കുതിച്ചുയരാൻ ഒരുങ്ങി ചന്ദ്രയാൻ 3; ശ്രീഹരിക്കോട്ടയിൽ കൗണ്ട് ഡൗൺ തുടങ്ങി

കുതിച്ചുയരാൻ ഒരുങ്ങി ചന്ദ്രയാൻ 3; ശ്രീഹരിക്കോട്ടയിൽ കൗണ്ട് ഡൗൺ തുടങ്ങി

ഇരുപത്തിയഞ്ചര മണിക്കൂർ കൗണ്ട് ഡൗൺ പൂർത്തിയാക്കി വെള്ളിയാഴ്ച ഉച്ചയ്ക്ക് 2.35 ന് ചന്ദ്രയാൻ 3 യാത്ര തിരിക്കും
Published on

ഇന്ത്യയുടെ മൂന്നാമത്തെ ചാന്ദ്ര ദൗത്യത്തിനുള്ള കൗണ്ട് ഡൗൺ ആരംഭിച്ചു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്‌പേസ് സെന്ററിൽ വെള്ളിയാഴ്ച നടക്കാനിരിക്കുന്ന ദൗത്യത്തിനുള്ള 25 മണിക്കൂർ 30 മിനിട്ട് കൗണ്ട് ഡൗൺ വ്യാഴാഴ്ച ഉച്ചയ്ക്ക് 1.05നാണ് തുടങ്ങിയത്.

വെള്ളിയാഴ്ച ഉച്ചയ്ക്ക് 2.35ന് ചന്ദ്രയാൻ -3 പേടകവുമായി വിക്ഷേപണ വാഹനമായ എൽവിഎം 3 റോക്കറ്റ് കുതിച്ചുയരും. വരുന്ന 25.5 മണിക്കൂറിനുള്ളിൽ റോക്കറ്റിൽ ഇന്ധനം നിറയ്ക്കുന്ന പ്രക്രിയ നടക്കും. ക്രയോജനിക് സാങ്കേതിക വിദ്യ ഉപയോഗിച്ച് പ്രവർത്തിക്കുന്ന റോക്കറ്റിൽ ഇന്ധനം നിറയ്ക്കുന്ന ഘട്ടം അതിനിർണായകമാണ്.

വിക്ഷേപണം നടന്ന് 16  മിനുട്ടിനുള്ളിൽ  പേടകം ഭൂമിയുടെ ഭ്രമണപഥത്തിൽ എത്തിച്ചേരും

കൗണ്ട് ഡൗൺ വിജയകരമായി പൂർത്തിയായാൽ മുൻ നിശ്ചയിച്ച പ്രകാരം ചന്ദ്രയാൻ -3 ആകാശത്തിലേക്ക് കുതിക്കും. വിക്ഷേപണം നടന്ന് 16  മിനുട്ടിനുള്ളിൽ  പേടകം ഭൂമിയുടെ ഭ്രമണപഥത്തിൽ എത്തിച്ചേരും. ഭൂമിയിൽ നിന്ന് ഏറ്റവും കുറഞ്ഞ ദൂരമായ  170 കിലോമീറ്ററും കൂടിയ ദൂരമായ 36,500  കിലോമീറ്റർ അകലെയും വരുന്ന പാർക്കിങ് ഓർബിറ്റിലാണ് ( ഭ്രമണപഥത്തിലെ താത്ക്കാലിക ഇടം ) പേടകത്തെ നിർത്തുക. തുടർന്ന് ഘട്ടം ഘട്ടമായി പരിക്രമണ പാത ഉയർത്തി ഭൂമിയിൽ നിന്ന് ചന്ദ്രനിലേക്ക്  പേടകത്തെ എത്തിക്കും.

അഞ്ച് തവണകളായാണ് ഈ പ്രക്രിയ നടക്കുക. ഈ ഘട്ടം പിന്നിടുമ്പോഴേക്കും ചന്ദ്രയാൻ 3 പേടകം ഭൂമിയുടെ പരിക്രമണ പാത വിട്ട് ചന്ദ്രന്റെ പരിക്രമണ പാതയിലേക്ക് പ്രവേശിക്കും. ഈ ഘട്ടവും ബഹിരാകാശ ശാസ്ത്രജ്ഞരെ സംബന്ധിച്ചിടത്തോളം വളരെ നിർണായകമാണ്. ലാൻഡർ പേടകം ചന്ദ്രനിൽ ഇറക്കുന്നതിനായി ചന്ദ്രന്റെ ഭ്രമണപഥത്തിലൂടെ സഞ്ചാരം തുടങ്ങും. എട്ട് ഘട്ടങ്ങളായി ഭ്രമണപഥം താഴ്ത്തിയാണ് പേടകം ചന്ദ്രോപരിതലത്തിൽ നിന്ന് 100 കിലോമീറ്റർ ദൂരെയുള്ള വൃത്താകൃതിയിലുള്ള ഭ്രമണപഥത്തിൽ എത്തുന്നത്.

