നെപ്റ്റ്യൂണിനപ്പുറമുള്ള കുള്ളൻ ഗ്രഹത്തിന് ചുറ്റും അപൂർവ വലയം; വിശദീകരിക്കാനാവാതെ ശാസ്ത്രലോകം
ക്വാവർ കുള്ളൻ ഗ്രഹത്തിന് ചുറ്റുമുള്ള വലയം ശാസ്ത്ര ലോകത്തെ അദ്ഭുതപ്പെടുത്തുകയാണ്. യൂറോപ്പിന്റെ ക്യാരക്ടറൈസിങ് എക്‌സോപ്ലാനെറ്റ് സാറ്റ്‌ലൈറ്റ് (Cheops) ദൗത്യമാണ് പുതിയ കണ്ടെത്തൽ നടത്തിയത്. സൗരയൂഥത്തിൽ നെപ്റ്റ്യൂണിനപ്പുറം സ്ഥിതി ചെയ്യുന്ന ആകാശ ഗോളമാണ് ക്വാവർ. ക്വാവറിന് ചുറ്റും വലിയ വലയമാണ് ദൗത്യം കണ്ടെത്തിയിരിക്കുന്നത്. പൊടിപടലങ്ങൾ പോലെ കാണപ്പെടുന്ന വലയം ക്വാവറിന്റെ റോഷേ പരിധിക്ക് പുറത്താണ് എന്നതാണ് ശാസ്ത്രലോകത്തിന് അദ്ഭുതമാകുന്നത്.
ഒരു പ്രപഞ്ച വസ്തുവിന് മറ്റൊരു വസ്തുവിന്റെ സഞ്ചാര വേഗത്തെ നിഷ്പ്രഭമാക്കി, സ്വന്തം ഗുരുത്വാകര്‍ഷണ വലയത്തില്‍ അകപ്പെടുത്തുന്നതിന് സാധ്യമായ പരമാവധി ദൂരമാണ് റോഷെ പരിധി. സാധാരണ റോഷെ പരിധിക്ക് അകത്താണ് ആകാശ ഗോളങ്ങള്‍ക്ക് ചുറ്റും വലയങ്ങള്‍ കാണപ്പെടുന്നത്.
ക്വാവറിന്റെ കേന്ദ്രത്തിൽ നിന്ന് 4,100 കിലോമീറ്റർ അകലെയാണ് വലയം സ്ഥിതി ചെയ്യുന്നത്. 8,200 കിലോമീറ്ററാണ് അതിന്റെ വ്യാസം. എന്തുകൊണ്ട് ഇങ്ങനെ ഒരു വലയം രൂപപ്പെട്ടു? എന്തുകൊണ്ട് ഈ പദാർഥങ്ങൾ ചേർന്ന് ഒരു ഉപഗ്രഹം രൂപപ്പെട്ടില്ല? ഇങ്ങനെ നിരവധി ചോദ്യങ്ങൾ ഉയരുകയാണ്. ഒന്നിനും കൃത്യമായ മറുപടി ശാസ്ത്രകാരന്മാർക്ക് ഇല്ല. ഒരിക്കലും ഒരു വലയം രൂപപ്പെടാൻ സാധ്യതയില്ലാത്ത ഇടത്താണ് ഇത് കണ്ടെത്തിയതെന്ന് ശാസ്ത്ര പ്രസിദ്ധീകരണമായ നേച്ചറിൽ, ജ്യോതിശാസ്ത്രജ്ഞനായ ബ്രൂണോ മൊർഗാദോ പറഞ്ഞു.
2018 നും 2021 നും ഇടയിൽ നടത്തിയ പഠനത്തിന്റെ ഫലമായാണ് ഈ വലയം കണ്ടെത്തിയത്. പഠനത്തിനായി ഭൂമിയിലുള്ള ദൂരദർശിനികളും ബഹിരാകാശ ദൂരദർശിനിയായ ചിയോപ്സും ഉപയോഗിച്ചു. ശാസ്ത്രജ്ഞർ ഗ്രഹത്തെ നിരീക്ഷിച്ചത്. വിദൂര നക്ഷത്രങ്ങളെ കടന്നു പോകുമ്പോൾ അവയിൽ നിന്നുള്ള പ്രകാശത്തെ ക്വാവർ തടസപ്പെടുത്തുന്നതായി കണ്ടെത്തുകയായിരുന്നു. ക്വാവര്‍ രൂപപ്പെട്ട പ്രക്രിയയ്ക്കിടയിലോ, മറ്റ് ആകാശവസ്തുവുമായി കൂട്ടിയിടിച്ചത് മൂലമുണ്ടായ അവശിഷ്ടങ്ങള്‍ ഒന്ന് ചേര്‍ന്നത് മൂലമോ ഇതുപോലെയുള്ള വലയം ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്.
നെപ്റ്റ്യൂണിന് പുറത്തുള്ള ട്രാന്‍സ് നെപ്റ്റ്യൂണ്‍ ഒബ്ജറ്റില്‍ ഉള്‍പ്പെടുന്നതാണ് ക്വാവര്‍. പ്ലൂട്ടോയും ഈറിസുമാണ് ഈ ഭാഗത്ത് കാണപ്പെടുന്ന ഏറ്റവും വലിയ ആകാശ ഗോളങ്ങള്‍. ട്രാന്‍സ് നെപ്റ്റ്യൂണ്‍ വസ്തുക്കളില്‍ വലിപ്പത്തിന്‌റെ കാര്യത്തില്‍ ഏഴാമതാണ് ക്വാവര്‍.
2002 ലാണ് കുഞ്ഞന്‍ ഗ്രഹമായ ക്വാവറിനെ കണ്ടെത്തുന്നത്. കുള്ളന്‍ ഗ്രഹമായാണ് ഈ ആകാശവസ്തുവിനെ കണക്കാക്കുന്നത് എങ്കിലും ഇന്റര്‍നാഷണല്‍ ആസ്ട്രണോമിക്കല്‍ യൂണിയന്‍ ഇതുവരെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. 1,110 കിലോമീറ്റര്‍ വ്യാസമുള്ള ക്വാവറിന് ചന്ദ്രന്റെ മൂന്നില്‍ ഒന്ന് വലിപ്പമാണ് ഉള്ളത്. അതായത് പ്ലൂട്ടോയുടെ പകുതി വലിപ്പം. വെയ്വൂട്ട് എന്ന പേരില്‍ ഒരു ഉപഗ്രഹവും ക്വാവറിനെ ചുറ്റുന്നുണ്ട്. 170 കിലോമീറ്റര്‍ മാത്രം വ്യാസമുള്ള വെയ്വൂട്ട് ഇപ്പോള്‍ കണ്ടെത്തിയ വലയത്തിനും പുറത്താണ് സ്ഥിതി ചെയ്യുന്നത്.