കാലാവസ്ഥമാറ്റം: ഭൂമിയുടെ ഭ്രമണവേഗത കുറഞ്ഞു, ദിവസങ്ങൾക്ക് ദൈർഘ്യമേറുന്നതായും പഠനം
നിരന്തരമുണ്ടാകുന്ന കാലാവസ്ഥാമാറ്റങ്ങൾ കാരണം ഭൂമിയുടെ അച്ചുതണ്ടിനും അതിനെ ആസ്പദമാക്കിയുള്ള ഭ്രമണത്തിലും മാറ്റങ്ങളുണ്ടായിക്കൊണ്ടിരിക്കുകയാണെന്ന് പഠനങ്ങൾ. ധ്രുവപ്രദേശങ്ങളിലെ ഹിമപാളികൾ വലിയതോതിൽ ഉരുകുകയും ഭൂമധ്യരേഖയിലേക്കു കൂടുതലായി ജലം ഒഴുകിയെത്തുകയും ചെയ്യുന്നതിന്റെ ഫലമായി ഭൂമിയുടെ ഭ്രമണത്തിന്റെ വേഗത കുറഞ്ഞുവരികയും ദിവസങ്ങൾക്ക് ദൈർഘ്യമേറുകയും ചെയ്യുന്നു. സ്വിറ്റ്സർലാൻഡിലെ സൂറിച്ചിലുള്ള ഇടിഎച്ച് സർവകലാശാലയിലെ ഗവേഷകരുടേതാണ് കണ്ടെത്തൽ.
ഭൂമിയുടെ അച്ചുതണ്ടിന്മേലുള്ള ഭാരത്തിന്റെ വിന്യാസത്തിനു വ്യത്യാസം വരുന്നതുമൂലം ജഡത്വം വർധിക്കുന്നതിനാലാണ് ഭ്രമണവേഗത കുറയുന്നത്. ചൂടിന്റെ കാഠിന്യം കാരണം ധ്രുവപ്രദേശങ്ങളിലെ മഞ്ഞുപാളികൾ ഉരുകുന്നതിനാലാണ് ഭാരവിന്യാസത്തിനു കാര്യമായ വ്യത്യാസമുണ്ടാകുന്നത്.
സാധാരണയായി ചന്ദ്രന്റെ സ്വാധീനത്താലുണ്ടാകുന്ന വേലിയേറ്റവും അനുബന്ധ ഘർഷണവുമാണ് ഭൂമിയിൽ ദിവസത്തിന്റെ ദൈർഘ്യം നിശ്ചയിക്കുന്നത്. എന്നാൽ അന്തരീക്ഷതാപനില വലിയ തോതിൽ ഉയർത്തുന്ന ഹരിതഗൃഹ വാതകങ്ങളുടെ പുറന്തള്ളൽ ഇതേ രീതിയിൽ തുടരുകയാണെങ്കിൽ ദിവസങ്ങളുടെ ദൈർഘ്യം നിർണയിക്കുന്നതിൽ വേലിയേറ്റത്തെക്കാൾ സ്വാധീനമുണ്ടാകുന്ന സാഹചര്യം നിലവിൽ വരും. ഉരുകുന്ന മഞ്ഞുപാളികൾ ഭൂമിയുടെ അച്ചുതണ്ടിന്റെ സ്‌ഥാനത്തിലും മാറ്റങ്ങളുണ്ടാക്കുന്നുണ്ട്. കാലാവസ്ഥ വ്യതിയാനങ്ങൾ ഭൂമിയുടെ ഉള്ളറകളിലെ ചലനങ്ങളെയും ബാധിച്ചിരിക്കാമെന്നാണ് ഗവേഷകരുടെ നിഗമനം.
1900 മുതൽ നിരീക്ഷിക്കപ്പെടുന്ന ധ്രുവങ്ങളുടെ ചലനത്തിൻ്റെ കാരണങ്ങൾക്കു പൂർണമായ വിശദീകരണം നൽകാൻ ഈ കണ്ടെത്തലുകൾക്ക് കഴിയുമെന്നാണ് ഗവേഷകർ അഭിപ്രായപ്പെടുന്നത്. ദൈനംദിന ജീവിതത്തിൽ ഇത്തരത്തിലുള്ള മാറ്റങ്ങൾക്കു വലിയ പ്രസക്തിയില്ലെന്നു തോന്നാമെങ്കിലും ബഹിരാകാശ ഗവേഷണത്തിൽ ഇതിന്റെ സ്വാധീനം വളരെ വലുതാണ്.
ഭൂമിയുടെ ഭ്രമണത്തിലെ ചെറിയ വ്യതിയാനങ്ങൾ പോലും ഭൂമിക്ക് പുറത്തുള്ളവയുമായുള്ള ദൂരം കണക്കാക്കുന്നതിൽ വലിയ തെറ്റുകൾ വരുത്താനിടവരും. മറ്റ് ഗ്രഹങ്ങളിലേക്ക് കൃത്യമായി എത്തിച്ചേരുന്നതിനു പോലും ഇത്തരത്തിൽ ഭൂമിക്കുണ്ടാകുന്ന ചെറിയ മാറ്റങ്ങൾ കൃത്യമായി കണക്കിലെടുത്തുകൊണ്ടുള്ള കണക്കുകൂട്ടലുകൾ നിർണായകമാണ്.
മനുഷ്യന്റെ പ്രവൃത്തികൾ നമ്മുടെ ഗ്രഹത്തിന്റെ അടിസ്ഥാന ഘടനയെ പോലും ഏതളവിൽ ബാധിക്കുന്നുവെന്നതിലേക്കാണ് ഇത്തരത്തിലുള്ള ഗവേഷണങ്ങൾ വിരൽ ചൂണ്ടുന്നത്.