കുതിച്ചുയരാൻ ഒരുങ്ങി ചന്ദ്രയാൻ 3; ശ്രീഹരിക്കോട്ടയിൽ കൗണ്ട് ഡൗൺ തുടങ്ങി
അഭിമാനമാകാൻ ചന്ദ്രയാൻ-3; കാത്തിരിപ്പിൽ രാജ്യം

ഈ ഭ്രമണപഥത്തിൽ എത്തി കഴിഞ്ഞാലാണ് നിർണായകമായ സോഫ്റ്റ് ലാൻഡിങ് പ്രക്രിയ. ദൗത്യ പേടകത്തിന്റെ ഭാഗമായ പ്രൊപ്പൽഷൻ മൊഡ്യുളിൽ നിന്ന് വേർപെടുന്ന ലാൻഡറും റോവറും ചന്ദ്രോപരിതലത്തിൽ പതുക്കെ ഇറങ്ങുന്നതാണ് സോഫ്റ്റ് ലാൻഡിങ്. പ്രവേഗം നിയന്ത്രിച്ച് 20 മിനുട്ട് കൊണ്ട് ലാൻഡിങ് പൂർത്തിയാക്കാനാണ് പദ്ധതി.

കുതിച്ചുയരാൻ ഒരുങ്ങി ചന്ദ്രയാൻ 3; ശ്രീഹരിക്കോട്ടയിൽ കൗണ്ട് ഡൗൺ തുടങ്ങി
പ്രപഞ്ചരഹസ്യങ്ങൾ മറഞ്ഞിരിക്കുന്ന ഗർത്തങ്ങൾ; ചന്ദ്രയാൻ 3 ലാൻഡിങ്ങിന് ദക്ഷിണധ്രുവം തിരഞ്ഞെടുത്തത് എന്തുകൊണ്ട്?

കഴിഞ്ഞ ദൗത്യം പരാജയപ്പെട്ടത് ഈ ഘട്ടത്തിലായിരുന്നു. ഇത്തവണ സോഫ്റ്റ് ലാൻഡിങ് ഉറപ്പാക്കുന്ന രീതിയിലാണ് ഐഎസ്ആർഒ ദൗത്യം ആസൂത്രണം ചെയ്തിരിക്കുന്നത് . ചന്ദ്രോപരിതലത്തിൽ പര്യവേഷണം നടത്താനുള്ള റോവറുമായി ഇറങ്ങുന്ന ലാൻഡർ പേടകം തറ തൊട്ടാൽ  സോഫ്റ്റ് ലാൻഡിങ് വിജയകരമായി പൂർത്തിയാക്കുന്ന രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ ഇടം പിടിക്കും. ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽ സോഫ്റ്റ് ലാൻഡിങ് നടത്തുന്ന ആദ്യ രാജ്യമായി മാറിയേക്കാവുന്ന ഇന്ത്യക്ക് ആ ഭാഗത്തെ രഹസ്യങ്ങളുടെ ചുരുളഴിക്കാനുമാകും .

കുതിച്ചുയരാൻ ഒരുങ്ങി ചന്ദ്രയാൻ 3; ശ്രീഹരിക്കോട്ടയിൽ കൗണ്ട് ഡൗൺ തുടങ്ങി
അശോക സ്തംഭവും ഐഎസ്ആർഒ മുദ്രയും ചന്ദ്രോപരിതലത്തിൽ പതിക്കാൻ ചന്ദ്രയാൻ 3

14 ഭൗമ ദിനങ്ങൾ കൊണ്ട് പേടകം ശേഖരിക്കുന്ന വിവരങ്ങൾ ഗ്രഹാന്തര പര്യവേഷണങ്ങൾക്കും ബഹിരാകാശ ഗവേഷണങ്ങൾക്കും മുതൽക്കൂട്ടാകും. ബഹിരാകാശ ഗവേഷണ രംഗത്തെ ഭീമന്മാരായ അമേരിക്ക, റഷ്യ ഉൾപ്പടെയുള്ള ലോകരാജ്യങ്ങൾ ഉറ്റു നോക്കുന്ന ദൗത്യത്തിനാണ് ഇന്ത്യ നാളെ ഒരുങ്ങുന്നത്. നാൽപത് ദിവസത്തോളം യാത്ര ചെയ്ത് ഓഗസ്ററ് 23, 24 തീയതികളിൽ ആയിരിക്കും പേടകം  ചന്ദ്രോപരിതലത്തിൽ ഇറങ്ങുക. അന്ന് ലാൻഡിങ്ങിന് അനുകൂല സാഹചര്യമല്ലെങ്കിൽ സെപ്റ്റംബർ ആദ്യവാരത്തിൽ ശ്രമിക്കാനാണ് ഐഎസ്ആർഒ തീരുമാനിച്ചിരിക്കുന്നത് .

logo
The Fourth
www.thefourthnews.in