ഇന്ന് ഉണരുമോ വിക്രം ലാന്‍ഡറും പ്രഗ്യാന്‍ റോവറും?; കൊടുംതണുപ്പ് മാറിയാല്‍ ഉടന്‍ വേക്ക് അപ്പ് കോള്‍
ചന്ദ്രോപരിതലത്തിലെ സംഭവബഹുലമായ ഒരു മാസത്തിന് ശേഷം ചന്ദ്രയാന്‍ മൂന്ന് രണ്ടാം ഘട്ടത്തിലേക്ക് പ്രവേശിക്കാനൊരുങ്ങുന്നു. ചന്ദ്രന്റെ ദക്ഷിണധ്രുവത്തില്‍ രാത്രി അവസാനിച്ച സാഹചര്യത്തില്‍ വിക്രം ലാന്‍ഡറിനെയും പ്രഗ്യാന്‍ റോവറിനെയും വീണ്ടുമുണര്‍ത്താനുള്ള ശ്രമത്തിലാണ് ഐഎസ്ആർഒ. ചന്ദ്രനിലെ താപനില മൈനസ് 50 ഡിഗ്രി സെല്‍ഷ്യസിനും മൈനസ് പത്തിനും ഇടയിൽ എത്തിയാൽ റോവറിനെയും ലാന്‍ഡറിനെയും ഉണര്‍ത്താന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ചന്ദ്രനിൽ ഇപ്പോഴും കൊടുംതണുപ്പാണ്.
കഴിഞ്ഞദിവസം ചന്ദ്രയാന്‍ ദൗത്യത്തെ സംബന്ധിച്ച് ലോക്‌സഭയില്‍ ഉയര്‍ന്ന ചര്‍ച്ചയ്ക്കിടയില്‍ കേന്ദ്ര മന്ത്രി ജിതേന്ദ്ര സിങ്ങാണ് പ്രഗ്യാന്‍ റോവറിനെയും വിക്രം ലാന്‍ഡറിനെയും ഉണര്‍ത്താനുള്ള ശ്രമങ്ങള്‍ നടത്തുന്നുണ്ടെന്ന് അറിയിച്ചത്. ഇന്ന് നമ്മള്‍ ഭൂമിയില്‍ ഉറങ്ങിക്കൊണ്ടിരിക്കുമ്പോള്‍ വിക്രമും പ്രഗ്യാനും ഒരു പക്ഷേ ചന്ദ്രനില്‍ ഉണര്‍ന്നിരിക്കുമെന്നാണ് അദ്ദേഹം അറിയിച്ചത്.
''ചന്ദ്രനില്‍ മൈനസ് 10 ഡിഗ്രിയിലേക്ക് താപനില എത്തുമ്പോള്‍ വിക്രം ലാന്‍ഡറിനും പ്രഗ്യാന്‍ റോവറിനും വേക്ക് അപ് കോള്‍ പോകുകയും ഇവ ഉണരുകയും ചെയ്യുമെന്നാണ് പ്രതീക്ഷ. ലോകത്തില്‍ തന്നെ ആദ്യമായാണ് ഇത്തരം സംഭവം. രാജ്യം വനിതാ സംവരണ ബില്ല് ആഘോഷിക്കുമ്പോള്‍ വിക്രമും പ്രഗ്യാനും ഉണരുന്നതും നമുക്ക് ആഘോഷിക്കാം. അടുത്ത മണിക്കൂറുകള്‍ക്കുള്ളില്‍ ചന്ദ്രയാന്‍ മൂന്നിന്റെ രണ്ടാം ഘട്ടം ടേക്ക് ഓഫ് ചെയ്യും. വേക്ക് അപ് കോള്‍ സജീവമാകുന്നതിനും വിക്രമും പ്രഗ്യാനും അതിനോട് പ്രതികരിക്കുന്നതിനും കാത്തിരിക്കുകയാണ്. അങ്ങനെ സംഭവിച്ച് ഭൂമിയില്‍നിന്നുള്ള ആശയവിനിമയം ആരംഭിക്കുകയും ചെയ്താല്‍ ഈ ഘട്ടം പൂര്‍ത്തിയാക്കുന്ന ലോകത്തിലെ ആദ്യത്തെ ആളുകള്‍ നമ്മളായിരിക്കും'' അദ്ദേഹം പറഞ്ഞു.
