സാധാരണ പൗരനെ ആദ്യമായി ബഹിരാകാശത്തേക്കയച്ച് ചൈന; 2030ന് മുൻപ് മനുഷ്യരെ ചന്ദ്രനിലെത്തിക്കാൻ പദ്ധതി
ഇതാദ്യമായി ഒരു സാധാരണ പൗരനെ ബഹിരാകാശ നിലയത്തിലേക്ക് അയച്ച് ചൈന. ജിയുക്വാൻ വിക്ഷേപണ കേന്ദ്രത്തിൽനിന്ന് ചൊവ്വാഴ്ച രാവിലെ പ്രാദേശിക സമയം 9.30ഓടെയായിരുന്നു ഷെൻഷൗ 16ന്റെ വിക്ഷേപണം. ബീജിങ് എയറോനോട്ടിക്‌സ് ആൻർ് ആസ്‌ട്രനോട്ടിക്‌സ് സർവകലാശാലയിലെ പ്രൊഫസർ ഗുയി ഹായ്ചാവോ ആണ് സൈന്യത്തിന്റെ ഭാഗമല്ലാത്ത ആൾ.
ആദ്യമായാണ് സൈന്യത്തിന് പുറത്തുനിന്നുള്ള ഒരു ചൈനീസ് പൗരൻ ബഹിരാകാശത്തേക്ക് യാത്ര നടത്തുന്നത്. നേരത്തെ ചൈന ബഹിരാകാശ നിലയത്തിലേക്ക് അയച്ചവരെല്ലാം രാജ്യം ഭരിക്കുന്ന കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സൈനിക വിഭാഗമായ പീപ്പിൾസ് ലിബേറഷൻ ആർമിയുടെ ഭാഗമായിട്ടുള്ളവരായിരുന്നു. ഗുയിയെ കൂടാതെ മൂന്നുതവണ ബഹിരാകാശത്തെത്തിയ സൈനിക കമാൻഡൺ ജിങ് ഹയ്പിങ്ങും എൻജിനീയറായ ഷു യാങ്ഷുവും ദൗത്യത്തിലുണ്ട്.
2030ന് മുൻപ് മനുഷ്യരെ ചന്ദ്രനിലേക്ക് എത്തിക്കുകയാണ് ലക്ഷ്യമെന്ന് ചൈനീസ് മാൻഡ് സ്പേസ് ഏജൻസി ഡെപ്യൂട്ടി ഡയറക്ടർ ലിൻ ഷിഖ്വിയാങ് അറിയിച്ചു. ചന്ദ്രോപരിതലത്തിൽ ഹ്രസ്വകാല താമസത്തിനും മനുഷ്യ-റോബോട്ടിക് സംയുക്ത പര്യവേക്ഷണത്തിനും ചൈന തയ്യാറെടുക്കുകയാണെന്നും ലിൻ പറഞ്ഞു. എന്നാൽ പദ്ധതി സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
വിക്ഷേപണം പൂർണ വിജയമായിരുന്നുവെന്നും ബഹിരാകാശയാത്രികർ സുരക്ഷിതരാണെന്നും ജിയുക്വാൻ സാറ്റലൈറ്റ് ലോഞ്ച് സെന്റർ ഡയറക്ടർ സൂ ലിപെങ് പറഞ്ഞു. ആറ് മാസത്തെ ദൗത്യം പൂർത്തിയാക്കിയ ശേഷം സംഘം നാട്ടിലേക്ക് മടങ്ങും. കമാൻഡർ ജിങ് ഹൈപെങ് ആണ് ക്രൂവിനെ നയിക്കുന്നത്.
ബഹിരാകാശനിലയത്തിലെ ശാസ്ത്ര ഗവേഷണ പരീക്ഷണ ഉപകരണങ്ങൾ കൈകാര്യം ചെയ്യുകയെന്നതാണ് ഗുയിയുടെ ദൗത്യം. നവംബറിൽ ബഹിരാകാശ നിലയത്തിലെത്തിയ ഷെൻഷൗ 15ലെ മൂന്നംഗ സംഘത്തിന് പകരമായാണ് ഷെൻഷൗ 16ലെ ബഹിരാകാശയാത്രികർ എത്തുന്നത്. 2021 മുതൽ ടിയാങ്കോങ് ബഹിരാകാശ നിലയത്തിലേക്കുള്ള അഞ്ചാമത്തെ മനുഷ്യ ദൗത്യമാണിത്.
ബഹിരാകാശ രംഗത്ത് അമേരിക്കയോട് മത്സരിക്കാനുള്ള കടുത്ത ശ്രമത്തിലാണ് ചൈന. 2025 ഓടെ ചന്ദ്രനിലേക്ക് രണ്ടാമത്തെ മനുഷ്യനെ അയയ്ക്കാൻ അമേരിക്കയുടെ ബഹിരാകാശ ഏജൻസിയായ നാസ ലക്ഷ്യമിടുന്ന സാഹചര്യത്തിലാണ് ചൈനയുടെ പുതിയ നീക്കം. 2011ൽ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽനിന്ന് ഒഴിവാക്കിയതിന് ശേഷം കഴിഞ്ഞ വർഷം അവസാനത്തോടെയാണ് ടിയാൻഗോങ് എന്ന പേരിൽ ചൈന സ്വന്തമായി ബഹിരാകാശ നിലയം നിർമിച്ചത്. നവംബറിലാണ് ടിയാൻഗോങ്ങ് പ്രവർത്തനസജ്ജമായത്. ചന്ദ്രനിൽ ഗവേഷണ കേന്ദ്രം സ്ഥാപിക്കാനും ചൈനയ്ക്ക് പദ്ധതിയുണ്ട്.