ഭൂമിയുടെ ഭ്രമണപഥത്തിലേക്ക് ഒരു 'കുഞ്ഞൻ ചന്ദ്ര'നെത്തും; രണ്ടുമാസം വലയം വയ്ക്കുമെന്നും ശാസ്ത്രലോകം
സെപ്റ്റംബർ മാസാവസാനത്തോടെ ഭൂമിക്ക് ഒരു കുഞ്ഞ് ചന്ദ്രനെ കൂടി ലഭിക്കുമെന്ന് പഠനം. ചന്ദ്രനെ പോലെ വലം വയ്ക്കുന്ന സ്വാഭാവിക ഉപഗ്രഹം ഏകദേശം രണ്ടുമാസത്തോളം ഭൂമിയുടെ ഭ്രമണപഥത്തിലുണ്ടാകുമെന്നും ശാസ്ത്രലോകം പറയുന്നു. സെപ്റ്റംബർ 29 മുതൽ നവംബർ 25 വരെയാകും ഈ പ്രതിഭാസം ഉണ്ടാകുക. "മിനി-മൂൺ ഇവൻ്റുകൾ" എന്ന് വിളിക്കപ്പെടുന്ന ഈ പ്രതിഭാസത്തെക്കുറിച്ച് പഠിക്കുന്ന ശാസ്ത്രജ്ഞരുടെ ഒരു സംഘമാണ് ഇതേപ്പറ്റിയുള്ള വിവരങ്ങൾ പുറത്തുവിട്ടത്.
ഏകദേശം ഒരു സിറ്റി ബസിൻ്റെ നീളമുള്ള ഛിന്നഗ്രഹം 'അർജുന' എന്ന ഛിന്നഗ്രഹ ബെൽറ്റിലെ അംഗമാണ്. ഇതിനെ ഭൂമിയുടെ ഗുരുത്വാകർഷണം ഭ്രമണപഥത്തിലേക്ക് പിടിച്ചെടുക്കും. തുടർന്ന് രണ്ട് മാസത്തേക്ക് ഭൂമിയെ പരിക്രമണം ചെയ്യുന്ന ഛിന്നഗ്രഹം ഒരു 'കുഞ്ഞ് ചന്ദ്രൻ' ആയി മാറുമെന്നാണ് പഠനം ചൂണ്ടിക്കാട്ടുന്നത്. ഭൂമിയുടേതിന് സമാനമായ ഭ്രമണപഥമുള്ള ബഹിരാകാശ പാറകൾ കൊണ്ട് നിർമിതമായ ദ്വിതീയ ഛിന്നഗ്രഹ വലയമാണ് അർജുന.
പുതുതായി ഭൂമിയുടെ ഭ്രമണപഥത്തിൽ പ്രവേശിക്കുന്ന ഛിന്നഗ്രഹത്തിന് ഏകദേശം പത്ത് മീറ്റർ നീളമാകും ഉണ്ടാകുക. 3474 കിലോമീറ്റർ വ്യാസമുള്ള ചന്ദ്രനുമായി താരതമ്യപ്പെടുത്തുമ്പോൾ വളരെ ചെറുതാണിത്. സാധാരണ ദൂരദർശിനികളാലും ബൈനോക്കുലറുകൾ ഉപയോഗിച്ചും ഈ വസ്തുവിനെ കാണുക പ്രസായമാകും. അതേസമയം, അതിന്റെ പ്രകാശം സാധാരണ ടെലിസ്കോപ്പുകളുടെ പരിധിക്കുള്ളിലാണ്.
അർജുന ബെൽറ്റിലെ ചില ഛിന്നഗ്രഹങ്ങൾക്ക് ഭൂമിയോട് താരതമ്യേന അടുത്ത്, ഏകദേശം 4.5 ദശലക്ഷം കിലോമീറ്റർ അകലെവരെ എത്താൻ കഴിയുമെന്നാണ് ശാസ്ത്രജ്ഞർ വിശദീകരിക്കുന്നത്. ഇത് ഭൂമിയെ ചുറ്റിപ്പറ്റിയുള്ള പൂർണ ഭ്രമണപഥം പിന്തുടരില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നാസയുടെ ധനസഹായത്തോടെയുള്ള പദ്ധതി ആസ്റ്ററോയിഡ് ടെറസ്ട്രിയൽ-ഇംപാക്റ്റ് ലാസ്റ്റ് അലേർട്ട് സിസ്റ്റം (അറ്റ്‌ലസ്) ഓഗസ്റ്റ് എഴിനാണ് ഛിന്നഗ്രഹം കണ്ടെത്തിയത്.
'കുഞ്ഞൻ ചന്ദ്രൻ' പ്രതിഭാസം 2055ൽ വീണ്ടുമുണ്ടാകുമെന്നും ശാസ്ത്രജ്ഞർ കൂട്ടിച്ചേർത്തു. ഇതാദ്യമായല്ല ഇങ്ങനെയൊരു പ്രതിഭാസം ഉണ്ടാകുന്നത്. നേരത്തെ 1981ലും 2022ലും സമാന സംഭവങ്ങൾ ഉണ്ടായതായാണ് റിപ്പോർട്ടുകൾ.