'80000 വർഷങ്ങൾക്ക് ശേഷം;' നൂറ്റാണ്ടിന്റെ വാൽനക്ഷത്രത്തെ ഭൂമിയിൽനിന്ന് കാണാം, അറിയേണ്ടതെല്ലാം
ആദിമ മനുഷ്യവിഭാഗമായ നിയാണ്ടർത്താലുകൾ ജീവിച്ചിരുന്ന കാലത്ത് അവസാനമായി ദൃശ്യമായ വാൽനക്ഷത്രം, വീണ്ടും ഭൂമിക്ക് സമീപത്തേക്ക്. 80,000 വർഷങ്ങൾക്ക് മുൻപായിരുന്നു അവസാനമായി കോമെറ്റ് എ3 എന്ന വാൽനക്ഷത്രം ഭൂമിയിൽനിന്ന് നഗ്നനേത്രങ്ങൾകൊണ്ട് ദൃശ്യമായത്. ഇത് വീണ്ടും സാധ്യമാകുന്നുവെന്ന ആകാംക്ഷയിലാണ് ശാസ്ത്രലോകം. ശനിയാഴ്ചയാണ് ധൂമകേതു ഭൂമിയുടെ ഏറ്റവും അടുത്തെത്തുക.
'നൂറ്റാണ്ടിന്റെ വാല്‍നക്ഷത്രം' എന്നറിയപ്പെടുന്ന കോമെറ്റ് എ3 ആണ് എണ്‍പതിനായിരം ദശാബ്ദങ്ങൾക്ക് ശേഷം ഭൂമിക്ക് സമീപത്തേക്ക് എത്തുന്നത്. 2023 ജനുവരിയിലാണ് ഈ ധൂമകേതുവിനെ കുറിച്ചുള്ള വിവരങ്ങൾ ശാസ്ത്രലോകത്തിന് ലഭിക്കുന്നത്. തെക്കൻ അർദ്ധഗോളത്തിലെ നക്ഷത്ര നിരീക്ഷകർ ഇതിനകം ധൂമകേതു എ3 കണ്ടിട്ടുണ്ട്. എന്നാൽ ഉടൻ വടക്കൻ അർദ്ധഗോളത്തിലും കാണാൻ കഴിയുമെന്ന് റോയൽ ആസ്ട്രോണമിക്കൽ സൊസൈറ്റി പറഞ്ഞു. ഒക്ടോബർ 12നും 30നും ഇടയിൽ ആളുകൾക്ക് ബൈനോക്കുലറുകൾ ഉപയോഗിച്ചോ നഗ്നനേത്രങ്ങൾ കൊണ്ടോ കോമെറ്റ് എ3 കാണാൻ കഴിഞ്ഞേക്കും.
സൂര്യാസ്തമയത്തിന് ശേഷം ഭൂമിയുടെ പടിഞ്ഞാറ് ദിശയിലാകും വാൽനക്ഷത്രം പ്രത്യക്ഷപ്പെടുക. വളരെയധികം നീളമുള്ള വാലാണ് കോമെറ്റ് എ3യുടെ പ്രത്യേകത. ഒരു ഡി എസ് എൽ ആർ കാമറ ഉപയോഗിച്ച് വാൽനക്ഷത്രത്തിന്റെ ചിത്രമെടുക്കാൻ സാധിച്ചേക്കുമെന്നും ശാസ്ത്രലോകം പറയുന്നു. ഭൂമിയിൽനിന്ന് ഏകദേശം 44 ദശലക്ഷം മൈൽ ദൂരത്താകും കോമെറ്റ് എ3 എത്തുക. ഭൂമി ഉൾപ്പെടുന്ന സൗരയൂഥത്തെ ചുറ്റിപ്പറ്റിയുള്ള ഭീമാകാരമായ ഗോളാകൃതിയിലുള്ള ഷെല്ലായ ഊർട്ട് ക്ലൗഡിൽനിന്നാണ് കോമെറ്റ് എ3യുടെ വരവ്.