് ചന്ദ്രയാന്‍ മൂന്ന് ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിനടുത്തുള്ള പ്രദേശത്ത് സോഫ്റ്റ് ലാന്‍ഡിങ് നടത്തിയത്. ചന്ദ്രോപരിതലത്തിൽ ഇറങ്ങിയ വിക്രം ലാൻഡറിൽനിന്ന് പ്രഗ്യാൻ റോവർ പുറത്തുവന്ന് സഞ്ചരിച്ച് നിരവധി പരീക്ഷണങ്ങൾ നടത്തിയിരുന്നു.
ചന്ദ്രനില്‍ പകല്‍ അവസാനിക്കുന്നുതുവരെ അവിടെ പരീക്ഷണങ്ങള്‍ നടത്തിയ ലാൻഡറും റോവറും ഇതുസംബന്ധിച്ച നിരവധി വിവരങ്ങളാണ് ഭൂമിയിലേക്ക് കൈമാറിയത്. ചന്ദ്രന്റെ ദക്ഷിണധ്രുവത്തില്‍ പകല്‍ അവസാനിക്കുന്ന ഘട്ടത്തില്‍ സെപ്റ്റംബര്‍ ആദ്യം വിക്രം ലാന്‍ഡറിനെയും പ്രഗ്യാന്‍ റോവറിനെയും ഇസ്റോ സ്ലീപ്പിങ് മോഡിലേക്ക് മാറ്റിയിരുന്നു. എന്നാല്‍ പിന്നീട് ചന്ദ്രനില്‍ സൂര്യന്‍ ഉദിച്ചെങ്കിലും ലാന്‍ഡറും റോവറും ഉണര്‍ന്നില്ല.