ഓഗസ്റ്റ് 23നാണ് പ്രഗ്യാന്‍ ചന്ദ്രനിലെ ദക്ഷിണധ്രുവത്തിലേക്ക് പ്രവേശിച്ചത്. ചന്ദ്രയാന്‍ മൂന്നിന്റെ പ്രാഥമിക ലക്ഷ്യമായ വിക്രം ലാൻഡറിന്റെ സോഫ്റ്റ് ലാന്‍ഡിങ്ങും പ്രഗ്യാൻ റോവറിനെ ചന്ദ്രോപരിതലത്തിൽ സഞ്ചരിപ്പിക്കുന്നതും വിജയകരമായി പൂര്‍ത്തിയാക്കിയിരുന്നു. തുടർന്ന് ചന്ദ്രനിൽ പകൽ അവസാനിക്കുന്നുതുവരെ അവിടെ പരീക്ഷണങ്ങള്‍ നടത്തി വിവരങ്ങള്‍ ഭൂമിയിലേക്ക് കൈമാറുകയും ചെയ്തു. ചന്ദ്രന്റെ ദക്ഷിണധ്രുവത്തില്‍ പകല്‍ അവസാനിക്കുന്ന ഘട്ടത്തിലാണ് ഈ മാസം ആദ്യം വിക്രം ലാന്‍ഡറിനെയും പ്രഗ്യാന്‍ റോവറിനെയും ഇസ്‌റോ സ്ലീപ്പിങ് മോഡിലേക്ക് മാറ്റിയത്.
ചന്ദ്രന്റെ ദക്ഷിണധ്രുവത്തില്‍ ഏകദേശം മൈനസ് 200 ഡിഗ്രിയില്‍ താഴെ രാത്രികാല ശൈത്യനിലയുള്ള പ്രദേശത്താണ് ചന്ദ്രയാന്‍-3 ഇറക്കിയിരിക്കുന്നത്. അത്രയും അധികം തണുപ്പിനെ നേരിടാനുള്ള സജ്ജീകരണങ്ങള്‍ ചാന്ദ്രയാന്‍ 3 ല്‍ ഒരുക്കിയിട്ടില്ല. ഈ സാഹചര്യത്തിലാണ് ലാന്‍ഡറിനെയും റോവറിനെയും ഐഎസ്ആര്‍ഒ 'ഉറക്കിയത്.'
ഒരു ചാന്ദ്രദിനത്തിനപ്പുറം ആയുസ് ലക്ഷ്യമിട്ടല്ല ചന്ദ്രയാന്‍ 3 നിര്‍മിച്ചത്. എങ്കിലും ചന്ദ്രയാന്‍ 3 പ്രധാനലക്ഷ്യങ്ങള്‍ കൈവരിച്ച സാഹചര്യത്തില്‍ ലാന്‍ഡറിന്റെയും റോവറിന്റെയും ആയുസ് വര്‍ധിപ്പിക്കാനുള്ള സാധ്യതകള്‍ ഐഎസ്ആര്‍ഒ തേടുകയായിരുന്നു. അതനുസരിച്ചാണ് സൂര്യാസ്തമയത്തിന് അല്പം മുന്‍പ് എല്ലാ ഉപകരണങ്ങളുടെയും പ്രവര്‍ത്തനം നിര്‍ത്തുകയും സ്ലീപിങ്മോഡിലേക്ക് മാറ്റുകയും ചെയ്തത്.
ലാന്‍ഡറിലെയും റോവറിലെയും ബാറ്ററികള്‍ പൂര്‍ണമായി ചാര്‍ജായശേഷം ഉപകരണങ്ങള്‍ പ്രവര്‍ത്തിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. സ്ലീപ്പിങ് മോഡിലാക്കുന്നതിന് മുന്‍പേ രണ്ടിന്റെയും സൗരോര്‍ജ പാനലുകള്‍ സൂര്യപ്രകാശം എത്തുന്ന ദിക്കിലേക്ക് ക്രമീകരിച്ചിരുന്നു.